ലണ്ടൻ: ഹൃദയതാളം വീണ്ടെടുക്കുന്നതിൽ മനുഷ്യരെ സഹായിച്ച് പതിറ്റാണ്ടുകളായി അവനൊപ്പമുള്ള പേസ്മേക്കറുകൾക്ക് വയർലസ് പതിപ്പുമായി ശാസ്ത്രജ്ഞർ. ഹൃദയത്തിനു പുറത്ത് ഘടിപ്പിക്കാവുന്ന ബാറ്ററിയില്ലാ പേസ്മേക്കറാണ് പുതുതായി വികസിപ്പിച്ചിരിക്കുന്നത്. ഇവ ശരീരത്തിൽ അലിഞ്ഞുചേരുമെന്നതിനാൽ നിലവിലെ പേസ്മേക്കറുകൾക്കാവശ്യമായ നിയന്ത്രണം ആവശ്യമായി വരില്ല. 100 ഡോളർ മാത്രമേ വില വരൂ എന്ന സവിശേഷതയുണ്ടെന്നും ഗവേഷകർ പറയുന്നു.
1958ൽ ആദ്യമായി മനുഷ്യ ശരീരത്തിെൻറ ഭാഗമായി മാറിയ പേസ്മേക്കർ ചിലർക്ക് ആയുഷ്കാലം വേണ്ടിവരുമെങ്കിൽ മറ്റുള്ളവർക്ക് ആഴ്ചകളോ മാസങ്ങളോ മതിയാകും. ഓപൺ-ഹാർട്ട് ശസ്ത്രക്രിയ കഴിഞ്ഞവർക്കാണ് താത്കാലിക പേസ്മേക്കർ ഘടിപ്പിക്കുന്നത്. ദശലക്ഷങ്ങൾ ഇതിനകം ഉപയോഗിച്ച പേസ്മേക്കർ കൂടുതൽ സൗകര്യപ്രദമായ രീതിയിൽ എത്തുന്നത് ആശ്വാസകരമാകും.
മഗ്നീസ്യം, ടങ്സ്റ്റൺ, സിലിക്കൺ എന്നിവക്കു പുറമെ പി.എൽ.ജി.എ എന്ന പോളിമറും ചേർത്ത് നിർമിക്കുന്ന പുതിയ പേസ്മേക്കറിന് അരഗ്രാം ഭാരമാണുള്ളത്. രാസപ്രവർത്തനം വഴി ഇവ അലിഞ്ഞ് ശരീരത്തിെൻറ ഭാഗമായിമാറും. കാഴ്ചയിൽ ഒരു കുഞ്ഞ് ടെന്നിസ് റാക്കറ്റ് പോലിരിക്കുന്ന പേസ്മേക്കർ വയർലസ് സാങ്കേതികത വഴിയാണ് നിയന്ത്രിക്കപ്പെടുന്നത്. സ്മാർട്ഫോണുകൾ, ഇലക്ട്രിക് ടൂത്ബ്രഷുകൾ എന്നിവയുടെ വയർലസ് ചാർജിങ് പോലെതന്നെയാണ് ഇതിലും.
എലികളിലും മുയലുകളിലും നായകളിലും നടത്തിയ പരീക്ഷണം വിജയമാണെന്ന് ഗവേഷകർ പറയുന്നു. എലികളിൽ നാലു ദിവസം വരെ അതേ രൂപത്തിൽ നിലനിൽക്കുന്ന ഇവ പിന്നീട് അലിഞ്ഞുതുടങ്ങുന്നു. ഏഴാഴ്ച കഴിഞ്ഞ് നടത്തിയ പരിശോധനകളിൽ സ്കാനിങ്ങിൽ കാണാനാകാത്ത വിധം പൂർണമായി അലിഞ്ഞുചേർന്നിരുന്നു. നാച്വർ ബയോടെക്നോളജി ജേണലിലാണ് ഇവയെ കുറിച്ച വിശദാംശങ്ങളുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.