ചൊവ്വയിൽ ജീവന്‍റെ സാധ്യത തിരഞ്ഞ് നാസ; ചരിത്രമാകാൻ പെർസെവറൻസ്

വാഷിങ്ടൺ: ഭൂമിക്ക് പുറത്ത് ജീവന്‍റെ സാധ്യതകളെ തിരഞ്ഞുള്ള ദൗത്യത്തിൽ വലിയ കാൽവെപ്പുമായി അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ. നാസയുടെ പുതിയ ബഹിരാകാശ വാഹനമായ പെർസെവറൻസ് റോവർ ചുവന്ന ഗ്രഹത്തിലെ രഹസ്യങ്ങൾ തേടിയുള്ള യാത്രയിലാണ്. ചൊവ്വയിലിറങ്ങുന്ന പെർസെവറൻസ് പാറക്കഷണങ്ങൾ ഗവേഷണങ്ങൾക്കായി ഭൂമിയിലെത്തിക്കുകയും ചെയ്യും. 

ജൂലൈ 30നാണ് ഫ്ളോറിഡയിലെ കേപ്പ് കനാവറൽ സ്പേസ് സെന്‍ററിൽ നിന്ന് അലയൻസ് അറ്റ്ലസ് വി റോക്കറ്റിൽ റോവർ വിക്ഷേപിച്ചത്. നാസയുടെ കണക്കുകൂട്ടൽ പ്രകാരം 2021 ഫെബ്രുവരി 18ന് റോവർ ചൊവ്വയിലെത്തും. 

ജൂലൈ മാസത്തിൽ ചൊവ്വാപര്യവേക്ഷണത്തിനായുള്ള മൂന്നാമത്തെ വിക്ഷേപണമാണ് പെർസെവറൻസിന്‍റേത്. യു.എ.ഇയുടെ ഹോപ് ദൗത്യം, ചൈനയുടെ ടിയാൻവെൻ1 എന്നിവയാണ് മറ്റ് ദൗത്യങ്ങൾ. 

ചൊവ്വാ ഉപരിതലത്തിലെ പാറകളെ കുറിച്ച് പഠിച്ച് ജീവന്‍റെ സൂചനയെ കുറിച്ചും സാധ്യതയെ കുറിച്ചും വിവരം നൽകുകയാണ് പെർസെവറൻസിന്‍റെ നിയോഗം. ആദ്യമായി ചൊവ്വയിൽനിന്നുള്ള പാറക്കഷണങ്ങൾ റോവർ തിരികെ ഭൂമിയിലെത്തിക്കും. വരും ദശാബ്ദങ്ങൾക്കായി ഗവേഷണശാലകളിൽ ഇവയെ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കും. 

ഭൂമിക്ക് പുറത്ത് ജീവൻ നിലനിൽക്കാൻ ഏറ്റവും അനുയോജ്യ സാഹചര്യമുള്ളത് ചൊവ്വയിലാണെന്നാണ് ബഹിരാകാശ ഗവേഷകരുടെ അനുമാനം. 

ചൊവ്വയുടെ പുരാതനമായ വറ്റിവരണ്ട നദീതടമായ ജസീറോ എന്ന തടത്തിലാണ് പെർസെവറൻസ് റോവർ ഇറങ്ങുക. അവിടെയുള്ള പുരാതന ശിലാഖണ്ഡത്തെ ശേഖരിച്ച് ഭൂമിയിലേക്ക് അയക്കും. നാസയുടെ ഇതിന് മുമ്പത്തെ നാല് ചൊവ്വാ ദൗത്യങ്ങളായ, 1997ലെ സോജോണര്‍, 2004ലെ സ്പിരിറ്റ്, 2012ലെ ക്യൂരിയോസിറ്റി, പാത്ത് ഫൈന്‍ഡര്‍ എന്നിവയെല്ലാം തന്നെ പര്യവേഷണ വാഹനങ്ങളായിരുന്നു. ഈ നാല് ദൗത്യങ്ങളും ചൊവ്വയുടെ ഉപരിതലത്തില്‍ സഞ്ചരിച്ച് പരിശോധനകള്‍ നടത്തുകയായിരുന്നു. എന്നാല്‍ പെർസവറന്‍സ് വളരെ വിശാലമായി ചൊവ്വയുടെ ഭൂമിശാസ്ത്രപരമായ ചരിത്രം മനസിലാക്കി ആവശ്യമുള്ള ശിലാഖണ്ഡങ്ങള്‍ തെരഞ്ഞെടുത്ത് ഭൂമിയിലേക്ക് അയക്കും.

2012ൽ ചൊവ്വയിൽ ലാൻഡ് ചെയ്ത നാസയുടെ ക്യൂരിയോസിറ്റി ഇതിനോടകം 23 കിലോമീറ്റർ ചൊവ്വയിൽ സഞ്ചരിച്ച് കഴിഞ്ഞു. ക്യൂരിയോസിറ്റിയുടെ കൂടുതൽ മെച്ചപ്പെട്ട വേർഷനാണ് റോവർ പെർസെവറൻസ്. ഇൻജെനിറ്റി എന്ന് പേരിട്ടിരിക്കുന്ന ചെറിയ ഹെലികോപ്ടറിനെ റോവർ വഹിക്കുന്നുണ്ട്. ഭൂമിയല്ലാത്ത മറ്റൊരു ഗ്രഹത്തിൽ പറക്കുന്ന ആദ്യ ഹെലികോപ്ടറാവും ഇത്. ആറ് വീലുള്ള പെർസെവറൻസിന് ക്യൂരിയോസിറ്റിയേക്കാൾ വേഗതയുണ്ട്. ദിവസവും 200 മീറ്റർ നാവിഗേഷന് സാധിക്കും. 19 ക്യാമറകളും രണ്ട് മൈക്രോഫോണുകളുമുണ്ട്. ചൊവ്വയിലെ ശബ്ദം റെക്കോർഡ് ചെയ്യുന്ന ആദ്യ വാഹനമായിരിക്കും ഇത്. 

അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിനെ ഓക്സിജനാക്കി മാറ്റുന്ന ഉപകരണം, ലേസർ ഉപയോഗിച്ച് പാറക്കെട്ടുകളിൽ പരിശോധന നടത്താനുള്ള സംവിധാനം തുടങ്ങിയവയും പെർസെവറൻസിലുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.