കുവൈത്ത് സിറ്റി: ഗസ്സയിലെ ജനങ്ങൾക്ക് കുവൈത്ത് സഹായം തുടരുന്നു. 40 ടൺ അവശ്യവസ്തുക്കളുമായി കുവൈത്തിൽ നിന്നുള്ള ഏഴാമത്തെ ദുരിതാശ്വാസ വിമാനം തിങ്കളാഴ്ച ഈജിപ്തിൽ എത്തി. ഈജിപ്തിൽനിന്ന് റഫ അതിർത്തി വഴി ഇവ ഗസ്സയിൽ എത്തിക്കും. രണ്ട് ആംബുലൻസുകളും മറ്റ് അടിയന്തര സഹായവും ഉൾപ്പെടുന്നതാണ് അയച്ച വസ്തുക്കൾ.
ഞായറാഴ്ചയും കുവൈത്ത് രണ്ട് ആംബുലൻസുകൾ ഗസ്സയിലേക്ക് അയച്ചിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിനും അടിയന്തര സഹായങ്ങൾക്കും ആംബുലൻസുകൾ ഉപയോഗിക്കും. തകർന്ന കെട്ടിടങ്ങളിൽ തിരച്ചിൽ നടത്തുന്നതിന് മണ്ണുമാന്തി യന്ത്രവും ഞായറാഴ്ച കുവൈത്ത് അയച്ചിരുന്നു.
ആംബുലൻസുകൾ വിമാനത്തിൽ
കുവൈത്ത് എയർഫോഴ്സ് വിമാനത്തിലാണ് സാധനങ്ങൾ അയക്കുന്നത്. തിങ്കളാഴ്ച 40 ടൺ കൂടി അയച്ചതോടെ കുവൈത്ത് ഇതുവരെ ഗസ്സയിലേക്ക് 190 ടൺ ഭക്ഷണവും മരുന്നും മെഡിക്കൽ സപ്ലൈകളും എത്തിച്ചുകഴിഞ്ഞു. ആംബുലൻസുകൾക്കും തീവ്രപരിചരണ വസ്തുക്കൾക്കും പുറമെയാണിത്. സംഘർഷത്തിന്റെ ആദ്യ ദിവസം മുതൽ ഗസ്സയിൽ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ഭക്ഷണ വിതരണം നടത്തിവരുന്നുണ്ട്. മെഡിക്കൽ സാമഗ്രികൾ, ആംബുലൻസുകൾ, തീവ്രപരിചരണ വസ്തുക്കൾ, മരുന്ന്, ഭക്ഷണം എന്നിങ്ങനെ ഗസ്സയിലെ ഫലസ്തീൻ ജനതയുടെ അടിയന്തര ആവശ്യങ്ങൾക്കായുള്ള വസ്തുക്കളാണ് കുവൈത്ത് അയക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുവൈത്തിൽനിന്ന് ആദ്യ വിമാനം പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.