വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി എന്നും നല്ല വാർത്തകളുമായി മാത്രം എത്താറുള്ള ടിപ്സ്റ്ററാണ് വാബീറ്റാഇന്‍ഫോ (WABetaInfo). ആപ്പിലേക്ക് വരാൻ പോകുന്ന പുതുപുത്തൻ ഫീച്ചറുകളെ കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്യാറുള്ള അവർ, ഇപ്പോൾ എത്തിയിരിക്കുന്നത് ഒരു ദുഃഖ വാർത്തയുമായാണ്.
വാട്സ്ആപ്പിലെ ചാറ്റുകളും ചിത്രങ്ങളും വിഡിയോകളും മറ്റ് ഡോക്യുമെൻറുകളും നിലവിൽ ഗൂഗ്ൾ ഡ്രൈവിലാണ് സ്റ്റോർ ചെയ്തുവെക്കുന്നത്. സമീപകാലത്തായി ഗൂഗ്ൾ പരിധിയില്ലാത്ത ക്ലൗഡ് സ്റ്റോറേജ് സംവിധാനം നിർത്തലാക്കിയിരുന്നു. ഇനിമുതൽ ഗൂഗ്ൾ ആപ്പുകളിൽ ഉപയോക്താക്കൾക്ക് പരമാവധി 15 ജിബി വരെ മാത്രമാണ് ഡാറ്റ ശേഖരിച്ചുവെക്കാൻ കഴയുക. കൂടുതൽ വേണമെങ്കിൽ പണം നൽകേണ്ടി വരും. എന്നിട്ടും വാട്സ്ആപ്പ് യൂസർമാർക്ക് മാത്രം യഥേഷ്ടം ആപ്പിലെ ബാക്കപ്പുകൾ ഗൂഗ്ൾ ഡ്രൈവിലേക്ക് സംഭരിക്കാൻ കഴിഞ്ഞിരുന്നു.
എന്നാൽ, അതിനും ഒടുവിൽ പരിധി നിശ്ചയിക്കാൻ പോവുകയാണ്. വാട്ട്സ്ആപ്പ് ഉടൻ തന്നെ പരിധിയില്ലാത്ത ഡ്രൈവ് ബാക്കപ്പുകൾ അവസാനിപ്പിച്ച്. ഗൂഗ്ൾ ഡ്രൈവിൽ നിങ്ങളുടെ വാട്ട്സ്ആപ്പ് ഡാറ്റ ബാക്കപ്പ് ചെയ്യുന്നതിന് ഒരു പരിമിത പ്ലാൻ അവതരിപ്പിച്ചേക്കും. ഇൗ വിവരം പുറത്തുവിട്ടത് വാബീറ്റാഇന്‍ഫോ ആയതുകൊണ്ട് തന്നെ വിശ്വസിക്കാതെ തരമില്ല.
ഇനി രണ്ട് ജിബി കൊണ്ട് അഡ്ജസ്റ്റ് ചെയ്യണം...!
ഡ്രൈവിൽ പരിധിയില്ലാത്ത ബാക്കപ്പുകൾ വാഗ്ദാനം ചെയ്യുന്നതിനായി 2018ലായിരുന്നു ഗൂഗിളുമായി വാട്ട്സ്ആപ്പ് കരാറുണ്ടാക്കിയത്. ഇപ്പോൾ യൂസർമാർക്ക് ജി-ഡ്രൈവിൽ ലഭ്യമാകുന്ന സ്റ്റോറേജ് ക്വാട്ടയിൽ കണക്കാക്കാതെ തന്നെ ഡ്രൈവിൽ പരിധിയില്ലാത്ത വാട്ട്സ്ആപ്പ് ബാക്കപ്പുകൾ ആസ്വദിക്കാനാകുന്നത് ഈ കരാർ കാരണമാണ്. ഇതാണ് അവസാനിപ്പിക്കാൻ പോകുന്നത്. ഇനിമുതൽ വാട്സ്ആപ്പ് ഉപയോക്താവിന് പരമാവധി 2000 എംബി (2ജിബി) ഡേറ്റ മാത്രമായിരിക്കും ഗൂഗിള്‍ ഡ്രൈവില്‍ സംഭരിക്കാനാകുക.
2 ജിബി വാട്സ്ആപ്പ് ബാക്കപ്പ് ക്വാട്ട പലർക്കും ആഴ്ച്ചകൾ കൊണ്ട് തീരുമെന്നിരിക്കെ, ആ പ്രശ്നം പരിഹരിക്കാനായി വാട്സ്ആപ്പ് പുതിയ ഫീച്ചറിെൻറ പണിപ്പുരയിലാണ്. ബാക്കപ്പുകളുടെ വലിപ്പം പരിമിതപ്പെടുത്താൻ ഉപയോക്താക്കളെ സഹായിക്കുന്നതിനായി 'ബാക്കപ്പ് സൈസ് മാനേജർ' എന്ന പുതിയ സൗകര്യമാണ് കൊണ്ടുവരുന്നത്. നിങ്ങളുടെ WhatsApp ചാറ്റ് ബാക്കപ്പിൽ ഫോട്ടോകൾ, ഓഡിയോ, വീഡിയോകൾ, ഡോക്യുമെന്റുകൾ, മറ്റ് മീഡിയകൾ എന്നിവ ഉൾപ്പെടുത്താൻ (അല്ലെങ്കിൽ ഒഴിവാക്കാൻ) പുതിയ സവിശേഷത നിങ്ങളെ അനുവദിക്കും. അതിെൻറ സ്ക്രീൻഷോട്ടാണ് ചുവടെ....
2 ജിബി എന്ന സൗജന്യ ബാക്കപ്പ് പരിധി കഴിഞ്ഞാൽ, ബാക്കിയുള്ള ബാക്കപ്പ് നിങ്ങളുടെ ഗൂഗ്ൾ ഡ്രൈവ് സ്റ്റോറേജ് ക്വാട്ടയിൽ കണക്കാക്കും. ഗൂഗ്ൾ 15 ജിബി മാത്രമാണ് സൗജന്യമായി നൽകുന്നത്. അതുകൊണ്ട് തന്നെ ഭാവിയിൽ പണം നൽകി അധിക സ്റ്റോറേജ് വാങ്ങാൻ നാം നിർബന്ധിതരായേക്കും. എന്നാൽ, ഇതുവരെ ബാക്അപ്പ് ചെയ്തിരിക്കുന്ന ഫയലുകള്‍ക്ക് എന്തു സംഭവിക്കുമെന്ന കാര്യത്തിലും ഇപ്പോൾ വ്യക്തത വന്നിട്ടില്ല.
അതേസമയം, പരിധിയില്ലാത്ത സംഭരണം അവസാനിപ്പിക്കാനുള്ള പദ്ധതികളെ കുറിച്ച് ഇരു കമ്പനികളും നിലവിൽ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. അതിനാൽ, പരിധി പ്രാബല്യത്തിൽ വരുത്തുന്നതിന് മുമ്പ് നിങ്ങളുടെ വിശാലമായ വാട്ട്സ്ആപ്പ് ചാറ്റ് ശേഖരം സൗജന്യമായി ബാക്കപ്പ് ചെയ്യാനുള്ള ശരിയായ സമയമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.