ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ കോവിഡ് 19 കോൺടാക്ട് ട്രെയിസിങ് ആപ്പായ ആരോഗ്യ സേതു ഡൗൺലോഡ് ചെയ്തവരുടെ എണ്ണം 10 കോടി കവിഞ്ഞു. എല്ലാ പൊതുമേഖല-സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും നിർബന്ധമാക്കിയ ആപ്പ് പ്ലേസ്റ്റോറിൽ അവതരിപ്പിച്ച് 41ാം ദിവസമാണ് 100 മില്യൺ ഡൗൺലോഡ് എന്ന മാന്ത്രിക നമ്പറിലേക്ക് എത്തുന്നത്. 13 ദിവസം കൊണ്ടായിരുന്നു ആരോഗ്യ സേതു 5 കോടി ഡൗൺലോഡിലെത്തിയിരുന്നത്.
11 ഭാഷകളിലായി ലഭ്യമായ ആപ്പ് ബ്ലൂടൂത്ത്, ജി.പി.എസ് സംവിധാനങ്ങൾ ഉപയോഗിച്ച് കോവിഡ് 19 വൈറസ് ബാധയേറ്റവരുമായി നമ്മൾ ഇടപഴകുമ്പോൾ സൂചന നൽകുമെന്നാണ് ആപ്പിെൻറ പിന്നിലുള്ളവരുടെ അവകാശവാദം. ലോക്ഡൗൺ കാലത്ത് ഇന്ത്യയിൽ ഏറ്റവും ചർച്ചയായ ആരോഗ്യ സേതു സുരക്ഷാ വീഴ്ചകളെ തുടർന്നും വിവാദത്തിലായിരുന്നു.
ഫ്രാൻസിൽ നിന്നുള്ള സൈബർ സുരക്ഷാ ഗവേഷകൻ ഏലിയറ്റ് ആൽഡേഴ്സൺ ആപ്പിലെ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തുവന്നിരുന്നു. ആധാർ സുരക്ഷിതമല്ലെന്നും ഡേറ്റ ചോർത്താമെന്നും തെളിയിക്കുകയും കേന്ദ്ര സർക്കാറിനെ വെല്ലുവിളിക്കുകയും ചെയ്ത ഫ്രഞ്ച് ഹാക്കർ ‘ആരോഗ്യസേതു’ ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തിയിരുന്നു. ഒമ്പതു കോടി ഉപയോക്താക്കളുടെ ഡേറ്റ ഇതുവഴി അപകടത്തിലാണെന്നും ഹാക്കർ ട്വിറ്ററിലൂടെ വ്യക്തമാക്കുകയുണ്ടായി.
എന്നാൽ ഇതെല്ലാം തള്ളിയ കേന്ദ്ര സർക്കാർ ആപ്പിൽ നിന്ന് ഒരു വിവരവും പുറത്തു പോകില്ലെന്ന വിശദീകരണമാണ് നൽകിയത്. വിവരങ്ങൾ സെർവറിൽ സുരക്ഷിതമാണെന്നും ഇത് സ്വകാര്യതക്ക് വെല്ലുവിളിയല്ലെന്നുമാണ് കേന്ദ്രം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.