നൂറ്റാണ്ടുകൾ കഴിയുേമ്പാൾ ബഹിരാകാശത്ത് മനുഷ്യർ ജനിക്കുമെന്നും അവിടം അവരുടെ ആദ്യത്തെ വീടായി മാറുമെന്നും ആമസോണിൻെറ സ്ഥാപകനും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനുമായ ജെഫ് ബെസോസ്. ആളുകൾ ബഹിരാകാശത്ത് കോളനികളുണ്ടാക്കി താമസമാക്കും. ഇവിടുത്തുകാർ അവധിയാഘോഷിക്കാൻ യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് സന്ദർശിക്കുന്നത് പോലെ, വരും കാലങ്ങളിൽ ബഹിരാകാശത്ത് നിന്നും ആളുകൾ ഭൂമി സന്ദർശിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യരാശിയുടെ ഉത്ഭവസ്ഥാനമാണ് ഭൂമി എന്ന ആശയമാണ് തന്‍റെ കമ്പനിയുടെ പേരായ 'ബ്ലൂ ഒറിജിൻ' കൊണ്ട് ഉദ്ദേശിച്ചത്, അല്ലാതെ, അതിന്‍റെ 'അന്തിമ വിധി' എന്ന രീതിയിലല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാഷിംഗ്ടൺ ഡിസിയിൽ നടന്ന '2021 ഇഗ്നേഷ്യസ് ഫോറ'ത്തിൽ ബെസോസ് ബഹിരാകാശത്തെയും ബ്ലൂ ഒറിജിനിന്റെ പദ്ധതികളെയും ബഹിരാകാശ പര്യവേക്ഷണവും ഭൂമിയെ സംരക്ഷിക്കുന്നതും തമ്മിലുള്ള ബന്ധത്തെയും കുറിച്ച് സംസാരിച്ചു.
ബഹിരാകാശ കോളനി എന്ന തന്‍റെ പദ്ധതിയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. 'ഭൂമിയുടെ കാലാവസ്ഥയെയും ഗുരുത്വാകർഷണ ശക്തിയെയും അനുകരിക്കുന്ന ഫ്ലോട്ടിങ് ആവാസ വ്യവസ്ഥകൾ' എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിക്കുന്നത്. ഫ്ലോട്ടിംഗ്, സ്പിന്നിംഗ് സിലിണ്ടറുകൾക്ക് ഒരു ദശലക്ഷത്തോളം ആളുകളെ ഉൾക്കൊള്ളാൻ കഴിയുമെന്നും, കൂടാതെ "നദികളും വനങ്ങളും വന്യജീവികളും" അത്തരം കോളനികളിലുണ്ടായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
ബെസോസ് ബഹിരാകാശ കോളനികൾ നിർമ്മിക്കുക എന്ന ആശയം ആദ്യമായി പരാമർശിച്ചത് തന്‍റെ ഹൈസ്കൂൾ ബിരുദദാന വേളയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു. എന്നാൽ, മറ്റൊരു ഗ്രഹത്തിൽ ജീവിതം പുനരാരംഭിക്കാൻ ശ്രമിക്കുന്നതിനേക്കാൾ മികച്ച ഓപ്ഷനാണ് ബഹിരാകാശ കോളനികളെന്ന് താൻ വിശ്വസിക്കുന്നതായി അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു.
അതേസമയം, ബെസോസും ടെസ്‌ല - സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌ക്കും തമ്മിൽ ഇപ്പോൾ നിലനിൽക്കുന്ന ശീതയുദ്ധം ഭൂമിക്ക് പുറത്ത് എങ്ങനെ മനുഷ്യ ജീവിതം പറിച്ചുനടാമെന്ന ആശയവുമായി ബന്ധപ്പെട്ടാണ്. 'തന്‍റെ റോക്കറ്റ് കമ്പനിയുടെ പ്രധാന ലക്ഷ്യം ചൊവ്വയെ കോളനിവൽക്കരിക്കുകയാണെന്ന്' മസ്‌ക് പ്രസ്താവിച്ചിരുന്നു. എന്നാൽ, ഭൗമീകരിക്കുന്നതിനെ കുറിച്ചുള്ള ബെസോസിന്റെ പരാമർശം മസ്കിനിട്ടുള്ള കൊട്ട് കൂടിയായിരുന്നു. 'മനുഷ്യർക്ക് വാസയോഗ്യമാക്കാൻ ആണവായുധങ്ങൾ ഉപയോഗിച്ച് ഗ്രഹത്തെ പരിവർത്തനം ചെയ്യേണ്ടതുണ്ടെന്ന ശാസ്ത്ര-കൽപ്പിത ആശയം മസ്ക് അംഗീകരിച്ചു (ഇത് സംഭവ്യമല്ലെന്ന് നാസ മുേമ്പ പറഞ്ഞിരുന്നു).
എന്നാൽ, ബഹിരാകാശത്ത് ബെസോസിന്‍റെ പദ്ധതികളും നടക്കില്ലെന്ന് മസ്ക് 2019ൽ ട്വീറ്റ് ചെയ്തിരുന്നു. "അറ്റ്ലാന്റിക് സമുദ്രത്തിന്റെ മധ്യത്തിൽ ഒരു അമേരിക്കയെ നിർമ്മിക്കാൻ ശ്രമിക്കുന്നത് പോലെയായിരിക്കും," അതെന്നാണ് അദ്ദേഹം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.