ബെയ്ജിങ്: എവിടെയായിരിക്കും വീഴുക എന്നോർത്ത് ലോകം തലപുകക്കുകയായിരുന്നു. ഭൂമിയിലെങ്ങാനും പതിച്ചാൽ എന്തായിരിക്കും അവസ്ഥ എന്നതായിരുന്നു ആശങ്കക്ക് കാരണം. എന്നാൽ, ഒന്നും സംഭവിച്ചില്ല. ചില ശാസ്ത്രജ്ഞർ കണക്കുകൂട്ടിയതുപോലെ വെള്ളത്തിൽതന്നെ വീണു.
ഭൂമിയുടെ 70 ശതമാനവും വെള്ളമായതിനാൽ അതിനാണ് സാധ്യത എന്നായിരുന്നു അവർ പറഞ്ഞിരുന്നത്. ഞായറാഴ്ച പുലർച്ച (ചൈനീസ് പ്രാദേശിക സമയം രാവിലെ 10.45) മാലദ്വീപിന് വടക്ക് ഇന്ത്യൻ മഹാസമുദ്രത്തിലാണ് ലോങ് മാർച്ച് അഞ്ച് ബി റോക്കറ്റ് ഭാഗങ്ങൾ കൂപ്പുകുത്തിയത്. വീണ വസ്തുവിന് 18 ടൺ ഭാരമുണ്ടായിരുന്നു എന്നാണ് കണക്ക്. ഏപ്രിൽ 29ന് ചൈനയുടെ പുതിയ ബഹിരാകാശ കേന്ദ്രത്തെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ച ശേഷമാണ് പടുകൂറ്റൻ റോക്കറ്റ് താേഴക്ക് പോന്നത്. ദൗത്യനിർവഹണശേഷം ഭൂമിയിൽനിന്ന് നിയന്ത്രിച്ച് റോക്കറ്റിനെ താഴയിറക്കുന്ന രീതി ചൈനക്കില്ല.
കഴിഞ്ഞ വർഷം മറ്റൊരു ലോങ് മാർച്ച് റോക്കറ്റിെൻറ അവശിഷ്ടം ഐവറി കോസ്റ്റിലാണ് പതിച്ചത്. അന്ന് പ്രദേശത്ത് നാശനഷ്ടം സംഭവിച്ചെങ്കിലും ആളപായം ഉണ്ടായില്ല. ബഹിരാകാശത്തുനിന്ന് നിയന്ത്രണമില്ലാെത ഭൂമിയിലേക്ക് പതിച്ചതിൽ നാലാമത്തെ വലിയ വസ്തുവാണ് ഞായറാഴ്ച വീണ ലോങ് മാർച്ച് റോക്കറ്റ് ഭാഗമെന്ന് ഹാർവഡ് യൂനിവേഴ്സിറ്റി ബഹിരാകാശ ശാസ്ത്രജ്ഞൻ ജൊനാതൻ മക്ഡവൽ പറഞ്ഞു.
റോക്കറ്റ് ഒരു കുഴപ്പവുമുണ്ടാക്കില്ലെന്നായിരുന്നു ചൈനയുടെ തുടക്കംതൊട്ടേയുള്ള നിലപാട്. എന്നാൽ, അമേരിക്ക, അതിനോട് യോജിച്ചില്ല. ചൈനയുടേത് നിരുത്തരവാദ നിലപാടാണെന്ന് കുറ്റപ്പെടുത്തിയ അവർ, ഭൂമിയിലെ ജനവാസ പ്രദേശങ്ങളിൽ പതിച്ചാലുണ്ടാകുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. റോക്കറ്റ് എവിടെയാണ് പതിക്കുക എന്ന് ഏറ്റവും കാര്യക്ഷമമായി നിരീക്ഷിച്ചതും അമേരിക്കൻ സംഘമാണ്. ഭൗമാന്തരീക്ഷത്തിലൂടെ അതിവേഗം താഴേക്ക് പതിക്കുേമ്പാഴുണ്ടാകുന്ന ഉയർന്ന താപവും മർദവും മൂലം റോക്കറ്റ് ഭാഗങ്ങൾ സ്വയം കത്തിയമരുകയാണ് പതിവ്.
എന്നാൽ, ലോങ്മാർച്ച് റോക്കറ്റിെൻറ വലിയ ഭാഗങ്ങൾ കത്തിത്തീരാതിരുന്നതാണ് 'ദേ റോക്കറ്റ് വരുന്നു' എന്ന മുന്നറിയിപ്പിനും ലോകത്തിെൻറ ആശങ്കക്കും കാരണമായത്. കുറേഭാഗങ്ങൾ വീഴ്ചയിൽ കത്തിയമർന്നതായും ചൈനീസ് ബഹിരാകാശ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.