"ആപ്പുകൾ ആപ്പാക്കുന്ന ലോകം"

ഭൗതിക ലോകത്തേക്ക് മനുഷ്യജീവിതത്തെ ബന്ധിപ്പിക്കുന്ന പാലമാണ് മൊബൈൽ, കേരളത്തിൽ മൊബൈൽ ഫോൺ സേവനം ആരംഭിച്ച് 25 വർഷം പിന്നിടുമ്പോൾ, സ്മാർട്ട്‌ ഫോണിന്റെ ജീവനാഡിയായി, മനുഷ്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി ആപ്പുകൾ പരിണമിച്ചിരിക്കുന്നു. ആരംഭഘട്ടത്തിൽ, ക്ലോക്കും കറൻസി കാൽക്കുലേറ്ററുമൊക്കെയായി പരിമിതപ്പെട്ട മൊബൈൽ ഫോൺ ഇന്ന് വൈവിധ്യങ്ങളുടെ മായാ പ്രപഞ്ചമാണ്. ഫോൺ, ടാബ്, വാച്ച് പോലുള്ള ഉപകരണങ്ങളിൽ പ്രവർത്തിക്കുവാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാമാണ് മൊബൈൽ ആപ്പുകൾ .

ഇന്നത്തെ അവസ്ഥ:-

എളുപ്പത്തിനും സമയ ലാഭത്തിനും കാര്യക്ഷമത, വ്യക്തിഗത സൗകര്യങ്ങൾ,പുതിയ ഉല്പന്ന വൈവിദ്ധ്യങ്ങൾ അനുഭവിക്കുന്നതിനും, ആശയവിനിമയ സമ്പൂഷ്ടതക്കും വേണ്ടി ആപ്പുകളിൽ വിഹരിക്കുന്ന ലോകത്തെയാണ് നാം കാണുന്നത് ,"എല്ലാം ഞൊടിയിടക്കുള്ളിൽ കടലാസ് രഹിതമായി "എന്ന മുദ്രാവാക്യം സർക്കാറും മറ്റ് സ്വകാര്യ ഏജൻസികളും ഏറ്റെടുത്തതോടെ ആപ്പുകൾ സമ്പന്നമായി. സാധാരണ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ 85% സമയവും ആപ്പുകളിൽ ചെലവഴിക്കുന്നു. 2017 ൽ 178 മില്യൺ ജനങ്ങളാണ് ലോകത്തെ വിവിധ ആപ്പുകൾ ഉപയോഗിച്ചതെങ്കിൽ 2021 ൽ ഇത് 45% വളർച്ച നേടി 258 ബില്ല്യൺ ആയി വർധിച്ചു. ലോകത്ത് 3 തരം ആപ്പുകളാണുള്ളത്. ഒന്ന് ഐ ഫോണിൽ ഉപയോഗിക്കുന്നത് മറ്റൊന്ന് ആൻഡ്രോയിഡ് ഫോണുകളിലും മൂന്നാമത്തേത് ഇവ രണ്ടിലും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള ആപ്പുകളുമാണ് . ഇന്ന് 442 ദശലക്ഷം ആപ്പുകൾ ലോകത്തുണ്ട്. ഓരോ മാസവും 30000 ത്തിലധികം പുതിയ ആപ്പുകൾ ഈ ഗണത്തിലേക്ക് കൂടിച്ചേരുകയും ചെയ്യുന്നു.

