ദോഹ: യൂറോപ്യൻ യൂണിയൻ നടപ്പാക്കിയ സുസ്ഥിരത നിയമങ്ങളുടെ പേരിൽ പിഴ ചുമത്തിയാൽ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള പ്രകൃതിവാതക കയറ്റുമതി നിർത്തുമെന്ന മുന്നറിയിപ്പുമായി ഖത്തർ എനർജി. കഴിഞ്ഞ ദിവസം ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ ഖത്തർ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ഷെരീദ അൽ കഅബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉൽപാദനങ്ങൾക്കിടെ കാർബൺ ബഹിർഗമനം, മനുഷ്യാവകാശ-തൊഴിൽ നിയമങ്ങളുടെ ലംഘനം എന്നിവ ഇല്ലെന്ന് ഉറപ്പാക്കുന്ന കോർപറേറ്റ് സസ്റ്റയ്നബിലിറ്റി ഡ്യൂ ഡിലിജൻസ് ഡിറക്ടീവ് (സി.എസ്.ത്രീ.ഡി) നിയമ മാനദണ്ഡങ്ങൾ ലംഘിച്ചാൽ കോർപറേറ്റ് കമ്പനികൾക്ക് ആഗോള വരുമാനത്തിന്റെ അഞ്ചു ശതമാനം പിഴ ചുമത്തുമെന്നാണ് യൂറോപ്യൺ യൂണിയൻ നിർദേശം.
യൂറോപ്പിൽ നിന്നും 450 മില്യണ്‍ യൂറോയിലേറെ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ക്ക് ബാധകമാകുന്നതാണ് കഴിഞ്ഞ മേയ് മാസത്തിൽ പ്രഖ്യാപിച്ച നിയമം.
ഇത് അംഗീകരിക്കില്ലെന്ന് ഡിസംബർ ആദ്യ വാരത്തിൽ നടന്ന ദോഹ ഫോറത്തില്‍ തന്നെ ഖത്തര്‍ ഊര്‍ജ സഹമന്ത്രി വ്യക്തമാക്കിയിരുന്നു. ‘വരുമാനത്തിന്റെ അഞ്ചു ശതമാനം പിഴയടക്കണം എങ്കില്‍ യൂറോപ്യന്‍ യൂണിയനിലേക്ക് പ്രകൃതിവാതകം വിതരണം ചെയ്യേണ്ടതില്ല എന്നാണ് ഞങ്ങളുടെ നിലപാട്. ഖത്തര്‍ എനര്‍ജിയുടെ അഞ്ചു ശതമാനം വരുമാനം ഖത്തറിന്റെ അഞ്ചു ശതമാനം വരുമാനമാണ്. അത് ഖത്തറിലെ ജനങ്ങളുടെ പണമാണ്. അങ്ങനെയുള്ള പണം നഷ്ടപ്പെടുത്താന്‍ തയാറല്ല’ - ഫിനാൻഷ്യൽ ടൈംസിനു നൽകിയ അഭിമുഖത്തിൽ സഅദ് ഷെരീദ അല്‍ കഅബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.