പുതിയ എക്സ് (ട്വിറ്റർ) ഉപയോക്താക്കൾക്ക് പ്ലാറ്റ്‌ഫോമിൽ പോസ്റ്റുകൾ പങ്കുവെക്കാൻ പ്രതിവർഷം ഒരു ഡോളർ നൽകേണ്ടിവരുമെന്ന് തലവൻ ഇലോൺ മസ്‌ക്. പോസ്റ്റുകൾ വായിക്കാൻ പണമൊന്നും നൽകേണ്ടതില്ല, എന്നാൽ, എന്തെങ്കിലും പങ്കുവെക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരു ഡോളർ നൽകി അതിനുള്ള ഫീച്ചർ നേടിയെടുക്കണം. ആഗോളതലത്തിൽ അവതരിപ്പിക്കുന്നതിന് മുമ്പ് കമ്പനി ഈ പുതിയ പദ്ധതിയുടെ പരീക്ഷണം ന്യൂസിലൻഡിലും ഫിലിപ്പീൻസിലും അവതരിപ്പിക്കാൻ പോവുകയാണ്.
ട്വിറ്ററിലെ ബോട്ടുകളെ നേരിടാനാണ് പുതിയ നീക്കമെന്നാണ് ഇലോൺ മസ്കിന്റെ വിശദീകരണം. 'നോട്ട് എ ബോട്ട്' പ്രോഗ്രാമിന്റെ ഭാഗമായ പുതിയ നീക്കം, "എക്സ് എന്ന മൈക്രോ ബ്ലോഗിങ് സൈറ്റിൽ നിലനിൽക്കുന്ന സ്പാമിങ് കുറക്കുന്നതിനും പ്ലാറ്റ്‌ഫോമിലെ കൃത്രിമത്വവും ബോട്ടുകളുടെ പ്രവർത്തനവും ഇല്ലാതാക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് അവർ അറിയിച്ചു. സബ്‌സ്‌ക്രൈബുചെയ്യാൻ തയ്യാറാകാത്ത പുതിയ ഉപയോക്താക്കൾക്ക് പോസ്റ്റുകൾ കാണുന്നതും വീഡിയോകൾ കാണുന്നതും പോലുള്ള 'റീഡ് ഓൺലി' പ്രവർത്തനങ്ങൾ മാത്രമേ ചെയ്യാൻ കഴിയൂ.
“സൗജന്യമായി വായിക്കുക, എന്നാൽ എഴുതാൻ പ്രതിവർഷം ഒരു ഡോളർ നൽകണം. യഥാർത്ഥ ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കാതെ ബോട്ടുകളോട് പോരാടാനുള്ള ഒരേയൊരു മാർഗ്ഗമാണിത്,” -മസ്‌ക് എക്സിൽ പോസ്റ്റ് ചെയ്തു. “ഇത് ബോട്ടുകളെ പൂർണ്ണമായും ഇല്ലാതാക്കില്ല, പക്ഷേ, ഇതിലൂടെ ബോട്ടുകൾക്ക് പ്ലാറ്റ്ഫോം ചൂഷണം ചെയ്യുന്നത് ആയിരംമടങ്ങ് ബുദ്ധിമുട്ടായിരിക്കും,” -അദ്ദേഹം കൂട്ടിച്ചേർത്തു.
X-ന്റെ പ്രധാന സബ്‌സ്‌ക്രിപ്‌ഷന് പുറമെയാണ് ഈ പുതിയ പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ പണം സമ്പാദിക്കുന്നതിനും 2024-ഓടെ ലാഭകരമാക്കുന്നതിനുമായി പ്രീമിയം പെയ്ഡ് സബ്‌സ്‌ക്രിപ്‌ഷൻ സേവനം മൂന്ന് അംഗത്വ ശ്രേണികളായി വിഭജിക്കാനും എക്‌സ് പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.