വാഷിങ്ടൺ: ഏറ്റവും പുതിയ ഫീച്ചറുകളുമായി സമൂഹ മാധ്യമങ്ങൾക്കിടയിൽ പോര് മുറുകുന്ന പുതിയ കാലത്ത് ഒരു ചുവട് മുന്നിൽ നിൽക്കാൻ വാട്സാപ്പ്. 'വ്യൂ വൺസ്' ആണ് കമ്പനി അവതരിപ്പിച്ച ഏറ്റവും പുതിയ ഫീച്ചർ.
മുമ്പ് ഐ.ഒ.എസിലും ആൻഡ്രോയ്ഡിലും ബീറ്റ വേർഷനായി അവതരിപ്പിച്ച് ഉപയോക്താക്കൾ സ്വീകരിച്ചതാണ് 'വ്യൂ വൺസ്'. എണ്ണമറ്റ ഗ്രൂപുകളും വ്യക്തികളും അയക്കുന്ന വിഡിയോകളും ചിത്രങ്ങളും പതിയെ മൊബൈൽ ഫോണിലെ ഇടം കവരുന്നത് കൂടുന്ന സാഹചര്യത്തിൽ അത് മറികടക്കാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. സ്റ്റോറേജ് നിറഞ്ഞ് വേഗം കുറയുന്നത് ഇല്ലാതാകുമെന്നു മാത്രമല്ല, ഓരോന്നും തിരഞ്ഞുപിടിച്ച് നാം തന്നെ കളയുന്ന സാഹചര്യവും ഒഴിവാകും.
എന്താണ് 'വ്യു വൺസ്'
അപ്രത്യക്ഷമാകാൻ അനുവദിച്ച് അയക്കുന്ന ചിത്രങ്ങളും സന്ദേശങ്ങളും 'വ്യു വൺസ്' മുദ്രയോടെയാകും മൊബൈലിൽ തെളിയുക. സ്വീകരിക്കുന്നയാൾക്ക് ഇതിന്‍റെ പ്രിവ്യൂ കാണാനാകില്ല. ഒരിക്കൽ കണ്ടുകഴിഞ്ഞാൽ പിന്നീട് തുറക്കാനുമാകില്ല. സ്നാപ്ചാറ്റ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക് മെസ്സൻജർ എന്നിവ നേരത്തെ തുടങ്ങിയതാണ് ഈ സേവനം. ഒരിക്കൽ തുറന്നുകഴിഞ്ഞ സന്ദേശം വീണ്ടും ശ്രമിച്ചാൽ നേരത്തെ തുറന്നതാണെന്ന് കാണിക്കും.
സ്വന്തമായി മൊബൈൽ ഫോണിൽ എടുക്കുന്ന ചിത്രങ്ങൾ, വിഡിയോകൾ എന്നിവ അയക്കുംമുമ്പ് (1) ബട്ടൺ അമർത്തുന്നതോടെ 'വ്യൂ വൺസ്' സ്വഭാവത്തിലേക്ക് മാറും. ഇവ ലഭിക്കുന്ന ആൾക്ക് ഒരു തവണ മാത്രമേ കാണാനാകൂ. ലഭിച്ച ആൾ തുറക്കുന്നതോടെ അയച്ചവരുടെ വാട്സാപ്പിലും അപ്രത്യക്ഷമാകും.
കഴിഞ്ഞ ജൂണിലേ ഈ ഫീച്ചർ വരുമെന്ന് കമ്പനി മേധാവി മാർക് സക്കർബർഗ് സൂചന നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.