ന്യൂഡൽഹി: രാജ്യത്തെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നൽകുന്നതുമായി ബന്ധപ്പെട്ട 2010ലെ നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ . സംസ്ഥാന സർക്കാരുകൾക്ക് അഞ്ചാം ക്ലസിലെയും എട്ടാം ക്ലാസിലെയും വിദ്യാർഥികൾക്ക് സ്ഥിരമായി പരീക്ഷകൾ നടത്താനുള്ള അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഈ പരീക്ഷകളിൽ വിദ്യാർഥികൾ പരാജയപ്പെട്ടാൽ വിദ്യാർഥികൾക്ക് ഒരു അവസരം കൂടി നൽകും. ഈ പരീക്ഷയിലും പരാജയപ്പെട്ടാൽ വിദ്യാർഥി അതേ ക്ലാസിൽ തുടരണം.
ആർ.ടി.ഇ നിയമത്തിന് കീഴിലുള്ള നോ-ഡിറ്റൻഷൻ നയം പ്രകാരം ഒന്നു മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നതുവരെ ഒരു വിദ്യാർഥിയെപോലും തോൽപ്പിക്കാനോ സ്കൂളിൽ നിന്ന് പുറത്താക്കാനോ പാടില്ല. എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികളെയും അടുത്ത ക്ലാസിലേക്ക് ജയിപ്പിക്കണം. ഈ നിയമത്തിലാണ് കേന്ദ്രം ഭേദഗതി വരുത്തിയത്.
നിയമത്തിൽ ഭേദഗതി വരുത്തിയ തീരുമാനത്തിൽ രാജ്യത്തുടനീളം സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ഗുജറാത്ത്, ഒഡീഷ, മധ്യപ്രദേശ്, ജാർഖണ്ഡ്, കർണാടക എന്നിവയുൾപ്പെടെ ചില സംസ്ഥാനങ്ങളിൽ പുതിയ ഭേദഗതി നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം കേരളം നേരത്തെതന്നെ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. നിയമത്തിലെ ഭേദഗതി വിദ്യാർഥികളിൽ സമ്മർദം വർധിപ്പിക്കുമെന്നും വിദ്യാർഥികളുടെ അറിവ് മെച്ചപ്പെടുത്താൻ നിരന്തര മൂല്യനിർണയം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നുമാണ് കേരളത്തിന്റെ നിലപാട്.
തിരുവനന്തപുരം: കേരളത്തിൽ എട്ടാം ക്ലാസ് മുതൽ പരീക്ഷയിൽ വിജയിക്കാൻ ഈ അധ്യയന വർഷം (2024-25) വിഷയ മിനിമം രീതി കൊണ്ടുവന്നിട്ടുണ്ട്. അടുത്ത വർഷം എട്ടിലും ഒമ്പതിലും തൊട്ടടുത്ത വർഷം എട്ടിലും ഒമ്പതിലും പത്തിലും ഈ രീതി നടപ്പാക്കും. എട്ടാം ക്ലാസിൽ വിഷയ മിനിമം രീതി നടപ്പാകുന്നതോടെ, ‘തോൽവിയില്ലാ നയം’ റദ്ദാകും. മിനിമം മാർക്ക് നേടാൻ കഴിയാത്ത വിദ്യാർഥികൾക്ക് പഠന പിന്തുണ ഉറപ്പാക്കി പുനഃപരീക്ഷ നടത്തുകയും വിജയിക്കുന്നവർക്ക് കൂടി ക്ലാസ് കയറ്റം നൽകുകയും ചെയ്യും.
കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷ ഫല പ്രഖ്യാപനത്തിന് പിന്നാലെയാണ് കേരളം എട്ടാംതരം മുതൽ വിജയിക്കാൻ വിഷയ മിനിമം രീതി കൊണ്ടുവരാൻ തീരുമാനിച്ചത്. ഇതിന് സംസ്ഥാന മന്ത്രിസഭയുടെ അനുമതിയും ലഭിച്ചു.
ഇതുപ്രകാരം ചോദ്യങ്ങളുടെ രീതിയിലും നിരന്തര മൂല്യനിർണയത്തിനുള്ള മാനദണ്ഡങ്ങളിലും മാറ്റം വരുത്താനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. എസ്.സി.ഇ.ആർ.ടി ഇതിനുള്ള രൂപരേഖ വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.