വാഷിങ്ടൺ: ഭൂമിയുടെ സമീപത്ത് ആയിരാമത്തെ ഛിന്നഗ്രഹമെത്തുന്നുവെന്ന് നാസ. ഏജൻസിയുടെ ജെറ്റ് പ്രോപ്പൽഷെൻ റഡാറാണ് ഭൂമിക്ക് 1.7 മില്യൺ കിലോമീറ്റർ അകലെ ഛിന്നഗ്രഹം എത്തുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 2021 പി.ജെ വൺ എന്നാണ് ഛിന്നഗ്രഹത്തിന് പേര് നൽകിയിരിക്കുന്നത്.
താരതമ്യേന വലിപ്പം കുറഞ്ഞ ഛിന്നഗ്രഹമായതിനാൽ ഇത് ഭൂമിക്ക് വെല്ലുവിളിയാകാനിടയില്ല. പ്രാഥമിക ഘട്ടത്തിലെ വിലയിരുത്തലുകൾ പ്രകാരം ഛിന്നഗ്രഹത്തിന് 65 മുതൽ 100 അടി വരെ വലിപ്പമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഭൂമിക്കടുത്തെത്തുന്ന ആയിരാമത്തെ ഛിന്നഗ്രഹമായി ഇതിനെ ചരിത്ര പുസ്തകത്തിൽ രേഖപ്പെടുത്തും.
ആയിരാമത്തെ ഛിന്നഗ്രഹത്തെ കണ്ടെത്തി ഏഴ് ദിവസങ്ങൾക്ക് ശേഷം ജെ.പി.എൽ 1001-ാമത്തെ ബഹിരാകാശ വസ്തുവിനേയും കണ്ടെത്തിയിരുന്നു. 2016 AJ193 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഭൂമിയുടെ ഏകദേശം 34 ലക്ഷം കിലോ മീറ്റർ അകലെ കൂടിയാണ് ബഹിരാകാശവസ്തു കടന്നു പോയതെന്നും നാസ വ്യക്തമാക്കിയിട്ടുണ്ട്.
അതിവേഗത്തിൽ നീങ്ങുന്ന ബഹിരാകാശ വസ്തുക്കളെ നിരീക്ഷിക്കുന്നതിനായി 1968ലാണ് റഡാർ സ്ഥാപിച്ചത്. ഛിന്നഗ്രഹങ്ങൾ ഉൾപ്പടെയുള്ളവ ഭൂമിക്ക് ഭീഷണിയാവുമോയെന്ന് റഡാറുകളിലൂടെ നിരീക്ഷിക്കാൻ സാധിക്കും. ബഹിരാകാശ വസ്തുക്കളുടെ വലിപ്പം, ആകൃതി തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങളെല്ലാം റഡാറുകൾ കണ്ടെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.