വാഷിങ്ടൺ: കോവിഡ് ഭീതി പതുക്കെ അകലുന്നതോടെ കമ്പനികൾ ജീവനക്കാരെ വർക് ഫ്രം ഹോമിൽ നിന്ന് ഓഫീസിലേക്ക് തിരിച്ചുവിളിക്കാൻ തുടങ്ങിയിരിക്കുകയാണ്. എന്നാൽ ഈ പരിപാടി നന്നായി അങ്ങ് ഇഷ്ടപ്പെട്ട ചിലർക്ക് അത് അത്ര കണ്ട് രസിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
കമ്പനി സി.ഇ.ഒ ബോബ് സ്മിത്ത് ജീവനക്കാരോട് ഓഫീസിലെത്താൻ സമ്മർദം ചെലുത്തിയതിെന തുടർന്ന് ജെഫ് ബെസോസിന്‍റെ സ്പേസ് കമ്പനിയായ ബ്ലൂഒറിജിനിൽ നിന്ന് നിരവധി ഉന്നത ഉദ്യോഗസ്ഥർ രാജിവെച്ചു.
കമ്പനിയിൽ നിന്നും ജീവനക്കാർ കൊഴിഞ്ഞ് പോകുന്ന നിരക്ക് 20 ശതമാനമായതായി സി.എൻ.ബി.സി റിപ്പോർട്ട് ചെയ്തു. ഈ വർഷം തുടക്കത്തിൽ ഉയർന്ന തസ്തികയിലുള്ള 17 ജീവനക്കാർ കമ്പനി വിട്ടിരുന്നു. കമ്പനി സ്ഥാപകനായ ജെഫ് ബെസോസ് ബഹിരാകാശ വിനോദയാത്ര നടത്തിയതിന് പിന്നാലെയും നിരവധിയാളുകൾ രാജിവെച്ചിരുന്നു.
ന്യു ഷെപ്പേഡ് എസ്.വി.പി സ്റ്റീവ് ബെന്നറ്റ്, ചീഫ് ഓഫ് മിഷൻ അഷൂറൻസ് ജെഫ് ആഷ്ബി, സീനിയർ ഡയറക്ടർ ഒാഫ് റിക്രൂട്ടിങ് ക്രിസ്റ്റൽ ഫ്രണ്ട് എന്നിവരാണ് കമ്പനി വിട്ടതെന്ന് സി.എൻ.ബി.സി റിപ്പോർട്ട് ചെയ്തു. ബ്ലൂ ഒറിജിന്‍റെ 'ന്യൂ ഷെപ്പേർഡ്' പേടകത്തിലായിരുന്നു ജെഫ് ബെസോസ് ബഹിരാകാശ വിനോദയാത്ര നടത്തിയത്.
ജീവനക്കാരെ തിരിച്ച് ഓഫീസിലേക്ക് വിളിക്കുന്ന പരിപാടിക്ക് ബ്ലു ബാക്ക് ടുഗതർ എന്നാണ് സ്മിത്ത് പേരിട്ടത്. കൂടുതൽ സൗകര്യപ്രദമായ പ്രവർത്തന രീതിയിലേക്ക് കമ്പനി മാറണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും സ്മിത്ത് വഴങ്ങിയില്ല. കമ്പനിക്ക് അകത്തെ തൊഴിൽ സംസ്കാരത്തിനെതിരെ മുമ്പും നിരവധി പരാതികൾ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.