വോയിസ് കോളിനും വോയിസ് നോട്ട് ഫീച്ചറിനും പുറമേ വാട്സ്ആപ്പ് പുതിയ വോയിസ് ചാറ്റ് ഫീച്ചറും അവതരിപ്പിച്ചിരിക്കുകയാണ്. വലിയ ഗ്രൂപ്പുകളിലുള്ളവർക്ക് ഏറെ ഉപകാരപ്രദമായ ഫീച്ചറാണിത്. ക്ലബ്ഹൗസ് ഉപയോഗിച്ചവർക്ക് വാട്സ്ആപ്പിലെ ‘വോയിസ് ചാറ്റ്’ ഒരു പുതുമയായി തോന്നില്ല, കാരണം, ക്ലബ് ഹൗസിന് സമാനമാണ് അതിന്റെ പ്രവർത്തനരീതി.
പൊതുവേ, വലിയ ഗ്രൂപ്പുകളിൽ അംഗങ്ങളായവർ ഒരേസമയം എന്തെങ്കിലും വിഷയത്തിൽ പരസ്പരം സംവദിക്കാനായി ഗ്രൂപ്പ് വിഡിയോ കോളുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ, അതിൽ പങ്കെടുക്കാൻ കഴിയുന്ന അംഗങ്ങളുടെ എണ്ണത്തിന് ഒരു പരിധിയുണ്ട്. വോയിസ് ചാറ്റ് ഫീച്ചർ എത്തിയതോടെ അതിൽ മാറ്റമുണ്ടാകും.
നിങ്ങൾ വോയിസ് ചാറ്റ് ആരംഭിക്കുമ്പോൾ ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും വ്യക്തിഗതമായി അതിന്റെ സന്ദേശം പോകുമെങ്കിലും കോൾ വരുന്നത് പോലെ റിങ് ചെയ്യില്ല. പകരം സൈലന്റായുള്ള പുഷ് നോട്ടിഫിക്കേഷനാകും ലഭിക്കുക. വേണമെങ്കിൽ അതിൽ ജോയിൻ ചെയ്ത് പരസ്പരം സംവദിക്കാം. അല്ലെങ്കിൽ ക്ലബ് ഹൗസിലെ റൂമുകൾ പോലെ അവരുടെ സംഭാഷണങ്ങൾ കേട്ടിരിക്കാം. പക്ഷെ, ഗ്രൂപ്പ് അംഗങ്ങൾക്ക് മാത്രമാകും അതിന് കഴിയുക.
ചാറ്റിങ്ങിലുള്ളവർക്ക് എപ്പോൾ വേണമെങ്കിലും ഇറങ്ങിപ്പോകാനും വീണ്ടും തിരിച്ച് കയറാനും സാധിക്കുകയും ചെയ്യും. വോയിസ് ചാറ്റ് സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ വാട്സ്ആപ്പിലെ മറ്റ് പ്രവർത്തനങ്ങൾ ചെയ്യുന്നതിനും തടസമുണ്ടാകില്ല. 33 മുതൽ 128 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകൾക്ക് മാത്രമാണ് നിലവിൽ ഈ ഫീച്ചർ ലഭ്യമാകുന്നത്. അല്ലാത്തവർ ഗ്രൂപ്പ് വോയിസ് കോളുകളെ തന്നെ ആശ്രയിക്കേണ്ടി വന്നേക്കും. അതായത്, 33 അംഗങ്ങളിൽ താഴെയുള്ള ഗ്രൂപ്പുകൾക്ക് ആദ്യം ഫീച്ചർ ഉപയോഗിക്കാൻ കഴിയില്ല.
കൂടാതെ, ഫീച്ചർ നിങ്ങളുടെ പ്രൈമറി ഉപകരണത്തിൽ മാത്രമേ ലഭ്യമാകൂ. അതുപോലെ വോയ്‌സ് ചാറ്റിൽ ഇല്ലാത്ത ഗ്രൂപ്പ് അംഗങ്ങൾക്ക് ചാറ്റ് ഹെഡറിൽ നിന്നും കോൾ ടാബിൽ നിന്നും വോയ്‌സ് ചാറ്റിലുള്ളവരുടെ പ്രൊഫൈലുകൾ കാണാനാകും. വോയ്‌സ് ചാറ്റ് ആരംഭിക്കുമ്പോള്‍ ചെറിയൊരു ബാനറായി വാട്‌സാപ്പിന് മുകളിലായി ആക്റ്റീവ് ചാറ്റിന്റെ വിവരങ്ങള്‍ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.