ഫ്ലോറിഡ: ബഹിരാകാശ വിനോദ സഞ്ചാരത്തിന് കൂടുതൽ കരുത്തു പകരാൻ സഹായിക്കുന്ന സ്പേസ് എക്സ് പേടകത്തിന്‍റെ വിക്ഷേപണം വിജയകരം. ഇൻസ്പിരേഷൻ 4 പദ്ധതിയുടെ ഭാഗമായുള്ള പേടകം നാസയുടെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നാണ് വിജയകരമായി വിക്ഷേപിച്ചത്. ഫാൽകൺ 9 റോക്കറ്റ് ആണ് പേടകത്തെ ബഹിരാകാശത്ത് എത്തിച്ചത്.
അമേരിക്കാരായ യാത്രക്കാരിൽ ആരും ബഹിരാകാശ വിദഗ്ധരല്ല എന്നതാണ് യാത്രയുടെ പ്രത്യേകത. ശതകോടീശ്വരനായ ജറേദ് ഐസക്മാൻ അടക്കം രണ്ട് പുരുഷന്മാരും രണ്ട് വനിതകളുമാണ് സംഘത്തിലുള്ളത്. അർബുദത്തെ പൊരുതി ജയിച്ച ഫിസിഷ്യനും 29കാരിയുമായ ഹെയ് ലി ആർസിനെക്സും 51കാരിയായ ജിയോ സയന്‍റിസ്റ്റുമായ സിയാന്‍ പ്രോക്റ്ററുമാണ് വനിതാ യാത്രക്കാർ.
അർബുദത്തെ തുടർന്ന് ഹെയ് ലിയുടെ കാലിലെ ഒരു എല്ല് നീക്കം ചെയ്ത് കൃത്രിമ എല്ല് ഘടിപ്പിച്ചിരുന്നു. കൃത്രിമ എല്ലുമായി ബഹിരാകാശ യാത്ര ചെയ്യുന്ന ആദ്യ വനിതയാണ് ഹെയ് ലി. 2009ൽ ബഹിരാകാശ യാത്രക്കായി സിയാനെ നാസ തെരഞ്ഞെടുത്തിരുന്നു. ബഹിരാകാശ യാത്ര നടത്തുന്ന നാലാത്തെ ആഫ്രോ-അമേരിക്കൻ വംശജയാണ് സിയാൻ. യു.എസ് വ്യോമസേന മുന്‍ പൈലറ്റും എയ്റോസ്പേസ് ഡേറ്റാ എൻജനീയറുമായ 42കാരൻ ക്രിസ് സെംബ്രോസ്കിയാണ് നാലമത്തെ യാത്രക്കാരൻ.
ആറു മാസം മുമ്പാണ് യാത്രക്കാരെ തെരഞ്ഞെടുത്തത്. ഇലോണ്‍ മസ്കിന്‍റെ ബഹിരാകാശ വിനോദ സഞ്ചാര പദ്ധതിയുടെ ആദ്യഘട്ട യാത്രയാണിത്. 200 മില്യന്‍ ഡോളറാണ് നാലു പേര്‍ക്കും കൂടിയുള്ള ആകെ ചെലവ്. മൂന്നു ദിവസം ബഹിരാകാശത്ത് ചെലവഴിക്കുന്ന പേടകം യാത്രക്ക് ശേഷം ഫ്ലോറിഡക്ക് സമീപം അറ്റ്ലാന്‍റിക് സമുദ്രത്തില്‍ ഇറങ്ങും.
ലോകത്തിലെ ആദ്യ സ്വകാര്യ ബഹിരാകാശ കമ്പനിയാണ് സ്പേസ് എക്സ്. വർഷങ്ങളായി മനുഷ്യന്‍റെ ചൊവ്വാ പര്യവേക്ഷണത്തിനായുള്ള പരീക്ഷണങ്ങളിലാണ് കമ്പനി. ഭാവിയിൽ ചന്ദ്രനിലേക്ക് മനുഷ്യരെയും 100 ടണ്ണിലധികം ഭാരം വഹിക്കുന്ന കാർഗോയും വഹിച്ചു പോകാനുള്ള ഭീമൻ റോക്കറ്റിന്‍റെ നിർമാണത്തിലാണ്. സ്പേസ് എക്സ് നിർമിക്കുന്ന സ്റ്റാർഷിപ്പിന്‍റെ സെപ്റ്റംബർ 16ലെ പരീക്ഷണ പറക്കൽ ഭാഗികമായി വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.