ഫ്ലോറിഡ: യു.എസ് സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സിെൻറ ബഹിരാകാശ ദൗത്യവുമായി ഫാൽക്കൺ ഒമ്പത് റോക്കറ്റ് പറന്നുയർന്നു. ശനിയാഴ്ച പ്രാദേശിക സമയം വൈകീട്ട് 3.22നായിരുന്നു വിക്ഷേപണം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻററിൽ നീൽ ആംസ്ട്രോങ് ചന്ദ്രനിലേക്ക് പറന്നുയർന്ന അതേ ലോഞ്ച് പാഡ് 39 ‘എ’യിൽനിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്.
നേരത്തെ വ്യാഴാഴ്ചയായിരുന്നു വിക്ഷേപണം നടക്കാനിരുന്നത്. എന്നാൽ, മോശം കാലാവസ്ഥയെത്തുടർന്ന് അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു. പ്രമുഖ വ്യവസായി ഇലോൺ മസ്കിെൻറ ഉടമസ്ഥതയിലുള്ള കമ്പനിയാണ് സ്പേസ് എക്‌സ്. നാസയുമായി കൈകോർത്ത് സ്വകാര്യപേടകത്തിൽ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ച് (ഐ.എസ്.എസ്) പുതുചരിത്രം രചിക്കാനുള്ള കുതിപ്പിലാണ് റോക്കറ്റ്. ഒമ്പത് വര്‍ഷങ്ങക്ക് ശേഷമാണ് അമേരിക്കന്‍ മണ്ണില്‍നിന്നും നാസയുടെ സഞ്ചാരികൾ ബഹിരാകാശത്തേക്ക് പറക്കുന്നത്.
സ്‌പേസ് എക്‌സ് വികസിപ്പിച്ചെടുത്ത ഡ്രാഗണ്‍ ക്രൂ പേടകത്തിൽ ബോബ് ബെങ്കന്‍, ഡഗ്ലസ് ഹര്‍ലി എന്നീ ബഹിരാകാശ ഗവേഷകരാണുള്ളത്. സ്പേസ് എക്സിെൻറ തന്നെ ഫാൽക്കൺ ഒമ്പത് റോക്കറ്റിലായിരുന്നു വിക്ഷേപണം. ബെങ്കനും ഹാർലിയും സ്വകാര്യ ബഹിരാകാശ പേടകത്തില്‍ സഞ്ചരിക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരികളായി മാറി. നാസയുടെ നിരവധി ദൗത്യങ്ങളിൽ പങ്കാളികളായ ഇരുവരും ഏജൻസിയുടെ ഏറ്റവും മികച്ച സഞ്ചാരികളും ഉറ്റ സുഹൃത്തുക്കളും കൂടിയാണ്. 19 മണിക്കൂർ കൊണ്ടാണ് ഇവർ ബഹിരാകാശ നിലയിത്തിലെത്തുക. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വിക്ഷേപണം കാണാൻ ഫ്ലോറിഡയിലെത്തിയിരുന്നു.
2011 ന് ശേഷം റഷ്യൻ വാഹനമായ സോയൂസിലാണ് അമേരിക്കന്‍ സഞ്ചാരികൾ ബഹിരാകാശ നിലയത്തിലെത്തിയിരുന്നത്. റഷ്യക്ക് ദശലക്ഷങ്ങൾ കൊടുത്തായിരുന്നു യാത്രകൾ. ബഹിരാകാശ രംഗത്തെ അമേരിക്കയുടെ കുത്തക തിരികെ പിടിക്കാൻ റിപബ്ലിക്കൻ പാർട്ടി നടത്തുന്ന ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഇത്തരം പദ്ധതികൾ. ഇതിെൻറ ചുവടുപിടിച്ച് 2024ൽ വീണ്ടും ചന്ദ്രനിലേക്കും പിന്നാലെ ചൊവ്വയിലേക്കും മനുഷ്യനെ അയക്കാൻ നാസ പദ്ധതിയിടുന്നുണ്ട്.
2010ൽ മുൻ പ്രസിഡൻറ് ബറാക് ഒബാമയുടെ കാലത്താണ് അമേരിക്കൻ ബഹിരാകാശ യാത്രികരെ വഹിക്കാൻ സ്വകാര്യ ബഹിരാകാശ പേടകങ്ങൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബഹിരാകാശ ഏജൻസിയുടെ വാണിജ്യ ക്രൂ പ്രോഗ്രാം ആരംഭിക്കുന്നത്. ഇന്ത്യൻ വംശജയായ കൽപന ചൗളയടക്കം ഏഴ് സഞ്ചാരികൾ കൊല്ലപ്പെട്ട കൊളംബിയ ദുരന്തത്തിന് േശഷമാണ് ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രകൾക്ക് സ്വകാര്യ ഏജൻസികളെയും ആശ്രയിക്കാമെന്ന നിലയിലേക്ക് അമേരിക്ക മാറി ചിന്തിച്ച് തുടങ്ങിയത്.
We have liftoff. History is made as @NASA_Astronauts launch from @NASAKennedy for the first time in nine years on the @SpaceX Crew Dragon: pic.twitter.com/alX1t1JBAt
— NASA (@NASA) May 30, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.