അയച്ച സന്ദേശങ്ങൾ സ്വീകർത്താവിന്റെ ഫോണിൽ നിന്ന് പോലും നീക്കം ചെയ്യാൻ കഴിയുന്ന 'ഡിലീറ്റ് ഫോര്‍ എവരിവണ്‍ ' വാട്സ്ആപ്പ് യൂസർമാരുടെ ഇഷ്ട ഫീച്ചറാണ്. എന്നാൽ, ചാറ്റുകളിൽ നിന്ന് അബദ്ധത്തിൽ പ്രധാനപ്പെട്ട സന്ദേശങ്ങൾ നീക്കം ചെയ്തുപോയാൽ എന്ത് ചെയ്യും...? അതുപോലെ, 'ഡിലീറ്റ് ഫോര്‍ എവരിവണ്‍ ' എന്നതിന് പകരം സ്വന്തം ഫോണിൽ നിന്ന് മാത്രം മാഞ്ഞുപോകുന്ന 'ഡിലീറ്റ് ഫോർ മി' എന്ന ഓപ്ഷൻ കൊടുത്തുപോയാൽ എന്ത് ചെയ്യും...??
അത്തരത്തിൽ മാഞ്ഞുപോയ ചിത്രങ്ങളും സന്ദേശങ്ങളുമൊക്കെ തിരിച്ചെടുത്ത്, 'ഡിലീറ്റ് ഫോര്‍ എവരിവണ്‍ ' എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാൻ കഴിയുമായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത വാട്സ്ആപ്പ് യൂസർമാർ കുറവായിരിക്കും. അത്തരക്കാർക്കുള്ള സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. അബദ്ധത്തില്‍ നീക്കം ചെയ്ത് പോയ സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ആപ്പിലേക്ക് വരാൻ പോകുന്നത്.
പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ വാബീറ്റാ ഇന്‍ഫോ ആണ് പുതിയ ഫീച്ചറിനെ കുറിച്ച് റിപ്പോർട്ട് ചെയ്തത്. വാട്സ്ആപ്പിന്റെ ബീറ്റാ പതിപ്പില്‍ ഈ സവിശേഷത പരീക്ഷിക്കുന്നുണ്ടെന്നും അവർ അറിയിച്ചു.
വരുന്നത് അൺഡു (UNDO) ബട്ടൺ....!
മാഞ്ഞുപോയ സന്ദേശം തിരിച്ചെടുക്കാൻ 'അൺഡു ബട്ടൺ' ആണ് വാട്സ്ആപ്പ് കൊണ്ടുവരുന്നത്. ഡിലീറ്റ് ഫോർ മി എന്ന ഓപ്ഷൻ ഉപയോഗിച്ച് നീക്കം ചെയ്ത സന്ദേശം അത് ഉപയോഗിച്ച് തിരിച്ചെടുക്കാം. ശേഷം എല്ലാവരുടെ ഫോണിൽ നിന്നും നീക്കം ചെയ്യാനായി 'ഡിലീറ്റ് ഫോർ എവരിവൺ' എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം. എന്നാൽ, ഇല്ലാതാക്കിയ സന്ദേശങ്ങൾ പുനഃസ്ഥാപിക്കാൻ ഉപയോക്താക്കൾക്ക് സെക്കൻഡുകൾ മാത്രമേ ലഭിക്കൂ.
എന്നാൽ, 'ഡിലീറ്റ് ഫോർ എവരിവൺ' എന്ന ഓപ്ഷൻ ഉപയോഗിച്ച് നീക്കം ചെയ്തതിന് ശേഷം 'അൺഡു ബട്ടൺ' ഉപയോഗിച്ചാൽ, മറുപുറത്തുള്ള ആളുടെ ഫോണിൽ ആ സന്ദേശം തിരികെ വരില്ല, മറിച്ച് അയച്ചയാളിന്റെ ചാറ്റ് വിന്‍ഡോയില്‍ മാത്രമേ അത് കാണാൻ സാധിക്കൂ. വാട്സ്ആപ്പ് ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ഈ സവിശേഷത നൽകിത്തുടങ്ങിയിട്ടുണ്ട്. വരും ആഴ്ചകളിൽ എല്ലാ യൂസർമാർക്കും ലഭ്യമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.