തൃശൂർ: മദ്യവും മയക്കുമരുന്നും പോലെ ലഹരി പടർത്തി ആത്മഹത്യയിലേക്ക് നയിക്കുന്ന ‘ബ്ലൂ വെയില്’ ഗെയിം കേരളത്തിലുമുണ്ടെന്ന് സൈബർ പൊലീസ്.
സംസ്ഥാനത്ത് 2,000ത്തോളം പേര് ഇൗ ഗെയിം ഡൗണ്‍ലോഡ് ചെയ്തതായി സൈബർ ഡോം കണ്ടെത്തി. സംസ്ഥാനത്ത് ഈ ഗെയിം പ്രചരിക്കുന്നതായി കണ്ടെത്തിയത് ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യം നല്കുന്ന ഏജന്‍സികളാണ്. ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറാന്‍ പൊലീസ് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കമ്പ്യൂട്ടറിലും മൊബൈൽ ഫോണിലും ഏറെ നേരം മുഴുകിയിരിക്കുന്ന കുട്ടികളെ ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മാസം പൊലീസ് നിരീക്ഷണത്തിനിടെ ചാവക്കാട് കടപ്പുറത്തുനിന്ന് പാലക്കാട് സ്വദേശികളായ നാല് കുട്ടികളെ കണ്ടെത്തിയിരുന്നു. കെ.എസ്.ആര്.ടി.സി ബസില്‍ ഇവർ കടൽ കാണാന്‍ പോയത് ഗെയിമിെൻറ സ്വാധീനത്തിലാണെന്ന് സംശയിക്കുന്നു. രക്ഷിതാക്കള്‍ കുട്ടികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഈ ഗെയിം കളിച്ചിരുന്നതായി ശ്രദ്ധയില്‍പെട്ടു.
കളിക്കുന്നവരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ഇൗ ഗെയിം ഒട്ടേറെ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി 130 പേര് ഇത്തരത്തില്‍ ജീവനൊടുക്കിയിട്ടുണ്ട്. റഷ്യയിലാണ് ഇൗ ചലഞ്ച് ഗെയിമിെൻറ ഉദ്ഭവം. വെള്ള പേപ്പറില്‍ നീല നിറത്തിലുള്ള തിമിംഗലത്തെ വരക്കാൻ ആവശ്യപ്പെടുന്നതാണ് ആദ്യഘട്ടം. 50 ദിവസത്തിനകം 50 ഘട്ടം പൂർത്തിയാക്കണം. ആദ്യ ഘട്ടങ്ങളിൽ മുറിയിൽ തനിച്ചിരുന്ന് ഭീതി ജനിപ്പിക്കുന്ന സിനിമകൾ അപ്ലോഡ് ചെയ്യാൻ ആവശ്യപ്പെടും. തുടർന്ന് ശരീരത്തിൽ മുറിവുകളുണ്ടാക്കിയതിെൻറ ദൃശ്യങ്ങൾ അപ്ലോഡ് ചെയ്യണം. ദിവസങ്ങൾ പിന്നിടുംതോറും കളിക്കുന്നയാൾ ഗെയിം അഡ്മിെൻറ നിയന്ത്രണത്തിലാകും. അമ്പതാം നാളിൽ ആത്മഹത്യ ചെയ്യാൻ നിർദേശം നൽകുകയും കളിക്കുന്നയാൾ അത് അനുസരിക്കുന്ന അവസ്ഥയിലും എത്തുമേത്ര.
പ്ലേ സ്റ്റോറിലോ ആപ് സ്റ്റോറുകളിലോ ഈ ഗെയിം ലഭിക്കില്ല. ഓൺലൈനായി കളിക്കുന്നതാണ് വ്യാപകമായ രീതി. നിശ്ചിത വെബ്സൈറ്റിൽ പോയി ഗെയിം ഡൗൺലോഡ് ചെയ്യുന്നവരുമുണ്ട്. ആത്മഹത്യ, മരണം തുടങ്ങിയവയെക്കുറിച്ച് മുൻ വിവരം ഇല്ലാതെയാണ് ഗെയിം പരിചയപ്പെടുത്തുന്നത്. ആവേശം നിറക്കുന്ന ഗെയിം മാത്രമായി മുന്നിലെത്തുകയും പിന്നീട് അപകടത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നതാണ് ഇതിെൻറ രീതിയെന്ന് സൈബർ വിഭാഗം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.