യൂട്യൂബിലെ മൊത്തം ട്രാഫിക്കിന്റെ 15 ശതമാനവും, വീഡിയോ ഗെയിം ലൈവ് സ്ട്രീം ചെയ്യുന്നവരുടെ സംഭാവനയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ...? അതെ, ഗെയിമിങ്ങിൽ അതിവിദഗ്ധരായ വിരുതൻമാർ അത് യൂട്യൂബിൽ ലൈവായി സ്ട്രീം ചെയ്ത് ലക്ഷങ്ങളാണ് ഉണ്ടാക്കുന്നത്. ഗെയിമർമാരുടെ പ്രധാന വരുമാന മാർഗവും സ്ട്രീമിങ്ങാണ്. ഓൺലൈൻ സ്ട്രീമിങ് രംഗം കീഴടക്കാനാണ് യൂട്യൂബ് ശ്രമിക്കുന്നത്. എന്നാലിപ്പോൾ വിഡിയോകൾക്കൊപ്പം യൂട്യൂബിൽ ഗെയിമുകളും അവതരിപ്പിക്കാൻ പോവുകയാണ്.
'പ്ലേയബിൾസ്' എന്ന പേരിൽ ഹോംപേജിൽ പുതിയ ടാബ് പരീക്ഷിക്കുകയാണ് യൂട്യൂബ്. അതിലൂടെ ആപ്പിനുള്ളിൽ ഗെയിമുകൾ ഡൗൺലോഡ് ചെയ്യാതെ കളിക്കാൻ സാധിക്കും. HTML5 അടിസ്ഥാനമാക്കിയുള്ള 3ഡി ബാൾ ബൗൺസിങ് ഗെയിമായ 'സ്റ്റാക്ക് ബൗൺസ്' പോലുള്ള ഗെയിമുകളാണ് നിലവിൽ യൂട്യൂബ് പരീക്ഷിക്കുന്നത്. ഇപ്പോൾ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കിടയിൽ മാത്രം പരീക്ഷിക്കുന്ന സേവനം യൂട്യൂബ് വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും വൈകാതെ ലഭിക്കും.
നെറ്റ്ഫ്ലിക്സും ടിക്ടോകും അവരുടെ പ്ലാറ്റ്ഫോമുകളിൽ നേരത്തെ തന്നെ ഗെയിമുകൾ പരീക്ഷിക്കാൻ തുടങ്ങിയിരുന്നു. ആളുകളെ കൂടുതൽ നേരം പിടിച്ചിരുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.