വാഷിങ്ടൺ: നിയന്ത്രണം വിട്ട് ഭൂമിയിൽ പതിക്കുമെന്നുറപ്പായ ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5ബി എവിടെ വീഴുമെന്ന ആധിയിൽ ലോകം. 10 നില കെട്ടിടടത്തിന്‍റെ ഉയരവും 23 ടൺ ഭാരവുമുള്ള കൂറ്റൻ റോക്കറ്റ് ഭ്രമണ പഥത്തിൽനിന്ന് നിയന്ത്രണമില്ലാതെ താഴോട്ടുപതിക്കുന്നത് ശനിയാഴ്ചയോ ഞായറാഴ്ചയോ ആകുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ, എവിടെയാകുമെന്നതു സംബന്ധിച്ചാണ് ഇനിയും ഒരു ഉറപ്പും ലഭിക്കാത്തത്.
റോക്കറ്റ് പസഫിക്കിൽ വീഴുമെന്നാണ് നിലവിലെ കണക്കുകൂട്ടലെങ്കിലും മനുഷ്യവാസമുള്ള എവിടെയുമാകാമെന്ന് ആശങ്കയുണ്ട്. അങ്ങനെയെങ്കിൽ എളുപ്പം പുനരധിവസിപ്പിക്കൽ സാധ്യമല്ലാത്ത നഗരങ്ങളിലോ മറ്റോ ആയാൽ എന്തുചെയ്യുമെന്നതാണ് ഭരണകൂടങ്ങളെ മുനയിൽ നിർത്തുന്നത്.
ചൈനയുടെ പുതിയ ബഹിരാകാശ നിലയം തുടങ്ങുന്നതിന്‍റെ ഭാഗമായി ഏപ്രിൽ 29ന് ടിയാൻഹെ മൊഡ്യൂളും വഹിച്ച് ബഹിരാകാശത്തേക്ക് പുറപ്പെട്ടതാണ് ലോങ് മാർച്ച് റോക്കറ്റ്. നിലയത്തിനാവശ്യമായ ഏറ്റവും പ്രധാനപ്പെട്ട, ഭാരമുള്ള വസ്തുക്കൾ എത്തിക്കലായിരുന്നു ഉപയോഗം. 11 റോക്കറ്റുകൾ ആകാശത്തെത്തിയാലേ ഇൗ നിലയത്തിന്‍റെ നിർമാണവും പ്രവൃത്തനവും പൂർണാർഥത്തിലാകൂ.
ഇത്തരം ദൗത്യങ്ങളിലെ റോക്കറ്റുകളുടെ താഴ്ഭാഗം അതിവേഗം താഴോട്ടുപതിക്കുേമ്പാൾ മുകൾ ഭാഗമാണ് വൈകുക.
മൂന്നാമത്തെ ബഹിരാകാശ നിലയവും ഉടൻ പൂർത്തിയാക്കാനിരിക്കെ വരും മാസങ്ങളിലും കൂടുതൽ റോക്കറ്റുകൾ വിക്ഷേപിക്കുമെന്നതിനാൽ അപകടഭീതി തുടരുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
അമേരിക്കയിലെ ഷിക്കാഗോ മുതൽ ന്യൂയോർക് വരെ നിലവിൽ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞിട്ടുണ്ട്. എവിടെ പതിക്കുമെന്നതു സംബന്ധിച്ച് ചൈന ഇതുവരെയും പ്രതികരിച്ചിട്ടില്ല. ശനിയാഴ്ച രാത്രിയോടെ വടക്കുകിഴക്കൻ ആഫ്രിക്കയിലെ സുഡാനിൽ പതിച്ചേക്കുമെന്ന് അമേരിക്കയിലെ ഏറോസ്പേസ് കോർപറേഷൻ പറയുന്നു. എന്നാൽ, കാലാവസ്ഥ മാറ്റവും റോക്കറ്റ് എഞ്ചിൻ പ്രവർത്തനവും ആശ്രയിച്ചിരിക്കും സഞ്ചാരം.
ചൈനയുടെ റോക്കറ്റിനെ അമേരിക്കൻ, റഷ്യൻ ഏജൻസികൾ സൂക്ഷ്മമതായി നിരീക്ഷിച്ചുവരികയാണ്. മണിക്കൂറിൽ 28968 കിലോമീറ്റർ വേഗത്തിലാണ് റോക്കറ്റിന്‍റെ സഞ്ചാരം. ഭൗമ മണ്ഡലത്തിലെത്തി അതിവേഗം വീഴുമെന്നതിനാൽ അവസാന മണിക്കൂറുകളിൽ മാത്രമേ കൃത്യമായ പ്രവചനം സാധ്യമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.