നമ്മുടെ ജീവിതത്തിന്റെ ഭാഗമായ മൊബൈൽഫോണിലൂടെ പെട്ടെന്നുള്ള വിവരങ്ങൾക്കും ,ആവശ്യങ്ങൾക്കും, വിനിമയത്തിനും, ജോലിഭാരം ലഘൂകരിക്കുന്നതിനും, കാര്യക്ഷമത വർദ്ധിക്കുന്നതിനും, ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും ആപ്പ് ഒരു സംസ്കാരമായി വളർന്നു പന്തലിച്ചു. ജനങ്ങൾ 88% മൊബൈൽ ആപ്പുകളിലും 12% വെബ്സൈറ്റുകളിലുമാണ് സമയം ചെലവഴിക്കുന്നത്. സാധാരണക്കാരൻ ഒരു ദിവസം 9 ആപ്പുകൾ എങ്കിലും ഉപയോഗിക്കുന്നു 30 എണ്ണം മാസത്തിൽ ഉപയോഗിക്കുന്നു. ഗൂഗിൾ മാപ്പിന് മുമ്പുള്ള ജീവിതം ഓർമ്മിക്കാനെ സാധിക്കുന്നില്ല. ദിവസവും മനുഷ്യൻ 50 തവണയെങ്കിലും ആപ്പുകൾ തുറക്കുന്നു. ആപ്പിൾ സ്റ്റോറിലെ 21.92 % വും ഗൂഗിൾ പ്ലേ സ്റ്റോറിലെ 22.96 % ആപ്പുകളും സൗജന്യമായതിനാൽ ആപ്പുകളിലേക്ക്‌ ജനങ്ങൾ അതിവേഗം സഞ്ചരിക്കുന്നു.

2010 ൽ അമേരിക്കൻ ഡയലക്ട് സൊസൈറ്റി 'വേർഡ് ഓഫ് ദി ഇയർ 'ആയി ആപ്പിനെ പട്ടികപ്പെടുത്തിയതോടെ ആപ്പുകൾക്ക് വൻ കുതിച്ചുചാട്ടം ഉണ്ടായി കണ്ണിമചിമ്മി തുറക്കുന്നതിന്റെ 400 ഇരട്ടി വേഗതയിൽ പ്രതികരിക്കുന്ന 5G, അഞ്ചാം തലമുറ നെറ്റ് കണക്ഷന്റെ കാലത്ത് 20 മുതൽ 100 ഇരട്ടി വേഗത്തിൽ വിവരങ്ങൾ ലഭിക്കുന്ന ഘട്ടത്തിൽ ആപ്പുകൾ ശരവേഗത്തിലാണ് മനുഷ്യനെ കീഴടക്കുന്നത്. "ഭാവന ബുദ്ധിയുള്ളവർക്കാണ് "എന്ന ഐൻസ്റ്റിന്റെ ആപ്തവാക്യം അന്വാർത്ഥമാക്കുന്ന ചലനങ്ങളാണ് ആപ്പുകളുടെ ലോകത്ത് നടക്കുന്നത്.1950 ൽ ഒരു കോടി ജനസംഖ്യയുള്ള നഗരങ്ങൾ ന്യൂയോർക്ക്, ടോക്കിയോ മാത്രമായിരുന്നുങ്കിൽ ഇന്ന് അത് 30തിൽ അധികമാണ്. അതിവേഗം വികസിക്കുന്ന ലോകത്തോടൊപ്പം നമ്മെ സഞ്ചരിക്കുവാൻ ആപ്പുകൾ പര്യാപ്തമാക്കുന്നു. ഏറ്റവും കൂടുതൽ വിവരശേഖരണം ഉള്ളവരാണ് വലിയ സമ്പന്നരും സ്വാധീനശക്തിയുള്ള വരുമെന്നതിനാൽ വലിയ കിടമത്സരമാണ് ആപ്പിന്റെ ലോകത്ത് നമുക്ക് കാണാൻ സാധിക്കുന്നത്.

