ശതകോടീശ്വരനും വെർജിൻ ഗലാക്റ്റിക് മേധാവിയുമായ റിച്ചാർഡ് ബ്രാൻസണിന്‍റെ നേതൃത്വത്തിൽ നടത്തിയ ബഹിരാകാശയാത്ര ലോകമെമ്പാടും വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ആ യാത്ര ബഹിരാകാശ ടൂറിസം രംഗത്ത് വലിയ നാഴികല്ലായി മാറും എന്നാണ് വിലയിരുത്തപ്പെടുന്നത്. വെർജിൻ ഗലാക്റ്റിക്കിന്‍റെ സ്പേസ് പ്ലെയിനായ വി.എസ്.എസ് യൂനിറ്റിയിലായിരുന്നു ബ്രാൻസണിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ദൗത്യം പൂർത്തീകരിച്ച് തിരികെ ലാൻഡ് ചെയ്തത്. ആന്ധ്രയിലെ ഗുണ്ടൂരിൽ വേരുകളുള്ള ശിരിഷ ബാൻഡ്ലയും സംഘത്തിലുണ്ടായിരുന്നു. അതോടെ ഇന്ത്യക്കാർക്കും ബ്രാൻസണിന്‍റെ ബഹിരാകാശ യാത്ര വലിയ അഭിമാനമായി മാറി.
എന്നാൽ, അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമായ നീൽ ഡിഗ്രാസ് ടൈസണ് വെർജിൻ ഗലാറ്റിക്കിെൻറ 'വിജയകരമായ ബഹിരാകാശ യാത്ര'യെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. സി.എൻ.എന്നുമായുള്ള അദ്ദേഹത്തിെൻറ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ അദ്ദേഹം നടത്തിയത്. ശതകോടീശ്വരനായ ബ്രാൻസൺ ശരിക്കും ബഹിരാകാശത്തേക്ക് പോയിട്ടില്ലെന്നാണ് ടൈസൺ അവകാശപ്പെടുന്നത്. ബഹിരാകാശ ടൂറിസം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ശ്രമിക്കുന്ന ബ്രാൻസണ് അതിന് സാധിച്ചിട്ടില്ലെന്നും ഭ്രമണപദത്തിലേക്ക് (orbital) അദ്ദേഹത്തിന് എത്താൻ കഴിഞ്ഞിട്ടില്ലെന്നുമാണ് ടൈസൺ പറയുന്നത്.
'എന്നോട് ക്ഷമിക്കണം... ആദ്യം തന്നെ പറയാം, അത് വെറും 'സബോർബിറ്റൽ' മാത്രമായിരുന്നു.. അലൻ ഷെപ്പേർഡിനൊപ്പം നാസ അത് 60 വർഷം മുമ്പ് തന്നെ സാധ്യമാക്കിയിട്ടുണ്ട്. കേപ് കനാവറലിൽ നിന്ന് പറന്നുയർന്ന് അന്നവർ സമുദ്രത്തിൽ വന്നിറങ്ങുകയാണ് ചെയ്തത്. ഭ്രമണപഥത്തിലെത്താനായി അതിവേഗതയിൽ പോയിട്ടില്ലെങ്കിൽ നിങ്ങൾ വീഴുകയും ഭൂമിയിലേക്ക് പതിക്കുകയും ചെയ്യും. " -ടൈസൺ വ്യക്തമാക്കി. "അതുകൊണ്ട് തന്നെ, നിങ്ങൾ വേണ്ടത്ര ഉയരത്തിലെത്തിയിട്ടുണ്ടോ...? നിങ്ങൾ ഭ്രമണപഥത്തിൽ പോയിട്ടുണ്ടോ..? യഥാർത്ഥത്തിൽ നിങ്ങൾ എവിടെയെങ്കിലും പോയിട്ടുണ്ടോ...? നിങ്ങൾക്ക് ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ അതിനപ്പുറത്തേക്കോ എത്താൻ സാധിച്ചിട്ടുണ്ടോ...? " - അദ്ദേഹം ചില ചോദ്യങ്ങളും ഉന്നയിച്ചു.
തെൻറ അവകാശവാദം സമർഥിക്കാനായി കൈയ്യിലൊരു ഗ്ലോബ് പിടിച്ച് ടൈസൺ വിശദീകരിക്കുകയും ചെയ്തു. ഗ്ലോബിനെ ഭൂമിയായി സങ്കൽപ്പിക്കാൻ ആവശ്യപ്പെട്ട അദ്ദേഹം ആ ഭൂമിയുമായി ഒരു സെൻറീമീറ്റർ അകലത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയവും ബഹിരാകാശ ഭ്രമണപഥവും സ്ഥിതിചെയ്യുന്നതെന്നും പറഞ്ഞു. അതുപോലെ ചന്ദ്രൻ 10 മീറ്റർ വരെ അകലെയാണെന്നും ചൂണ്ടിക്കാട്ടി. ഈ സ്കെയിൽ അനുസരിച്ച്, റിച്ചാർഡ് ബ്രാൻസൺ ഉപരിതലത്തിൽ നിന്ന് ഏകദേശം രണ്ട് മില്ലീമീറ്റർ വരെ മാത്രമാണ് ഉയർന്നതെന്നും, നീൽ ഡിഗ്രാസ് ടൈസൺ വ്യക്തമാക്കി. അതുകൊണ്ട് തന്നെ അത്തരമൊരു യാത്ര നടത്തിയതിനെ 'ബഹിരാകാശ യാത്ര' എന്ന് വിളിക്കുന്നതിലുള്ള യുക്തിയെന്താണ്..? എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
"നിങ്ങൾക്ക് അതിനെ 'സ്പേസ്' എന്ന് വിളിക്കണോ.. കുഴപ്പമില്ല, കാരണം ശരാശരി മനുഷ്യർക്ക് മുമ്പ് അവിടെ എത്താൻ കഴിഞ്ഞിട്ട.., ഇത് നിങ്ങൾക്കുള്ള ആദ്യത്തെ അനുഭവം കൂടിയാണ്. അതുകൊണ്ടാണ് ഭ്രമണപഥത്തിലെത്താൻ എട്ട് മിനിറ്റും ചന്ദ്രനിൽ എത്താൻ മൂന്ന് ദിവസവും എടുക്കുന്നത്. അതാണ് യഥാർത്ഥത്തിൽ ബഹിരാകാശ യാത്ര. അതിനാൽ എനിക്ക് അതിനെ 'ഓ, നമുക്ക് ബഹിരാകാശത്തേക്ക് പോകാം' എന്ന രീതിയിൽ കാണാൻ സാധിക്കില്ല. നിങ്ങൾക്ക് മുകളിൽ നിന്ന് ഭൂമിയുടെ മനോഹരമായ കാഴ്ച ലഭിക്കും. അത്ര തന്നെ''. -ടൈസൺ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.