ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി യൂട്യൂബ്

പരസ്യങ്ങൾ തടയുന്ന ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്നതിനെ പ്രതിരോധിക്കാൻ കർശന നടപടികൾ സ്വീകരിച്ച് യൂട്യൂബ്. യൂട്യൂബിൽ വരുമാനത്തിന് തടസം നില്‍ക്കുന്ന, പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്യുന്ന ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കെതിരെയാണ് യൂട്യൂബ് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.

വരുമാനത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാന്‍ ഇപ്പോള്‍ ടെക്ക് കമ്പനികളാരും തന്നെ തയ്യാറല്ല. ആഗോള തലത്തില്‍ സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കാണുന്ന കമ്പനികള്‍ ഏത് വിധേനയും വരുമാന സ്രോതസ്സുകള്‍ കണ്ടെത്താനും നിലവിലുള്ള വരുമാന മാര്‍ഗങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കെതിരെ നടപടിയുമായി യൂട്യൂബ് രംഗത്തെത്തിയത്.

അടുത്തിടെ അവതരിപ്പിച്ച പോളിസിയില്‍ ആഡ് ബ്ലോക്കറുകളുടെ ഉപയോഗത്തിനെതിരെയുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നവര്‍ക്ക് അത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടുള്ള അറിയിപ്പ് നല്‍കും. ഇത്തരത്തില്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ആഡ് ബ്ലോക്കറുകള്‍ നിര്‍ത്താന്‍ ഉപഭോക്താവ് തയ്യാറായില്ലെങ്കില്‍ യൂട്യൂബ് നിയന്ത്രണങ്ങള്‍ ആരംഭിക്കും. ഇതേ തുടർന്ന് ഉപഭോക്താവിന് മൂന്ന് വീഡിയോകള്‍ മാത്രമേ പരമാവധി കാണാൻ സാധിക്കുകയുള്ളു. അതിന് ശേഷം വീഡിയോകള്‍ കാണുന്നത് യൂട്യൂബ് തടയും -കമ്പനി അറിയിച്ചു.

കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് വലിയ രീതിയില്‍ പ്രോത്സാഹനം നല്‍കിവരുന്ന യൂട്യൂബ് ക്രിയേറ്റര്‍മാര്‍ക്കുള്ള പ്രതിഫലം നല്‍കുന്നത് പരസ്യ വരുമാനത്തില്‍ നിന്നും സബ്‌സ്‌ക്രിപ്ഷനുകളില്‍ നിന്നുമാണ്. ക്രിയേറ്റര്‍മാര്‍ നിര്‍മിക്കുന്ന ഉള്ളടക്കങ്ങളിലൂടെ കമ്പനിക്കും വരുമാനം ലഭിക്കുന്നു. ഇതില്‍ കൃത്രിമം കാണിക്കുന്ന ഉപഭോക്താക്കളെയാണ് കമ്പനി തടയുന്നത്. യൂട്യൂബിന്റെ പ്രതിമാസ പ്രീമിയം നിരക്ക് 129 രൂപയിലാണ് ആരംഭിക്കുന്നത്. ഫാമിലി സബ്‌സ്‌ക്രിപ്ഷനാകട്ടെ 179 രൂപയാണ്. ഇതില്‍ അഞ്ച് പേര്‍ക്ക് അംഗങ്ങളാവാന്‍ സാധിക്കും.

പരസ്യം കാണാൻ താൽപര്യമില്ലാത്തവർ യൂട്യൂബിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുക. അതാണ് യൂട്യൂബിന്റെ നിബന്ധന. അല്ലാത്തപക്ഷം പരസ്യങ്ങള്‍ കാണാന്‍ ഉപഭോക്താക്കള്‍ ബാധ്യസ്ഥരാണ്. ഇത് സ്ഥിരമായ വിലക്കല്ല. ഉപഭോക്താവ് ആഡ് ബ്ലോക്കര്‍ ഒഴിവാക്കിയാല്‍ ഉടനെ യൂട്യൂബ് വീഡിയോകള്‍ വീണ്ടും ആസ്വദിക്കാനാവും. നയങ്ങൾ ലംഘിക്കുന്ന ഉപയോക്താക്കളെ ബ്ലോക്ക് ചെയ്യാൻ തുടങ്ങുമെന്ന് പ്ലാറ്റ്‌ഫോം അറിയിച്ചു.

Tags:    
News Summary - YouTube to crack down on users of ad blockers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.