വലിയ സൈസുള്ള ഫയലുകൾ മറ്റ് ഫോണുകളിലേക്ക് ഷെയർ ചെയ്യാനായി നമ്മൾ ഉപയോഗിച്ചിരുന്ന ആപ്പുകളായിരുന്നു സെൻഡറും (xender) ഷെയറിറ്റും. ചൈനീസ് ആപ്പ് നിരോധനം വന്നതോടെ ഇന്ത്യയിൽ നിന്ന് ഈ രണ്ട് ആപ്പുകളും വിടപറഞ്ഞു. പിന്നാലെ, ഗൂഗിളിന്റെ ഫയൽസ് ആപ്പും ആൻഡ്രോയ്ഡ് ഫോണുകളിലുള്ള നിയർബൈ ഷെയർ (Nearby Share) (ഇപ്പോൾ ക്വിക്ക് ഷെയർ - Quick Share) ഫീച്ചറുമൊക്കെ ഉപയോഗിച്ചായി ഫയൽ ഷെയറിങ്. എന്നാൽ, വാട്സ്ആപ്പും അത്തരമൊരു ഫീച്ചർ വൈകാതെ അവതരിപ്പിക്കും.
ഡാറ്റ ഉപയോഗിച്ച് രണ്ട് ജിബി വരെയുള്ള ഫയലുകൾ അയക്കാനുള്ള ഓപ്ഷൻ വാട്സ്ആപ്പിലുണ്ട്. എന്നാൽ ഡാറ്റ ചിലവില്ലാതെ തന്നെ നിങ്ങൾക്ക് അതിലേറെ സൈസുള്ള ഫയലുകൾ സുഹൃത്തുക്കൾക്ക് അയക്കാം. പക്ഷെ ആള് അടുത്ത് തന്നെയുണ്ടാകണം എന്ന് മാത്രം.
ഒരു ഫയൽ പങ്കിടൽ ഫീച്ചർ വാട്ട്‌സ്ആപ്പ് വികസിപ്പിക്കുന്നതായി WABetaInfo ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‘പീപ്പിൾ നിയർബൈ (People nearby)’ എന്ന് പേരായ പുതിയ സവിശേഷതയാണ് വാട്സ്ആപ്പിലെത്താൻ പോകുന്നത്. എപ്പോഴാണ് ഫീച്ചർ റിലീസ് ചെയ്യുകയെന്ന് വ്യക്തമല്ലെങ്കിലും അതിന്റെ സ്ക്രീൻഷോട്ട് പുറത്തുവന്നിട്ടുണ്ട്.
ഫയലുകൾ പങ്കിടുന്നത് ആരംഭിക്കാൻ, അയക്കുന്നയാളും സ്വീകർത്താവും "പീപ്പിൾ നിയർബൈ" എന്ന സെക്ഷനിലേക്ക് പോവുകയും ഫയൽ കൈമാറ്റം പൂർത്തിയാകുന്നതുവരെ കാത്തിരിക്കുകയും വേണം. മെറ്റയുടെ സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമിലുടനീളമുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിങ്ങളുടെ വിവരങ്ങൾക്ക് സുരക്ഷയൊരുക്കുകയും ചെയ്യും.
സ്വകാര്യത പരിരക്ഷിക്കുന്നതിനായി, നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിന് പുറത്തുള്ള ഉപയോക്താക്കളുമായി ഫയലുകൾ പങ്കിടുമ്പോൾ വാട്സ്ആപ്പ് നിങ്ങളുടെ ഫോൺ നമ്പർ മറച്ചുവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.