ദിവസവും 8,000 രൂപ വരെ സമ്പാദിക്കാൻ കഴിയുന്ന പാർട് ടൈം ജോലി വാട്സ്ആപ്പിലൂടെ വാഗ്ദാനം ചെയ്ത് ഗുഡ്ഗാവിലെ ടെക്കിയിൽ നിന്ന് സൈബർ കുറ്റവാളികൾ 43 ലക്ഷം രൂപയോളം തട്ടിയ സംഭവം ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. യൂട്യൂബ് വിഡിയോകൾക്ക് ലൈക് അടിക്കുന്നത് പോലുള്ള വളരെ എളുപ്പത്തിലുള്ള ടാസ്കുകൾ നൽകിയാണ് യുവാവിനെ ആകർഷിച്ചത്. മാർച്ച് 24-നായിരുന്നു ജോലി വാഗ്ദാനം ചെയ്തുള്ള സന്ദേശം ലഭിച്ചത്.
പിന്നീട് ഒരു ടെലിഗ്രാം ഗ്രൂപ്പിൽ ചേരാനും സൈബർ കുറ്റവാളികൾ ആവശ്യപ്പെട്ടു. വലിയ വരുമാനം നേടാനാകും എന്നായിരുന്നു വാഗ്ദാനം, അതിനായി പണം നിക്ഷേപിക്കാനും യുവാവിനോട് ആവശ്യപ്പെട്ടു. തന്റെയും ഭാര്യയുടെയും അക്കൗണ്ടിൽ നിന്ന് മൊത്തം 42,31,600 രൂപ അയാൾ നിക്ഷേപിച്ചു. എന്നാൽ, വൈകാതെ പണം പോയതായി മനസിലാക്കിയ ടെക്കി പൊലീസിനെ സമീപിക്കുകയായിരുന്നു.
എന്നാലിപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ‘സൈബർ സുരക്ഷാ അവബോധ ട്വിറ്റർ ഹാൻഡിലായ’ സൈബർ ദോസ്ത്, യൂട്യൂബ് ലൈക്ക് ആൻഡ് സബ്‌സ്‌ക്രൈബ് തട്ടിപ്പിനെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. തട്ടിപ്പ് നടത്തുന്നവർ വാട്ട്‌സ്ആപ്പും ടെലിഗ്രാമുമാണ് അതിനായി ഉപയോഗിക്കുന്നത്. അവിടെ യൂട്യൂബ് വിഡിയോകൾ ലൈക്ക് ചെയ്യുന്നതിനായി ഒരു തുക വാഗ്ദാനം ചെയ്യുന്നു.
ഒരു നിശ്ചിത തുക അതിലൂടെ സമ്പാദിച്ചതായി ആളുകളെ കാണിച്ച ശേഷം, തട്ടിപ്പുകാർ അവരോട് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നു. വലിയ വരുമാനം വാഗ്ദാനം ചെയ്താണ് നിക്ഷേപിക്കാൻ ആവശ്യപ്പെടുക. പണം നിക്ഷേപിക്കുന്നതോടെ ഇരയാക്കപ്പെട്ട ആളെ, വാട്സ്ആപ്പിൽ നിന്നും ടെലഗ്രാമിൽ നിന്നുമക്കം എല്ലായിടത്ത് നിന്നും ബ്ലോക്ക് ചെയ്യും. ഇതാണ് രീതിയെന്ന് വിഡിയോയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.