കുട്ടികളാണ് മനുഷ്യന്റെ അച്ഛൻ (The child is the father of the man) എന്ന വില്യം വേർഡ്സ് വർത്തിന്റെ അഭിപ്രായം ശരിയായി പുലർന്ന് കുട്ടികളും യുവാക്കളുമാണ് ആപ്പിന്റെ ലോകത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നവർ. മൊബൈൽഫോൺ നമ്മുടെ ജീവിതത്തെ കീഴ്പ്പെടുത്തിയെങ്കിൽ ആപ്പുകൾ അത് പുതിയ തലത്തിലേക്ക് എത്തിച്ചു. വേഗത, ലഘൂകരണം, വ്യക്തിത്വം എന്നിവയിൽ അധിഷ്ഠിതമായി ആപ്പുകൾ ലോകജനതയെ ആശ്ചര്യപ്പെടുത്തുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന ഘട്ടത്തിൽ ആപ്പിനോടൊപ്പം ജീവിക്കുക എന്ന സാമൂഹ്യ വിദ്യാഭ്യാസം കരസ്ഥമാക്കേണ്ടതായിട്ടുണ്ട്.

സ്വകാര്യത നഷ്ടപ്പെടുന്നു :-

വെബ്സൈറ്റിനേക്കാൾ കമ്പ്യൂട്ടറിനെക്കാൾ എളുപ്പത്തിൽ മൊബൈൽ ആപ്പിലൂടെ വിവരങ്ങൾ ശേഖരിക്കുവാൻ സാധിക്കുന്നതിനാൽ എളുപ്പത്തിനും സമയം ലാഭത്തിനും ശ്രമിച്ച് എല്ലാ സ്വകാര്യതയും നഷ്ടപ്പെട്ടു പോകുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. എല്ലാം ചൂഴ്ന്നെടുക്കുന്ന സ്വഭാവം ആപ്പുകൾക്കുണ്ട്. മുൻ നിരയിൽ നിൽക്കുന്ന 95% ആൻഡ്രോയ്ഡ് ആപ്പുകളും, 80% ആപ്പിൾ ഐഫോൺ ആപ്പുകളും അപകടകാരികളാണ്.

ആപ്പുകൾ ചില അനുവാദങ്ങൾ ചോദിക്കും നിർദോഷകരമല്ല എന്ന് വിചാരിച്ച് എല്ലാത്തിനും അനുവാദം കൊടുത്താൽ സ്വകാര്യത നഷ്ടപ്പെട്ടവരായി നാം മാറുന്നു. സ്റ്റീവ് ജോബ്സിന്റെ അഭിപ്രായത്തിൽ മാനവ വികസന സൂചികയിൽ നവ രീതികളാണ് ഒരു നേതാവിനെയും അനുയായിയേയും വേർതിരിക്കുന്നത് എന്നതിനാൽ പുതിയ രീതികൾ ഉള്ള ആപ്പുകൾ തലങ്ങും വിലങ്ങും സുരക്ഷിതത്വവും സ്വകാര്യതയും നോക്കാതെ നിർബാധം പ്രത്യക്ഷപ്പെടാൻ തുടങ്ങി, ആപ്പുകൾ നാം സ്വീകരിക്കുമ്പോൾ രണ്ടുവട്ടം ആലോചിക്കണം.

