ബെയ്ജിങ്: ചൈനയുടെ ബഹിരാകാശ നിലയത്തിന് സമീപം രണ്ട് തവണ സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ എത്തിയതായി യു.എന്നിന് നൽകിയ റിപ്പോർട്ടിൽ ചൈന. ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസിെൻറ റിപ്പോർട്ട് പ്രകാരം ജൂലൈ ഒന്നിനും ഒക്ടോബർ 21നുമാണ് സ്പേസ് എക്സ് വിക്ഷേപിച്ച സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ കൂട്ടിയിടിക്കലിെൻറ വക്കിലെത്തിയത്.
ഉപഗ്രഹങ്ങൾ നേർക്കു വരുന്നത് മുൻകൂട്ടി കണ്ടെത്താൻ സാധിച്ചതിനാലാണ് വൻദുരന്തം ഒഴിവായതെന്ന് ചൈന അവകാശപ്പെട്ടു. ഈ മാസാദ്യം യു.എൻ ഔട്ടർ സ്പേസ് അഫയേഴ്സിന് സമർപ്പിച്ച രേഖയിലാണ് ഇക്കാര്യമുള്ളത്.യു.എസ് ശതകോടീശ്വരൻ ഇലോൺ മസ്കിെൻറ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാൻ തങ്ങളുടെ ബഹിരാകാശ നിലയം സ്ഥാനം മാറാൻ നിർബന്ധിതരായെന്നും ചൈനയെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
സ്പേസ് സ്റ്റേഷനായ ടിയാൻഹെ കോർ മൊഡ്യൂളിനെ ഭ്രമണപഥത്തിലേക്കെത്തിക്കാനുള്ള ദൗത്യം ഉൾെപ്പടെ 2021ലെ അഞ്ച് വിക്ഷേപണങ്ങളും വിജയകരമായി പൂർത്തിയാക്കിയതായി ൽ ചൈന അറിയിച്ചു. ചൈനയുടെ ബഹിരാകാശ നിലയം ഏകദേശം 41.5 ഡിഗ്രി പരിക്രമണ ചരിവിൽ 390 കിലോമീറ്റർ ഉയരത്തിൽ സ്ഥിരതയുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ആരോപണത്തിൽ സ്പേസ് എക്സ് പ്രതികരിച്ചിട്ടില്ല. ആരോപണങ്ങളുമായി ബന്ധപ്പെട്ട് സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്കിനെതിരെ ചൈനീസ് പൗരന്മാർ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായി.
സ്റ്റാർലിങ്കിനെ തെമ്മാടി പദ്ധതിയായും ബഹിരാകാശം ജങ്കിെൻറ കൂമ്പാരമായതായും അവർ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.