മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്റെ ലോഗോ മാറ്റി പകരം എക്സ് ‘X’ എന്നാക്കിയിരിക്കുകയാണ് ഉടമയായ ഇലോൺ മസ്ക്. ട്വിറ്ററിന്റെ മുഖമായിരുന്ന ബ്ലൂ ബേർഡിന് പകരം മസ്കിന്റെ സ്വന്തം ‘എക്സ്’ വന്നത് പലരേയും ചൊടിപ്പിച്ചിട്ടുണ്ട്. ട്വിറ്ററിൽ തന്നെ നെറ്റിസൺസ് ട്രോളുകളുമായി എത്തുകയാണിപ്പോൾ.
അതേസമയം, ഇലോൺ മസ്ക് 1999-ൽ സ്ഥാപിച്ച എക്സ് ഡോട്ട് കോം (x.com) എന്ന വെബ് സൈറ്റിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ, ഇപ്പോൾ നേരെ കൊണ്ടുപോകുന്നത് ട്വിറ്റർ ഹോമിലേക്കാണ്. വെറും ലോഗോ മാറ്റമല്ല, പുതിയ നീക്കത്തിലൂടെ മസ്ക് ഉദ്ദേശിക്കുന്നതെന്ന് അതിൽ നിന്ന് തന്നെ മനസിലാക്കാം.
1999-ൽ ഇലോൺ മസ്‌കും ഗ്രെഗ് കൂരിയും ചേർന്ന് സ്ഥാപിച്ച ഓൺലൈൻ ബാങ്കിങ് കമ്പനിയായിരുന്നു X.com. എന്നാൽ, പിന്നീട് അത് ആഗോളതലത്തിൽ ജനപ്രിയമായ ഓൺലൈൻ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിലൊന്നായ പേപാൽ (PayPal) ആയി പരിണമിച്ചു.
ഇപ്പോൾ എക്സ് ഡോട്ട് കോമിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ, എക്സ് ലോഗോയുള്ള പുതിയ ട്വിറ്റർ ഹോമിലേക്കാണ് പോകുന്നത്. കാര്യം മറ്റൊന്നുമല്ല, ട്വിറ്ററിനെ തന്റെ സ്വപ്നമായ മറ്റൊരു ‘സംഭവ’മാക്കാനാണ് മസ്ക് ലക്ഷ്യമിടുന്നത്. ട്വിറ്ററിലുള്ള വലിയ യൂസർ ബേസിനെ അതിനായി ഉപയോഗപ്പെടുത്തുകയാണ് ശതകോടീശ്വരൻ.
ട്വിറ്ററിനെ ഏറ്റെടുത്ത 2022-ൽ X എന്ന പേരില്‍ എല്ലാ സേവന സൗകര്യങ്ങളും ലഭ്യമാകുന്ന ഒരു 'എവരിതിങ് ആപ്പ്' ഒരുക്കാനുള്ള പദ്ധതി മസ്ക് പ്രഖ്യാപിച്ചിരുന്നു. X.com ഡൊമെയ്ൻ ഇപ്പോൾ https://twitter.com/ എന്നതിലേക്ക് റീഡയറക്‌ട് ചെയ്യുന്ന കാര്യം മസ്ക് ട്വിറ്ററിലൂടെ അറിയിച്ചതോടെ കാര്യത്തിന്റെ പോക്ക് അങ്ങോട്ടേക്കാണെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു.
വീ-ചാറ്റ് എന്ന ആപ്പ് ഓർമയില്ലേ... പണ്ട് ഇന്ത്യയിലടക്കം ഏറെ ജനപ്രീതി നേടിയ സോഷ്യൽ മീഡിയ ആപ്പായിരുന്നു അത്. എന്നാൽ ഇന്ത്യയിൽ നിലവിൽ ആപ്പിന് നിരോധനമുണ്ട്. മാതൃരാജ്യമായ ചൈനയിലാകട്ടെ, ഇപ്പോൾ ആളുകൾ എല്ലാ കാര്യത്തിനും വീ-ചാറ്റാണ് ഉപയോഗിക്കുന്നത്. സാധനങ്ങളും മറ്റ് സേവനങ്ങളും വാങ്ങുന്നതിനും പണം കൈമാറ്റം ചെയ്യുന്നതിനും ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും കസ്റ്റമർ കെയർ സപ്പോർട്ടിനും എന്നുവേണ്ട, ഓൺലൈൻ ആയുള്ള മിക്ക ആവശ്യങ്ങൾക്കും വീ-ചാറ്റ് മതി.
എക്സ് എന്ന ആപ്പിലൂടെ ഇലോൺ മസ്കും വീ-ചാറ്റ് പോലൊരു സേവനം ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. എക്സ് ഡോട്ട് കോമുമായി സംയോജിപ്പിച്ച സ്ഥിതിക്ക് അടുത്ത് തന്നെ പേപാലിലെ ബാങ്കിങ് സേവനങ്ങൾ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.