ചൈനയുടെ 54 ആപ്പുകൾ രാജ്യസുരക്ഷയെ ബാധിക്കുന്നതിനാൽ ഇന്ത്യ നിരോധിച്ചത് കഴിഞ്ഞദിവസമാണ്. 2020 ന് ശേഷം 385 ചൈനീസ് ആപ്പുകളാണ് ഇന്ത്യ ഇത്തരത്തിൽ നിരോധിച്ചത് എന്ന് കാണുമ്പോൾ രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയായി ആപ്പുകൾ മാറുന്നു എന്നതിന്റെ തെളിവാകുന്നു. 82 കോടിയിലധികം ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഇന്ത്യയിൽ 44.48 കോടിയും സോഷ്യൽ മീഡിയ ഉപയോഗിക്കുകയും ശരാശരി ദിവസം 2.25 മണിക്കൂർ സോഷ്യൽ മീഡിയയിൽ ചിലവഴിക്കുകയും ചെയ്യുന്നു എന്ന് കാണുമ്പോൾ വ്യക്തി സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട ഒരു മേഖലയായി മൊബൈൽ ആപ്പ് നിർമാണമേഖല മാറിയിരിക്കുന്നു. കേരളത്തിലെ മൊബൈൽ സാന്ദ്രത 100 പേർക്ക് 95.7 ആയതിനാലും 2018 ൽ 280 സൈബർ കേസുകളിൽ ഉള്ള കേരളത്തിൽ 2021 ൽ അത് 903 ആയി വർദ്ധിച്ച ഒരു വലിയ ഭീഷണി നമുക്ക് മുൻപിൽ നിലനിൽക്കുന്നു. ആൻഡ്രോയ്ഡ് ഫോണിൽ നിന്നും 61% വിവര ചോർച്ചയും ആപ്പിൾ ഐഫോൺ നിന്ന് 36% വിവര ചോർച്ചയും ഉണ്ടായി എന്നത് ഇതിനോട് കൂട്ടി ചേർത്ത് വായിക്കാവുന്നതാണ്.

29 ശതമാനം മൊബൈൽ ആപ്പുകൾ മാത്രമേ ശരിയായ പരിശോധനകൾക്ക് ശേഷം പുറത്തു വരുന്നുള്ളൂ. ഒരു ആപ്പ് മൊബൈൽ ഫോണിൽ പ്രവേശിക്കുമ്പോൾ നാം അറിഞ്ഞോ അറിയാതെയോ ഒരു കൂട്ടം പരസ്യവും നമ്മളിലേക്ക് കടന്നു വരുന്നു. നമ്മുടെ ലൊക്കേഷൻ, ഇഷ്ടങ്ങൾ, വ്യക്തിപരമായ താൽപര്യങ്ങൾ എല്ലാം ആപ്പുകൾക്ക്‌ പെട്ടെന്ന് മനസ്സിലാകുന്നു. സാമ്പത്തിക താല്പര്യം മാത്രം മുൻനിർത്തി ഒളിച്ചു വെച്ച ഒരു പ്രവർത്തിയും ആപ്പുകളിൽ ഉണ്ടാവാൻ പാടില്ല , നമ്മൾ നൽകുന്ന വിവരങ്ങൾ ,സന്ദേശങ്ങൾ, സുരക്ഷിതമായിരിക്കണം.

ആൻഡ്രോയ്ഡ് ഫോണിലെ 61% വിവരങ്ങളും ആപ്പിൾ ഫോണിലെ 36% വിവരങ്ങളും വിദൂരമായ സർവ്വറിലാണ് സൂക്ഷിക്കുന്നത്. വിവരങ്ങൾ അയക്കുമ്പോൾ തന്നെ മാർക്കറ്റിംഗ് ലൈബ്രറികളിൽ വെച്ച് പരിശോധിക്കുന്നു കൂടാതെ 2023 ആകുമ്പോഴേക്കും മൊബൈൽ ആപ്പ് വ്യവസായം അതിന്റെ ഉച്ചസ്ഥായിയിൽ എത്തി 770 ബില്യൻ യൂറോ വരുമാനം ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാ വിവരങ്ങളും സാമ്പ്രദായികമായുള്ള ഹാർഡ്‌വെയറിൽ സൂക്ഷിക്കുന്നതിന് പകരം ഇന്റർനെറ്റിൽ സൂക്ഷിക്കുന്ന കാലത്ത് സ്വകാര്യതയും സുരക്ഷിതത്വവും അടിസ്ഥാനപരമായ മനുഷ്യന്റെ മൂല്യങ്ങളായി കണക്കാക്കി ആപ്പ് നിർമ്മാതാക്കൾ മാനുഷിക മൂല്യങ്ങൾ മുറുകെ പിടിക്കേണ്ടതായിട്ടുണ്ട്. കുട്ടികളുടെ ജീവൻ കൊണ്ട് പന്താടി 153 പേരുടെ ജീവൻ അപഹരിച്ച ബ്ലൂ വെയിൽ ഗെയിം 50 ദിവസം 50 ഗെയിമുകൾ കളിച്ച് മനുഷ്യന്റെ അടിസ്ഥാനപരമായ മൂല്യങ്ങൾക്ക് വിഘാതം സൃഷ്ടിച്ചതും ,ഗൂഗിൾ ഫോട്ടോസിൽ രണ്ട് കറുത്ത വർഗക്കാരുടെ ഫോട്ടോ 'ഗൊറില്ല' എന്ന് വിശേഷിപ്പിച്ച്‌ ടാഗ് ചെയ്തതും നമ്മുടെ മുമ്പിൽ ആപ്പിന്റെ മൂല്യച്യുതി വിളിച്ചോതി നിൽക്കുന്നു.

ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോൺ ഉടമകളിൽ 85% വും ഉപയോഗിക്കുന്ന ഗൂഗിൾ ,മൊബൈൽ ആപ്പുകളിൽ കൂടുതൽ സ്വകാര്യത കൊണ്ട് വരുന്നതിന് തയ്യാറായി മുന്നോട്ട് വന്നത് ഈ മേഖലയിലെ ശുഭസൂചനയായി കണക്കാക്കാം. ഇതിനായി പ്രൈവസി സാൻഡ് ബോക്സ് കൊണ്ടുവരുമെന്നും ഗൂഗിൾ പ്രഖ്യാപിച്ചു. എതിരാളികളായ ആപ്പിൾ നേരത്തെതന്നെ ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് മുൻമ്പ്‌ അനുവാദം ചോദിക്കുവാൻ ആപ്പ് വികസിക്കുന്നവരെ നിർബന്ധിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ പെരുമാറ്റം ട്രാക്ക് ചെയ്യുന്നതിന് ആപ്പുകളിൽ കോഡ് ഇടുന്ന മെറ്റ പോലുള്ള സ്ഥാപനങ്ങൾ ഭീഷണിയാണ്, ഫേസ്ബുക്കിന്റെ മാതൃ കമ്പനി ആയ മെറ്റായുടെ ഉടമസ്ഥൻ സക്കർബർഗിന് ഒറ്റ ദിവസം 2900 കോടി ഡോളർ നഷ്ട്ടം വന്നതിന് കാരണം, ഡാറ്റ കച്ചവടമാണ് അവിടെ നടക്കുന്നത് എന്ന് പറഞ്ഞു ന്യൂ ജെൻ തലമുറ വേറെ സാമൂഹിക മാധ്യമങ്ങളിലേക്ക് ചേക്കേറിയത് കൊണ്ടായിരുന്നു . 75,000 കോടി രൂപ ചിലവ് വഹിച്ച് ആപ്പുകളിൽ സ്വകാര്യത കൂടുതലായി ഉണ്ടാക്കുവാൻ ശ്രമിക്കുന്ന ആപ്പിളിന്റെ പ്രവർത്തനം ലോകം പ്രതീക്ഷയോടെയാണ് നോക്കുന്നത്.

ഗെയിമുകൾ വില്ലനാകുന്നോ?

