ജപ്പാനിലെ പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ സോസോടൗൺ (Zozotown) സ്ഥാപകനും ശതകോടീശ്വരനുമായ യുസാകു മേസാവ ട്വിറ്ററിൽ പങ്കുവെച്ച ചിത്രം നെറ്റിസൺസിന്‍റെ മനം കവരുകയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അദ്ദേഹം സഞ്ചരിച്ച റോക്കറ്റ് പ്രവേശിക്കുന്നതിന് മുമ്പായി പകർത്തിയ ഭൂമിയുടെ കണ്ണഞ്ചിപ്പിക്കുന്ന ചിത്രമാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
''ഞങ്ങൾ ഐഎസ്‌എസിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പായി, എന്‍റെ സീറ്റിനടുത്തുള്ള 'സോയൂസി'ന്‍റെ ജനാലയിൽ നിന്ന് ഈ അത്ഭുതകരമായ കാഴ്ച ഞാൻ കണ്ടു. എനിക്ക് പറയാതിരിക്കാൻ കഴിഞ്ഞില്ല 'വൗ!' ആ മനോഹര ചിത്രം പകർത്താൻ ഞാൻ ഉടനെ എന്‍റെ ഐഫോൺ പുറത്തെടുത്തു. ഇത് അതിശയകരമല്ലേ!? ഇത് യഥാർത്ഥമാണ്!!! - യുസാകു മേസാവ ട്വിറ്ററിൽ കുറിച്ചു.
സമീപ വർഷങ്ങളിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിക്കുന്ന ആദ്യത്തെ ബഹിരാകാശ വിനോദസഞ്ചാരി കൂടിയാണ് മേസാവ. കഴിഞ്ഞ ബുധനാഴ്ച്ചയാണ് റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്‌സാണ്ടർ മിസുർകിൻ, വീഡിയോ പ്രൊഡ്യൂസർ യോസോ ഹിറാനോ എന്നിവർക്കൊപ്പം അദ്ദേഹം റഷ്യൻ റോക്കറ്റിൽ ഐ.എസ്.എസിലേക്ക് കുതിച്ചത്. ശകകോടീശ്വരന്‍റെ യൂട്യൂബ് ചാനലിന് വേണ്ടി യാത്രയുടെ വിഡിയോ റെക്കോർഡ് ചെയ്യാനാണ് യോസോ ഹിറാനോയെ മേസാവ ഒപ്പം കൂട്ടിയത്.
ഐ.എസ്.എസിൽ 12 ദിവസത്തോളം ചിലവഴിക്കുന്ന മേസാവക്ക് ബഹിരാകാശത്ത് വെച്ച് 'ഗോൾഫ് കളിക്കലും പേപ്പർ വിമാനം പറത്തലുമടക്കം' 100 കാര്യങ്ങൾ ചെയ്യാനുള്ള പദ്ധതി കൂടിയുണ്ട്. അതേസമയം, 2023-ലെ തന്‍റെ ചന്ദ്രനിലേക്കുള്ള യാത്രയുടെ മുന്നോടിയായുള്ള മേസാവയുടെ പരിശീലന യാത്ര കൂടിയാണിത്.
88 മില്യൺ ഡോളർ മുടക്കിയാണ് അദ്ദേഹം ബഹിരാകാശ നിലയത്തിലേക്ക് പോയത്. ശതകോടീശ്വരൻമാരായ ജെഫ് ബെസോസും റിച്ചാർഡ് ബ്രാൻസനും അവരുടെ സ്വകാര്യ കമ്പനികൾ നിർമിച്ച പേടകങ്ങളിൽ ബഹിരാകാശത്തേക്ക് വിനോദ യാത്ര നടത്തിയതിന് പിന്നാലെയാണ് ജാപ്പനീസ് ബില്യണയർ 12 ദിവസം അവിടെ ചിലവഴിക്കാനായി പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.