ന്യൂയോർക്ക്: ഭൂമിയുടെ നേർക്ക് ഒരു കുഞ്ഞൻ ഛിന്നഗ്രഹം പാഞ്ഞടുക്കുകയാണെന്ന് നാസയുടെ അറിയിപ്പ്. എന്നാൽ, അപകടഭീഷണിയാവില്ലെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. 0.41 ശതമാനം മാത്രമാണ് ഈ ഛിന്നഗ്രഹം ഭൂമിയെ ഇടിക്കാനുള്ള സാധ്യത. ഇനി അങ്ങനെയെങ്ങാൻ സംഭവിക്കുകയാണെങ്കിൽ അമേരിക്കയിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടു തലേദിവസമാകും ഈ കൂട്ടിയിടി. നവംബർ മൂന്നിനാണ് അമേരിക്കയിൽ തെരഞ്ഞെടുപ്പ്.
'2018 വിപി വൺ' എന്ന് പേരിട്ട ഛിന്നഗ്രഹത്തിന്‍റെ വ്യാസം ആറരയടി മാത്രമാണ്. നവംബർ രണ്ടിന് ഭൂമിക്ക് തൊട്ടടുത്തുകൂടി ഛിന്നഗ്രഹം കടന്നുപോകുമെന്നാണ് ശാസ്ത്രലോകം പ്രവചിക്കുന്നത്.
2018ൽ കലിഫോർണിയയിലെ പലോമർ വാനനിരീക്ഷണ കേന്ദ്രത്തിലാണ് ഈ ഛിന്നഗ്രഹത്തെ ആദ്യം തിരിച്ചറിഞ്ഞത്. കാര്യമായ കുഴപ്പമൊന്നുമുണ്ടാക്കാതെ കടന്നുപോകുമെന്ന് തന്നെയാണ് പ്രതീക്ഷ.
കഴിഞ്ഞയാഴ്ചയിൽ ഭൂമിക്ക് സമീപത്തുകൂടെ കാറിന്‍റെ വലിപ്പമുള്ള മറ്റൊരു ഛിന്നഗ്രഹം കടന്നുപോയിരുന്നു. എന്നാൽ, ഇതിനെ കുറിച്ച് ശാസ്ത്രലോകത്തിന് മുൻകൂട്ടി ധാരണയുണ്ടായിരുന്നില്ല. ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിന് 2950 കിലോ മീറ്റർ മുകളിലൂടെയാണ് ഇത് കടന്നുപോയത്. ബോംബൈ ഐ.ഐ.ടിയിലെ വിദ്യാർഥികളായ കുനാൽ ദേശ്മുഖും കൃതി ശർമയും ചേർന്നാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. കലിഫോർണിയയിലെ റോബോട്ടിക് സ്വിക്കി ട്രാൻസിയന്‍റ് ഫെസിലിറ്റിയിൽ (ഇസഡ്.ടി.എഫ്) നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് 2020 ക്യു.ജി എന്ന് പേരിട്ട ഛിന്നഗ്രഹത്തിന്‍റെ സാന്നിധ്യം ഇവർ തിരിച്ചറിഞ്ഞത്. ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഭൂമിയോട് ഏറ്റവും അടുത്തുകൂടെ പോയ ഛിന്നഗ്രഹമായിരുന്നു ഇത്.
സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാൾ ചെറുതും ഉൽക്കകളെക്കാൾ വലുതുമായ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ. ചൊവ്വയുടെയും വ്യാഴത്തിന്‍റെയും ഭ്രമണപഥങ്ങള്‍ക്കിടയിലാണ് ഇവ കാണപ്പെടാറ്. ക്ഷുദ്രഗ്രഹങ്ങളെന്നും അല്‍പ ഗ്രഹങ്ങളെന്നും ഇവയെ വിളിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.