1970 ൽ നോക്കിയ വീഡിയോ ഗെയിം ആയ സ്നേക്ക് ആണ് ആദ്യം ഇറങ്ങിയ ഗെയിം ആപ്പ്, ഏറ്റവും കൂടുതൽ ജനങ്ങൾ പ്രത്യേകിച്ച് കുട്ടികൾ വിഹരിക്കുന്നത് ഗെയിമിലാണ്. ഇതിലൂടെയാണ് ആപ്പ് ഉണ്ടാക്കുന്നവർ വരുമാനം ഉണ്ടാക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ 3.48 ദശലക്ഷവും, ആപ്പ് സ്റ്റോറിലെ 2.22 ദശലക്ഷം ആപ്പുകളും ഗെയിമുമായി ബന്ധപ്പെട്ടതാണ്. സ്മാർട്ട്ഫോൺ ഉള്ളവരിൽ 66% ഏതെങ്കിലും ഒരു ഗെയിം ഫോണിൽ പ്രതിഷ്ഠിക്കുന്നു. ചെറിയ സ്ക്രീനിൽ ഒരുപാട് സമയം നോക്കി വിഷാദരോഗികൾ ആയവരിൽ പലരും ആപ്പുകകളുടെ അടിമകളായിരുന്നു. വിഷാദരോഗികളിൽ ലോകത്തിൽ ആറാം സ്ഥാനമാണ് ഇന്ത്യക്ക്. രാജ്യത്ത് 5. 6 കോടി വിഷാദരോഗികളിൽ 3.8 കോടിയും ജീവിതത്തിൽ ഉത്കണ്ഠയോടെ കഴിച്ചുകൂട്ടുന്നവരാണ്.

73% ഇ കൊമേഴ്സ് ബിസിനസ് നടക്കുന്നതും ഫോണിലൂടെയാണ് എന്നതിനാൽ അതീവ ജാഗ്രത പുലർത്തേണ്ട മേഖലയാണ് ആപ്പുകളിലൂടെയുള്ള സഞ്ചാരം.

ആപ്പിന്റെ ഭാവി

സമർത്ഥന്മാരെ ലോകത്ത് സൃഷ്ടിക്കുകയാണ് ആപ്പുകൾ ചെയ്യുന്നത്. സൂപ്പർ ആപ്പുകളും പത്തു കാര്യങ്ങൾ ഒരു ആപ്പിലൂടെ ചെയ്യാൻ സാധിക്കുന്ന മെഗാ ആപ്പുകളുമാണ് കടന്നുവന്നു കൊണ്ടിരിക്കുന്നത്, മുഖം ,കൈവിരലുകൾ എന്നിവകൊണ്ട് തുറക്കാൻ കഴിയുന്ന തരത്തിലുള്ള സുരക്ഷിതത്വം ആപ്പുകളിൽ ഉണ്ടാകുന്നു. വിവരങ്ങൾ മാഞ്ഞുപോയത് തിരിച്ചെടുക്കാൻ കഴിയുന്ന ആപ്പുകൾക്ക്‌ വലിയ ഡിമാൻഡ് ആണുള്ളത്.

കൃത്രിമ ബുദ്ധി വലിയതോതിൽ ആപ്പുകളിൽ സന്നിവേശിക്കുന്നു. ഞൊടിയിടയിൽ പ്രത്യേക കാര്യത്തിനുവേണ്ടി നിർമ്മിക്കുന്ന ആപ്പുകൾക്ക് ആവശ്യക്കാർ ഏറെയാണ്. 2021 ൽ മൊബൈൽ ആപ്പ് ഉണ്ടാകുമ്പോൾ സുരക്ഷിതത്വം ആദ്യപരിഗണനയായി ആപ്പ് നിർമാതാക്കൾ പരിഗണിക്കുന്നു. ശരീരത്തിൽ ധരിക്കുന്ന വിവിധ ഉപകരണങ്ങളിൽ ആപ്പുകൾ സ്ഥാപിച്ച് സേവനങ്ങൾ, വിവരങ്ങൾ മനസ്സിലാക്കുന്ന അത്യാധുനിക തന്ത്രങ്ങൾ പുതിയ ആപ്പ് യുഗമായി പരിണമിച്ചിരിക്കുന്നു. ഒറ്റ ക്ലിക്കിലും ഒരു ശബ്ദ സന്ദേശത്തിലും അനന്തമായ ഷോപ്പിംഗ് അനുഭവം തീർക്കുന്ന ആപ്പുകൾ ആണ് കൂടുതലും കടന്നുവരുന്നത്, നാം ആഗ്രഹിച്ച ഏത് വസ്തുക്കളും ഉപകരണങ്ങളും ലോകത്തെ ഏത് സ്ഥലത്തുനിന്നും സംഘടിപ്പിച്ചു തരാൻ ഉള്ള സൗകര്യങ്ങൾ ആപ്പിലൂടെ ഇന്ന് ലഭ്യമാണ്. മാടിവിളിക്കുന്ന വിവിധ ആപ്പുകൾ ബീക്കൺ സാങ്കേതികവിദ്യ ഉപയോഗിച്ച് കളത്തിൽ ഇറങ്ങിയിട്ടുണ്ട്.

