യൂട്യൂബർമാർക്ക് മുന്നറിയിപ്പ്; പുതിയ നിയമം പാലിച്ചില്ലെങ്കിൽ വരുമാനം വരെ തടയും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി ഞെട്ടിക്കുന്ന വളർച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ചാറ്റ്ജിപിടി, ഡാൽ-ഇ, ഗൂഗിൾ ബാർഡ് പോലുള്ള ജനറേറ്റീവ് എ.ഐ-യാണ് ഇപ്പോൾ ടെക് ലോകത്തെ താരങ്ങൾ. ഉപയോക്താക്കൾ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് ചിത്രങ്ങളും വിഡിയോകളും ടെക്സ്റ്റുകളുമടക്കം പലതരം ഉള്ളടക്കങ്ങൾ സൃഷ്ടിക്കാൻ എ.ഐക്ക് കഴിയും. അതായത്, സോഷ്യൽ മീഡിയക്ക് വേണ്ടി കണ്ടന്റുകളുണ്ടാക്കാൻ ഈ കാലത്ത് വലിയ അധ്വാനമില്ലെന്ന് ചുരുക്കം.

എന്നാൽ, വിഡിയോകളിൽ എ.ഐ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. എ.ഐ ഉള്ളടക്കത്തിനായി യൂട്യൂബ് പുതിയ നിയമങ്ങൾ അവതരിപ്പിച്ചു. റിയലിസ്റ്റിക് വീഡിയോകൾ നിർമിക്കാൻ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഇനിമുതൽ സ്രഷ്‌ടാക്കൾ വെളിപ്പെടുത്തേണ്ടിവരും.

പങ്കുവെക്കുന്ന ഉള്ളടക്കത്തിൽ എ.ഐ ഉപയോഗിച്ച് സൃഷ്ടിച്ച വിഡിയോയോ, ചിത്രങ്ങളോ ഉണ്ടായിട്ടും അത് വെളിപ്പെടുത്തിയിട്ടില്ലെങ്കിൽ അത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യൂട്യൂബ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. പിടിക്കപ്പെട്ടാൻ, ആ വിഡിയോ നീക്കം ചെയ്യുകയോ, യൂട്യൂബിന്റെ റെവന്യൂ ഷെയറിങ് പ്രോഗ്രാമിൽ നിന്ന് യൂട്യൂബറെ സസ്‍പെൻഡ് ചെയ്യുകയോ ചെയ്തേക്കാം.

"ജനറേറ്റീവ് എ.ഐക്ക് യൂട്യൂബിൽ സർഗ്ഗാത്മകത പരത്താനും പ്ലാറ്റ്‌ഫോമിലെ കാഴ്ചക്കാർക്കും ഉള്ളടക്ക സ്രഷ്‌ടാക്കൾക്കും മികച്ച അനുഭവം നൽകാനും കഴിയും. എന്നാൽ, ഇത്തരം അവസരങ്ങൾ യൂട്യൂബ് കമ്യണിറ്റിയെ ബാധിക്കില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്," -പ്രൊഡക്ട് മാനേജ്‌മെന്റിന്റെ വൈസ് പ്രസിഡന്റുമാരായ ജെന്നിഫർ ഫ്ലാനറി ഒ'കോണറും എമിലി മോക്‌സ്‌ലിയും ബ്ലോഗ് പോസ്റ്റിൽ എഴുതി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള യൂട്യൂബിലെയും മറ്റ് ഗൂഗിൾ പ്ലാറ്റ്‌ഫോമുകളിലെയും രാഷ്ട്രീയ പരസ്യങ്ങൾക്കൊപ്പം മുന്നറിയിപ്പ് ലേബൽ നിർബന്ധമായും വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗൂഗിൾ സെപ്റ്റംബറിൽ പുറത്തിറക്കിയ നിയമങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച  പുതിയ നിയമവും.

Tags:    
News Summary - YouTube Issues Warning to Content Creators: Failure to Comply Will Result in Revenue Blockade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.