യൂട്യൂബ് വിഡിയോകൾക്ക് ലൈക്കടിച്ചാൽ പണം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്ത് 29കാരിയിൽ നിന്ന് 11 ലക്ഷം രൂപയോളം തട്ടിയ അഞ്ച് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിലില്ലാത്ത ആറ് ടെക് കമ്പനികളുടെ അഞ്ച് ഡയറക്ടർമാരായ ബിന്ദുസർ ഷെലാർ (40), മഹേഷ് റാവത്ത് (24), യോഗേഷ് ഖൗലെ (28), പൂനെ സ്വദേശികളായ അഖ്‌സെ ഖഡ്‌സെ (27), അമിത് തവാർ (28) എന്നിവരെയാണ് പിടികൂടിയത്.
പ്രതികൾ യുവതിക്ക് വേണ്ടി വെർച്വൽ വാലറ്റ് സൃഷ്ടിച്ചിരുന്നു. അതിൽ, അവർ ചെയ്യുന്ന ജോലിക്കനുസരിച്ച് പണം സമ്പാദിക്കുന്നുണ്ടെന്ന് കാണിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് യുവതിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തെന്ന് കാട്ടി മുംബൈ പോലീസിൽ നിന്നുള്ള വ്യാജ കത്ത് അയച്ചുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അക്കൗണ്ട് ക്ലിയർ ചെയ്യുന്നതിനായാണ് അവർ യുവതിയിൽ നിന്ന് നിന്ന് പണം വാങ്ങിയത്. രണ്ടാഴ്ചയ്ക്കിടെ 11. 4 ലക്ഷം രൂപയായിരുന്നു പ്രതികൾ തട്ടിയത്.
പറ്റിക്കപ്പെടാൻ തുടങ്ങുന്നതിന് മുമ്പായി രണ്ട് ജോബ് പോർട്ടലുകളിൽ യുവതി തന്റെ ബയോഡാറ്റ അപ്‌ലോഡ് ചെയ്തിരുന്നതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പിന്നാലെ, ഒരു വ്യക്തിയിൽ നിന്ന് അവർക്ക് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചു. യൂട്യൂബ് വീഡിയോകൾ ലൈക്ക് ചെയ്യാനും അതിന്റെ സ്‌ക്രീൻഷോട്ട് എടുത്ത് വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ച് പണം സമ്പാദിക്കാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ചായിരുന്നു സന്ദേശം.
പ്രതികളിലൊരാൾ യുവതിക്ക് വിഡിയോ ലിങ്ക് അയച്ചുകൊടുക്കുകയും യുവതി വാട്സ്ആപ്പ് സന്ദേശത്തിൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്തു. പിന്നാലെ അവരുടെ അക്കൗണ്ടിൽ സംഘം 750 രൂപ നിക്ഷേപിച്ചു. അവർ യുവതിയെ ഒരു ടെലഗ്രാം അക്കൗണ്ടിലും ചേർത്തിരുന്നു.
ജോലിയുടെ കൂലി പരിശോധിക്കുന്നതിനായി യുവതിക്ക് വേണ്ടി തട്ടിപ്പുസംഘം സൃഷ്ടിച്ച വെർച്വൽ വാലറ്റ് പരിശോധിച്ചപ്പോൾ മൂന്ന് ലക്ഷം രൂപ അതിലുണ്ടായിരുന്നതായി കണ്ടെത്തി. എന്നാൽ പിന്നീട് ആ തുക അവരുടെ ബിസിനസിൽ തന്നെ നിക്ഷേപിക്കാൻ യുവതിയോട് ആവശ്യപ്പെടുകയും ഫീസായി നിരവധി തവണ പണവും ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. 11. 43 ലക്ഷം രൂപ നഷ്ടപ്പെട്ടതിന് ശേഷമാണ് തന്റെ നിക്ഷേപവും ലാഭവും പിൻവലിക്കാൻ പരാതിക്കാരി ആവശ്യപ്പെട്ടത്. എന്നാൽ, തട്ടിപ്പുസംഘം അപ്പോഴേക്കും വാലറ്റ് ലോക്ക് ചെയ്തിരുന്നു. തുടർന്നാണ് അവർ എഫ്.ഐ.ആർ ഫയൽ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.