മൊബൈലിന്റെ ഭാവി എന്നാൽ എല്ലാത്തിന്റെ ഭാവിയാണ് എന്ന തീമിലാണ് ആപ്പുകൾ പ്രവഹിക്കുന്നത്. മടക്കിയ ഫോണുകളിൽ സന്നിവേശിക്കുവാനുള്ള ആപ്പുകളും ധനകാര്യ ഇടപാടുകൾക്കായി വാലറ്റുകളും സുലഭമാണ്.1.7 ബില്യൺ ജനങ്ങൾ സ്ഥിരമായി വാലറ്റിലൂടെയാണ് കച്ചവടം നടത്തുന്നത്. കോവിഡ് കാലത്ത് പടർന്നുപന്തലിച്ച വെർച്യുൽ പ്ലാറ്റ്ഫോമുകൾ അഭംഗുരം തുടരുന്നു. മെഷീൻ ലേണിങ്ങിലൂടെ കൂടുതൽ വളർച്ച ഉണ്ടായി ആപ്പുകൾ വലിയ കുതിച്ചുചാട്ടമാണ് നടത്തുന്നത്. ആപ്പിലൂടെ ജീവിതം,എല്ലാം ആപ്പിലൂടെ, ആപ്പ് ഉണ്ടായാൽ എല്ലാമായി എന്ന ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നത്. പാമ്പിനെ പിടിക്കുവാൻ സർപ്പം ആപ്പും മദ്യം വാങ്ങാൻ ബെവ്ക്യുവും അരങ്ങ് നിറഞ് ആടുന്ന കാലത്ത് 2022/23 ബഡ്ജറ്റ് എല്ലാം അറിഞ്ഞത് ആപ്പിലൂടെയാണ് എന്ന് ഓർക്കുക .സമർത്ഥമായി കാര്യങ്ങൾ ചെയ്യാൻ ആപ്പുകളിലൂടെ സേവകർ ധാരാളം ചുറ്റി കറങ്ങുന്നു .നമ്മുടെ സ്ഥിതിസ്ഥാപനത്തെ ഉപയോഗിച്ചുള്ള വിവിധ തരം സേവനം വിരൾതുമ്പിലായ സമയത്ത് സമചിത്തതയോടെ പെരുമാറിയില്ലെങ്കിൽ ജീവിതം ദുഷ്കരമാകുന്നതാണ് .

വെബ് സൈറ്റിൽ നിന്ന് മൊബൈൽ ആപ്പുകൾ സ്വീകരിക്കുന്നത് ഒഴിവാക്കി ,അനുവാദം നൽകുമ്പോൾ ശ്രേന്ധിച്ച് ഏത് വിവരവും പങ്കുവെക്കുമ്പോൾ സൂഷ്മത പുലർത്തി ഇടപെടേണ്ട ഒരു മേഖലയായി മൊബൈൽ ആപ്പുകളുടെ ലോകം മാറിയത് നാം ഓരോരുത്തരും ഉൾക്കോളേണ്ടാതായിട്ടുണ്ട്

Tags:    
News Summary - we are in a world where apps becomes traps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT