ഇന്ത്യയുടെ ടെലികോം മേഖലയിൽ മത്സരം അത്യാവശ്യമാണെന്നും അതിന് മൂന്ന് നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ രാജ്യത്ത് അതിജീവിക്കേണ്ടതുണ്ടെന്നും ഭാരതി എയർടെൽ ലിമിറ്റഡ് ചെയർമാൻ സുനിൽ മിത്തൽ അഭിപ്രായപ്പെട്ടു. ഖത്തർ എക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഇന്ത്യ വളരെ വലിയ രാജ്യമാണ്, അതുകൊണ്ട് തന്നെ ഏറ്റവും കുറഞ്ഞത് മൂന്ന് സ്വകാര്യ ടെലികോം കമ്പനികൾക്ക് ഇവിടെ പ്രവർത്തിക്കാൻ അർഹതയുണ്ട്." "എന്നാൽ, 12 ഓപ്പറേറ്റർമാരിൽ നിന്ന് ഇപ്പോൾ ഞങ്ങൾ രണ്ടരയായി കുറഞ്ഞിരിക്കുകയാണ്. ഇത് രണ്ടായി കുറയുമോ...? എെൻറ കാഴ്ചപ്പാടിൽ അത് വളരെ ദാരുണമായിരിക്കും. " -എയർടെൽ മേധാവി ചൂണ്ടിക്കാട്ടി. അതേസമയം, രാജ്യത്ത് എയർടെൽ മികച്ച നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയുടെ വരവോടെ രാജ്യത്ത് മറ്റ് ടെലികോം സേവനദാതാക്കൾ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. എന്നാൽ, ജിയോയുടെ ആധിപത്യം അതിജീവിച്ച് എയർടെൽ ഇപ്പോൾ വലിയ വളർച്ച കൈവരിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, ഒരുകാലത്തെ പ്രധാന കളിക്കാരായ ബി.എസ്.എൻ.എല്ലും, വൊഡാഫോണുമായി ചേർന്ന് 'വി.െഎ' ആയി മാറിയ െഎഡിയയും മത്സരത്തിൽ ഒരുപാട് പിറകെയാണുള്ളത്. ഇത് വലിയ ഭീഷണിയാണെന്നാണ് സുനിൽ മിത്തൽ മുന്നറിയിപ്പ് നൽകുന്നത്.
കേവലം 5ജിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരമായി തീർത്തും അവികസിതമായ ഇടങ്ങളിലുള്ളവർക്ക് പോലും നെറ്റ്‌വർക്ക് കവറേജ് നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ കഴിഞ്ഞാലെ കമ്പനികൾക്ക് പ്രസക്തമായി തുടരാൻ സാധിക്കുകയുള്ളൂവെന്നും എയർടെൽ മേധാവി വ്യക്തമാക്കി.
കഴിഞ്ഞ ദശകത്തിൽ കണ്ട ഏകീകരണത്തിനുശേഷം ഇപ്പോൾ ഇന്ത്യയുടെ ടെലികോം മേഖല പ്രധാനമായും മൂന്ന് ഓപ്പറേറ്റർമാരാണ് പങ്കിടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ നെറ്റ്‌വർക്കായി ആധിപത്യം തുടരുന്ന മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡാണ് അതിൽ പ്രധാനി, തൊട്ടുപിന്നാലെ ക്രമാനുഗതമായി വിപണി വിഹിതം ഉയർത്തിക്കൊണ്ട് മിത്തലിെൻറ എയർടെലുമുണ്ട്. മൂന്നാമതുള്ള വോഡഫോൺ ഐഡിയ ലിമിറ്റഡിന് നിലവിൽ മറ്റ് രണ്ട് കമ്പനികളോട് മുട്ടാൻ മാത്രം കെൽപ്പുണ്ടോ എന്ന് സംശയമാണ്. മുതിർന്ന ഉദ്യോഗസ്ഥർ പാപ്പരത്തത്തിലേക്ക് വഴുതിവീഴാമെന്ന് മുൻകാലങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്ന കമ്പനി കൂടിയാണ് വി.ഐ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.