രാജ്യത്ത് ഉടലെടുത്ത ചൈന വിരുദ്ധ വികാരം വലിയ തിരിച്ചടിയായി മാറിയ ടെക്നോളജി ഭീമനായിരുന്നു ഷവോമി. അതുവരെ എതിരാളികളെ ഒറ്റയ്ക്ക് നേരിട്ട് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഒന്നാമനായി വിലസിയിരുന്ന ഷവോമിക്ക് 2020ലെ മൂന്നാം പാദത്തിൽ കൊറിയൻ വമ്പനായ സാംസങ്ങിെൻറ വക കിട്ടിയത് വലിയ അടിയായിരുന്നു. കിട്ടിയ അവസരം മുതലാക്കിയ സാംസങ് അവരുടെ ബജറ്റ് സീരീസിലെ ഫോണുകൾ ചൂടപ്പം പോലെ വിറ്റഴിച്ച് മാർക്കറ്റിൽ ഒന്നാമനായി മാറി.
എന്നാൽ, നാലാം പാദത്തിൽ കാര്യങ്ങളെല്ലാം പഴയപടിയാകുന്ന കാഴ്ച്ചയാണ്. ഷവോമി 26 ശതമാനം വിപണി വിഹിതത്തോടെ വീണ്ടും ഒന്നാമതായി. സാംസങ്ങാകെട്ട 20 ശതമാനം ഷെയറുമായി രണ്ടാമനായും ഫിനിഷ് ചെയ്തു. മൂന്നാം പാദത്തിൽ ഷവോമി മൂന്ന് ശതമാനം തകർച്ചയായിരുന്നു നേരിട്ടത്. സാംസങ് 24 ശതമാനം മാർക്കറ്റ് ഷെയറുമായി ഒന്നാമതും ചൈനീസ് വമ്പൻമാർ 23 ശതമാനവുമായി അന്ന് രണ്ടാമതുമായിരുന്നു. രണ്ട് വർഷത്തിനിടെ ആദ്യമായിട്ടായിരുന്നു ഷവോമിക്ക് വീഴ്ച്ച സംഭവിക്കുന്നത്.
ബജറ്റ് മോഡലുകളായ റെഡ്മി 9, റെഡ്മി നോട്ട് 9 സീരീസിനുണ്ടായ വലിയ ഡിമാൻറാണ് ഷവോമിയെ തുണച്ചത്. ഒാൺലൈൻ വിദ്യാഭ്യാസം നിർബന്ധിതമായതോടെ ആളുകൾ കുറഞ്ഞ വിലയുള്ള ഏറ്റവും മികച്ച ഫോണുകൾക്കായി ആശ്രയിച്ചത് അവരെയായിരുന്നു. 13 ശതമാനം വളർച്ചയാണ് കഴിഞ്ഞ വർഷം ഷവോമി സ്വന്തമാക്കിയത്. സാംസങ്ങിന് 30 ശതമാനം വളർച്ച നേടാൻ കഴിഞ്ഞെങ്കിലും നാലാം പാദത്തിൽ അവരുടെ മാർക്കറ്റ് ഷെയർ ഒരു ശതമാനം മാത്രമാണ് ഉയർന്നത്.
അതേസമയം വിപണിയിൽ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത് ചൈനീസ് കമ്പനികളാണ്. അതും ബി.ബി.കെ ഇലക്ട്രോണിക്സ് എന്ന മാതൃ കമ്പനിയുടെ കീഴിലുള്ള വിവോ (16 ശതമാനം), റിയൽമി (13 ശതമാനം), ഒപ്പോ (10 ശതമാനം) എന്നിവ. 2020ലും രാജ്യത്ത് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഭൂരിഭാഗവും ചൈനയിൽ നിന്നുള്ളവയാണ് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.