റുത്ലാൻഡ് റിസർവോയറിൽ നിന്ന് കണ്ടെത്തിയ ഇക്ത്യോസോർ ഫോസിൽ

ആദ്യം കരുതി ദിനോസറാണെന്ന്, പക്ഷേ; 18 കോടി വർഷം മുമ്പുള്ള 'കടൽ ഡ്രാഗണിന്‍റെ' ഫോസിൽ കണ്ടെത്തി

ഇംഗ്ലണ്ടിലെ ഏറ്റവും വലിയ റിസർവോയറായ റുത്ലാൻഡ് റിസർവോയറിൽ നിന്നും 18 കോടി വർഷം മുമ്പ് ജീവിച്ചിരുന്നെന്ന് കരുതപ്പെടുന്ന ഇക്ത്യോസോർ എന്ന ഭീമൻ ജലജീവിയുടെ ഫോസിൽ കണ്ടെത്തി. 'കടൽ ഡ്രാഗണെ'ന്നും 'കടലിലെ വേട്ടക്കാരനെ'ന്നും വിശേഷിപ്പിക്കപ്പെടുന്ന, ദിനോസറുകളെപ്പോലെ വംശനാശം സംഭവിച്ച ഇക്ത്യോസോറിന്‍റെ 10 മീറ്റർ നീളമുള്ള ഫോസിലാണ് ലഭിച്ചിരിക്കുന്നത്.




റുത്ലാൻഡ് വൈൽഡ് ലൈഫ് ട്രസ്റ്റിലെ ഗവേഷകരാണ് ഡോൾഫിന് സമാനമായ ഈ ജീവിയുടെ ഫോസിൽ കണ്ടെത്തിയത്. 100 വർഗങ്ങളുള്ള കടൽ ഉരഗങ്ങളായിരുന്നു ഇക്ത്യോസോറുകൾ. 25 കോടി വർഷത്തിനും ഒമ്പത് കോടി വർഷത്തിനും ഇടയ്ക്ക് ഇവ ജീവിച്ചിരുന്നതായാണ് കണക്കാക്കുന്നത്. 25 മീറ്റർ വരെയാണ് പരമാവധി നീളം.



(സാങ്കൽപ്പിക ചിത്രം)

 

ഇക്ത്യോസോറുകളുടെ ഫോസിൽ ഇംഗ്ലണ്ടിൽ നിന്ന് നേരത്തെയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണ ലഭിച്ചത് ഏറ്റവും വലിയ ഫോസിലാണ്. ബ്രിട്ടീഷ് ഫോസിൽ പഠനചരിത്രത്തിലെ ഏറ്റവും മികച്ച കണ്ടെത്തലുകളിലൊന്നാണിതെന്ന് ഇക്ത്യോസോറുകളെ കുറിച്ച് പഠിക്കുന്ന ഡോ. ഡീൻ ലോമാക്സ് ചൂണ്ടിക്കാട്ടുന്നു. 

റുത്ലാൻഡ് വൈൽഡ് ലൈഫ് ട്രസ്റ്റിലെ ജോ ഡേവിസാണ് 2021 ഫെബ്രുവരിയിൽ ആദ്യമായി ഫോസിൽ അവശിഷ്ടം കണ്ടെത്തിയത്. ദിനോസർ ഫോസിലാണെന്നായിരുന്നു ആദ്യം കരുതിയത്. ഇദ്ദേഹം അധികൃതരെ വിവരമറിയിക്കുകയും വിശദമായ പഠനം നടത്തി മുഴുവൻ ഫോസിലും കണ്ടെത്തി ജീവിവർഗത്തെ തിരിച്ചറിയുകയുമായിരുന്നു. 

Tags:    
News Summary - Huge fossilised ‘sea dragon’ found in Rutland reservoir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.