ലണ്ടൻ: ബഹിരാകാശത്ത് വിനോദ വ്യവസായത്തിന്‍റെ അനന്ത സാധ്യതകൾ തുറന്ന് കന്നി യാത്രക്കാരനാകാൻ ബ്രിട്ടീഷ് ശതകോടീശ്വരൻ സർ റിച്ചാർഡ് ബ്രാൻസൺ ഇന്ന് രാത്രി പുറപ്പെടുന്നു. 17 വർഷം മുമ്പ് സ്വന്തമായി സ്ഥാപിച്ച വിർജിൻ ഗാലക്റ്റികിന്റെ ലേബലുള്ള പേടകത്തിലേറിയാണ് ബ്രാൻസണും മറ്റു അഞ്ചു പേരും ബഹിരാകാശത്തേക്ക് യാത്ര തിരിക്കുക. കടുത്ത മത്സരം കുറിച്ച് ബദ്ധവൈരികളായ ജെഫ് ബിസോസും ഇലോൺ മസ്കും വരും ദിവസങ്ങളിലും ബഹിരാകാശയാത്ര നടത്തും.
'ശതകോടീശ്വരന്മാരുടെ ആകാശ പ്പോര്' എന്നുപേരു വീണ കടുത്ത മത്സരത്തിനാണ് ബഹിരാകാശം സാക്ഷിയാകാൻ ഒരുങ്ങുന്നത്. ആദ്യം യാത്ര പ്രഖ്യാപിച്ച് ബിസോസ് മുന്നിലുണ്ടായിരുന്നുവെങ്കിലും തീയതി നേരത്തെയാക്കി ബ്രാൻസൺ ആദ്യ വിജയം കുറിക്കുകയായിരുന്നു. വിർജിൻ ഗാലക്റ്റികിന്റെ വി.എസ്.എസ് യൂനിറ്റിയിലേറിയാകും യാത്ര. വി.എം.എസ് ഈവ് എന്ന ജെറ്റാകും 50,000 അടി ഉയരം വരെ പേടകെത്ത നയിക്കുക. പൈലറ്റുമാരായി ഡേവ് മക്കായ്, മൈക്കൽ മസൂഷി എന്നിവരും വി.എം.എസ് ഈവിനെ നയിച്ച് സി.ജെ സ്റ്റർകോവ്, കെല്ലി ലാറ്റിമർ എന്നിവരുമുണ്ടാകും. ബെത് മോസസ്, കോളിൻ ബെനറ്റ്, ഇന്ത്യൻ വംശജയായ സിരിഷ ബണ്ട്ല എന്നിവരും ബ്രാൻസണെ അനുഗമിക്കുന്നുണ്ട്.
ചരിത്രം കുറിച്ചുള്ള യാത്ര കാണാൻ അവസരമൊരുക്കി വിർജിൻ ഗാലക്റ്റിക് തത്സമയ സംപ്രേഷണവും ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ സമയം വൈകുന്നേരം 6.30 മുതലാണ് സംപ്രേഷണം.
2004ൽ വിർജിൻ ഗാലക്റ്റിക് സ്ഥാപിച്ച് ഈ രംഗത്ത് ബഹുമുഖ പരീക്ഷണങ്ങളിലായിരുന്ന ബ്രാൻസൺ അടുത്തിടെയാണ് തന്‍റെ യാത്രക്ക് തീയതി കുറിച്ചത്. അമേരിക്കൻ സംസ്ഥാനമായ ന്യൂ മെക്സിക്കോയിലെ താവളത്തിൽനിന്നാണ് യാത്ര. സംസ്ഥാന ഭരണകൂടം തന്നെയാണ് യാത്രയുടെ പ്രധാന പ്രായോജകർ.
ബ്രാൻസണെ അനുമോദിച്ച് ആമസോൺ സ്ഥാപകൻ ബിസോസും ്സ്പേസ് എക്സ് മസ്കും സമൂഹ മാധ്യമങ്ങളിലെത്തിയിരുന്നു.
ബഹിരാകാശത്ത് മനുഷ്യന്‍റെ കാഴ്ചകൾക്ക് ദൂരവും വ്യാപ്തിയും നൽകുന്ന രാജ്യാന്തര ബഹിരാകാശ നിലയ (ഐ.എസ്.എസ്)ത്തിലേക്ക് പലവുരു മനുഷ്യർ യാത്രയായിട്ടുണ്ടെങ്കിലും വിനോദ സഞ്ചാരത്തിന്‍റെ ഭാഗമായിട്ടായിരുന്നില്ല അവയൊന്നും. പകരം ശാസ്ത്ര ലക്ഷ്യങ്ങളോടയായിരുന്നു. അതുതിരുത്തിയാണ് ബ്രാൻസന്‍റെ യാത്ര. 50,000 അടി (15 കിലോമീറ്റർ) ദൂരം വി.എം.എസ് ഈവ് എന്ന ജെറ്റിനുപുറത്ത് സഞ്ചരിക്കുന്ന വി.എസ്.എസ് യൂനിറ്റി അതുകഴിഞ്ഞ് സ്വതന്ത്രമായി ബഹിരാകാശത്തിന്‍റെ അതിർത്തിയായി നാസ കണക്കാക്കിയ 80 കിലോമീറ്റർ ഉയരം വരെ ഒറ്റക്ക് സഞ്ചരിക്കും. റോക്കറ്റ് എഞ്ചിൻ വിടുന്നതോടെ യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് ഒഴിവാക്കി കൂടുതൽ സ്വതന്ത്രരാകാം. നിമിഷങ്ങളോളം തീരെ ഭാരമില്ലായ്മയും അനുഭവിക്കാം. പേടകത്തിന്‍റെ 17 ജനലുകൾ വഴി ഭൂമിയുടെ ആകൃതി നേരിട്ട് നോക്കിക്കാണാമെന്ന സേന്താഷവുമുണ്ടാകും.
അതുകഴിയുന്നതോടെ തിരികെ യാത്ര തുടങ്ങും. നേരത്തെ ഹോട്ട് എയർ ബലൂണിങ്ങിലും ബോട്ടിങ്ങിലും ലോക റെക്കോഡ് കുറിച്ച 70 കാരനായ ബ്രാൻസണ് ഇത് പുതിയ ചരിത്രത്തിന്‍റെ പിറവിയും അനുഭവവുമാകും.
2022 ഓടെ വാണിജ്യാടിസ്ഥാനത്തിൽ യാത്രക്കാരുമായി പോകാനാണ് ബ്രാൻസൺ ലക്ഷ്യമിടുന്നത്. ഒരു വർഷം 400 യാത്രവരെ ഇങ്ങനെ നടത്തും. ഹോളിവുഡ് സെലിബ്രിറ്റികൾ ഉൾപെടെ 60 രാജ്യങ്ങളിലെ 600 ഓളം പേർ ഇതിനകം യാത്രക്ക് തുക നൽകി കാത്തിരിക്കുന്നുണ്ട്. രണ്ടു ലക്ഷം മുതൽ രണ്ടര ലക്ഷം വരെ ഡോളറാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്.
ബ്ലൂ ഒറിജിന്‍റെ ന്യൂ ഷെപ്പേഡ് റോക്കറ്റിലേറി ബെസോസിന്‍റെ യാത്ര ജൂലൈ 20നാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.