ശാസ്ത്രം നിർമിച്ച വിസ്മയങ്ങളിലൊന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐ.എസ്.എസ്). ബഹിരാകാശത്ത് ഭൂമിയോട് അടുത്ത ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ ഗവേഷണശാലയാണിത്. ഭൂമിയിൽ നിന്ന് 330 കിലോമീറ്ററിനും 435 കിലോമീറ്ററിനും ഇടയിലായാണ് ഇതിന്‍റെ സഞ്ചാരം.
72.8 മീറ്റർ നീളവും 108.5 മീറ്റർ വീതിയുമുള്ള ഈ നിലയം മണിക്കൂറിൽ 27,600 കിലോമീറ്റർ വേഗതയിലാണ് ഭൂമിക്ക് ചുറ്റും സഞ്ചരിക്കുന്നത്. അതായത്, 92.69 മിനുട്ട് കൊണ്ട് ഭൂമിയെ ഐ.എസ്.എസ് ഒരു തവണ ചുറ്റിവരും. അതുകൊണ്ട് തന്നെ ഒരു ദിവസം 16 സൂര്യോദയങ്ങളും അസ്തമയങ്ങളും കാണാൻ ഇതിലെ ഗവേഷകർക്ക് സാധിക്കും.
2022ലെ ആദ്യ സൂര്യോദയം കണ്ടതും ഐ.എസ്.എസിലെ ഗവേഷകരാണ്. സൂര്യോദയത്തിന്‍റെ മനോഹരമായ ചിത്രങ്ങൾ ഐ.എസ്.എസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
യു.എസ്.എ, റഷ്യ, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെയും 11 യൂറോപ്യൻ രാജ്യങ്ങളിലെയും ബഹിരാകാശ സംഘടനകളുടെയും സംയുക്തമായ പദ്ധതിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയാണ് പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്. ഏഴ് ഗവേഷകരാണ് നിലവിൽ ബഹിരാകാശ നിലയത്തിലുള്ളത്.
21 വർഷമായി ബഹിരാകാശ നിലയത്തിൽ പുതുവത്സരാഘോഷം നടക്കുന്നുണ്ടെങ്കിലും ഇത്തവണത്തെ ആഘോഷത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. നിലയത്തിലുള്ള ഏഴ് പേരെ കൂടാതെ മറ്റ് മൂന്നുപേർ കൂടി ആഘോഷങ്ങളിൽ പങ്കെടുത്തു. ചൈനീസ് സ്പേസ് സ്റ്റേഷനായ ടിയാങ്കോങ്ങിലുള്ള മൂന്നുപേരും ആഘോഷത്തിന്‍റെ ഭാഗമായി.
(ഐ.എസ്.എസിലെ നിലവിലെ ഗവേഷകർ)
റഷ്യയുടെ ആന്‍റൺ ഷ്‌കാപ്ലെറോവ്, പ്യോട്ടർ ഡുബ്രോവ്, നാസയുടെ മാർക്ക് വാൻഡ്ഹേ, തോമസ് മാർഷ്ബേൺ, രാജാ ശാരി, കെയ്‌ല ബാരൺ, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ മത്യാസ് മൗറർ എന്നിവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലും ചൈനയുടെ ബഹിരാകാശ നിലയമായ ടിയാങ്കോങ്ങിൽ ഹായ് സിഗാങ്, വാങ് യാപ്പിങ്, ഗുവാങ്‌ഹു എന്നിവരുമാണ് പുതുവത്സരാഘോഷത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.