ആഡ് ബ്ലോക്കറുകൾക്ക് പൂട്ടിട്ട് യൂട്യൂബ്; പുതുവഴി തേടി യൂസർമാർ

വിഡിയോ കാണുമ്പോൾ വരുന്ന പരസ്യങ്ങൾ തടയാനായി പരസ്യ ബ്ലോക്കറുകർ ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് മുട്ടൻ പണിയുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. വെബ് ബ്രൗസറുകളിൽ ‘ആഡ് ബ്ലോക്കർ എക്സ്റ്റൻഷനുകൾ’ ഡൗൺലോഡ് ചെയ്താണ് യൂട്യൂബിലെ രസംകൊല്ലികളായ പരസ്യങ്ങളെ ചില വിരുതൻമാർ തുരത്തുന്നത്. യൂട്യൂബിൽ മാത്രമല്ല, വെബ് സൈറ്റുകളിലെ ഗൂഗിൾ ആഡുകളും, പോപ്-അപ് പരസ്യങ്ങളുമൊക്കെ ആഡ് ബ്ലോക്കറുകൾ ഉപയോഗിച്ച് തടയാൻ കഴിയും.

എന്നാൽ, ഇപ്പോൾ, ആഡ് ബ്ലോക്കർ ഉപയോഗിക്കുന്നവർക്ക് യൂട്യൂബിനകത്ത് തന്നെ മുന്നറിയിപ്പ് നൽകാൻ തുടങ്ങിയിട്ടുണ്ട്. പരസ്യങ്ങളില്ലാതെ, വിഡിയോകൾ കാണാൻ പണമടച്ച് പ്രീമിയം മെമ്പർഷിപ്പ് എടുക്കാനാണ് യൂട്യൂബ് ആവശ്യപ്പെടുന്നത്. ബ്രൗസറിൽ നിന്ന് ആഡ് ബ്ലോക്കർ നീക്കിയില്ലെങ്കിൽ വിഡിയോ കാണാൻ കഴിയില്ലെന്നും മുന്നറിയിപ്പിൽ എടുത്തുപറയുന്നുണ്ട്.

അതുകൊണ്ട് തന്നെ ആഡ് ബ്ലോക്കർ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ബ്രൗസറിൽ ഇനി മുതൽ യൂട്യൂബ് ഉപയോഗിക്കാൻ കഴിയില്ല. എങ്കിലും മറ്റ് സൈറ്റുകളിലെ പരസ്യങ്ങൾ തുരത്താൻ നിലവിൽ തടസങ്ങളൊന്നുമില്ല. യൂട്യൂബ് പരസ്യമില്ലാതെ കാണാനാണ് മിക്ക ആളുകളും ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്നത്. ഇനിയത് നടക്കാത്ത സാഹചര്യം വന്നതോടെ, കൂട്ടമായി ആഡ് ബ്ലോക്കറുകൾ ബ്രൗസറുകളിൽ നിന്ന് നീക്കം ചെയ്യുകയാണ് യൂസർമാർ.

ലക്ഷക്കണക്കിന് ഉപയോക്താക്കൾ കഴിഞ്ഞ മാസം അവരുടെ ഉപകരണങ്ങളിൽ നിന്ന് പരസ്യ ബ്ലോക്കറുകൾ അൺഇൻസ്റ്റാൾ ചെയ്തു. എന്നാൽ, ചിലർ പരസ്യ​ങ്ങളില്ലാതെ കാണാനായി മറ്റ് പോംവഴികൾ തേടുകയും ചെയ്തു. യൂട്യൂബ് അവരുടെ ബ്ലോക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആഡ് ബ്ലോക്കറുകൾക്ക് പകരക്കാരെ തേടിക്കൊണ്ടിരിക്കുകയാണ് അവർ. അത്തരത്തിലുള്ള ചില ആഡ് ​ബ്ലോക്കറുകൾ ലക്ഷക്കണക്കിന് പേരാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇൻസ്റ്റാൾ ചെയ്തത്.

ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവരിൽ പലരും പരസ്യമില്ലാത്ത യൂട്യൂബ് അനുഭവത്തിനായി മൈക്രോസോഫ്റ്റിന്റെ എഡ്ജ് ബ്രൗസറിനെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. മോസില്ല ഫയർഫോക്സ് ഇൻസ്റ്റാൾ ചെയ്തവരും ഏറെയാണ്. ഈ രണ്ട് ബ്രൗസറുകളിലും പരസ്യ ബ്ലോക്കറുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും വൈകാതെ, ക്രോമിന്റെ പാതയിലേക്ക് അവരും പോയേക്കുമെന്നാണ് സൂചന.

Tags:    
News Summary - YouTube Ad Blocker Crackdown: Users Explore Alternative Solutions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT