ഇലോൺ മസ്​കി​െൻറ സ്റ്റാർഷിപ്പ്​ പരീക്ഷണം വീണ്ടും പരാജയപ്പെട്ടു; പൊട്ടിത്തെറിച്ച്​ ലാൻഡിങ്​

ലണ്ടൻ: ബഹിരാകാശ സഞ്ചാരികളുമായി ചൊവ്വയിലേക്കും ചന്ദ്രനിലേക്കും പറക്കാൻ ലക്ഷ്യമിട്ട്​ ശതകോടീശ്വരൻ ഇലോൺ മസ്​കിന്‍റെ സ്​പേസ്​ എക്​സ്​ നിർമിക്കുന്ന സ്റ്റാർഷിപ്​ രണ്ടാം ഘട്ട പരീക്ഷണവും ദുരന്തം. 10 കിലോമീറ്റർ പറന്നുയർന്ന ശേഷം മടക്കയാത്രക്കിടെ  സ്​ഫോടനത്തോടെ തകർന്നുവീഴുകയായിരു​ന്നു. രണ്ടു മാസം മുമ്പ്​ ആദ്യ പരീക്ഷണവും ദുരന്തമായിരുന്നു.

ടെക്​സസിൽ നിന്ന്​ ചൊവ്വാഴ്ചയാണ്​ സ്​പേസ്​ എക്​സ്​ സ്റ്റാർഷിപ്പ്​ ആകാ​ശത്തേക്ക്​ പറന്നുയർന്നത്​. ലക്ഷ്യം പൂർത്തിയാക്കി മടക്കയാ​ത്ര ആരംഭിക്കുംവരെ എല്ലാം ശുഭകരമായി തോന്നിയെങ്കിലും ലാൻഡിങ്ങിൽ പിഴച്ചു. അതോടെ​ പരിസര പ്രദേശങ്ങളെ തീയിലും പുകയിലും മുക്കി പേടകം അഗ്​നിഗോളമായി നിലംപൊത്തി​. ''ലാൻഡിങ്​ ഇനിയും പരി​ഹരിക്കേണ്ട പ്രശ്​നമാണെന്ന്​' സംഭവ ശേഷം സ്​പേസ്​ എക്​സ്​ ലോഞ്ച്​ വക്​താവ്​ ജോൺ ഇൻസ്​പ്രക്കർ പറഞ്ഞു. ആറര മിനിറ്റായിരുന്നു ദൗത്യത്തിന്‍റെ സമയം.


ആളുകളുമായി ചൊവ്വയിലേക്ക്​ പറക്കാൻ ലക്ഷ്യമിട്ടാണ്​ ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ മുന്നിലുള്ള മസ്​ക്​ സ്​പേസ്​ എക്​സ്​ സ്റ്റാർഷിപ്പ്​ പദ്ധതി അതിവേഗം പൂർത്തിയാക്കാനായി രംഗത്തുള്ളത്​. ഇതിന്‍റെ ഭാഗമായി നിർ​മാണം പൂർത്തിയാക്കിയ സ്റ്റാർഷിപ്പ്​ എസ്​.എൻ9 എന്ന പേടകമാണ്​ ചൊവ്വാഴ്​ച തകർന്നത്​. ഡിസംബറിലും ലാൻഡിങ്ങിനിടെയായിരുന്നു തകർച്ച. രണ്ടെണ്ണം തകർന്നെങ്കിലും സ്റ്റാർഷിപ്​ എസ്​.എൻ 10 വൈകാതെ പരീക്ഷണത്തിനെത്തു​ം.

ബഹിരാകാശ സഞ്ചാരികളുമായി യാത്രക്ക്​ പുറമെ, ബഹിരാകാശ പേടകങ്ങളിലേക്ക്​ ചരക്കെത്തിക്കാനും സഹായിക്കുംവിധമാണ്​ സ്റ്റാർഷിപ്പ്​ നിർമാണം. പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന ചാന്ദ്ര ദൗത്യവും പുനരാരംഭിക്കും. എന്നാൽ, രണ്ടുവട്ടവും പരീക്ഷണം തകർച്ചയിൽ കലാശിച്ചത്​ സ്​പേസ്​ എക്​സിനെ സമ്മർദത്തിലാക്കും.

ഓ​േരാ വർഷവും 100 സ്റ്റാർഷിപ്പുകൾ നിർമിക്കാനാണ്​ ലക്ഷ്യമെന്ന്​ നേരത്തെ ഇലോൺ മസ്​ക്​ പറഞ്ഞിരുന്നു. 100 യാത്രക്കാരെ വരെ വഹിക്കാൻ ശേഷിയുള്ളതാകും ഓരോ വാഹനവും.

മനുഷ്യവാസം ഭൂമിയിൽനിന്ന്​ മറ്റു ഗോളങ്ങളിലേക്കുകൂടി എത്തിക്കുകയാണ്​ തന്‍റെ ലക്ഷ്യമെന്ന്​ മസ്​ക്​ പ്രഖ്യാപിച്ചിരുന്നു. 2024ൽ ചൊവ്വയിലേക്ക്​ ആദ്യമായി ആളെയെത്തിക്കാനാവുമെന്നാണ്​ അദ്ദേഹത്തിന്‍റെ പ്രതീക്ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.