ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ പേരിൽ വ്യാജ റമദാൻ മത്സരം. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം റമദാൻ കോംപറ്റീഷൻ എന്ന പേരിലാണ് വ്യാജ മത്സരം നടക്കുന്നത്. ശൈഖ് മുഹമ്മദിന്‍റെ ചിത്രവും ദുരുപയോഗം ചെയ്താണ് വ്യാജൻമാർ തട്ടിപ്പിനിറങ്ങിയിരിക്കുന്നത്. റമദാൻ ക്വിസിൽ ഉത്തരം നൽകുന്നവർക്ക് 50 ലക്ഷം ഡോളർ വരെയാണ് സമ്മാനതുകയായി പ്രഖ്യാപിച്ചിരിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യുന്നവരുടെ അക്കൗണ്ട് ഹാക്ക് ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം.
സാമൂഹിക മാധ്യമങ്ങളിലൂടെ ലിങ്ക് അയച്ചാണ് തട്ടിപ്പുകാർ ഇരകളെ വലയിൽ വീഴ്ത്തുന്നത്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഒരു വെബ്സൈറ്റിലേക്ക് പോകും. ശൈഖ് മുഹമ്മദിന്‍റെ ചിത്രം സഹിതം നൽകിയിരിക്കുന്ന ഈ വെബ്സൈറ്റ് കണ്ടാൽ ഒറിജിനൽ ആണെന്ന് തോന്നും.
ഖുർആനിൽ എത്ര അധ്യായങ്ങളുണ്ട്, റമദാനിന്‍റെ നിയമം, ഖുർആൻ അവതരിച്ച മാസം തുടങ്ങിയ ചോദ്യങ്ങളാണ് ക്വിസിൽ ചോദിക്കുന്നത്. ഉത്തരം നൽകിയാൽ നമ്മുടെ പേരും നാടും ഫോൺ നമ്പറും നൽകാൻ പറയും. ഇത് നൽകുന്നതോടെ ഈ ലിങ്ക് അഞ്ച് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യാൻ നിർദേശം ലഭിക്കും. ഇതിനായി സബ്സ്ക്രൈബ് ചെയ്യാനും പറയും. സബ്സ്ക്രിപ്ഷന് വേണ്ടി നമ്മുടെ അക്കൗണ്ട് വിവരങ്ങൾ നൽകുന്നതോടെ അക്കൗണ്ടിലെ പണം പൂർണമായും നഷ്ടപ്പെടും. ഗൾഫിലെയും നാട്ടിലെയും സാമൂഹിക മാധ്യമങ്ങളിൽ ഈ ലിങ്ക് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.