ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ മടക്കി അയക്കണം എന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് ഇടക്കാല സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ നയതന്ത്രതലത്തിൽ ഇന്ത്യക്ക് കത്ത് നൽകി. വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഹസീന ആഗസ്റ്റ് അഞ്ചിന് രാജ്യം വിടുകയും ഇന്ത്യയില്‍ അഭയം പ്രാപിക്കുകയുമായിരുന്നു.
ധാക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ (ഐ.സി.ടി) ഹസീനക്കും കൂടെയുണ്ടായിരുന്ന മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉപദേഷ്ടാക്കള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ കൂട്ടക്കൊല കുറ്റം ചുമത്തി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ബംഗ്ലാദേശിലെ നിയമനടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇടക്കാല സര്‍ക്കാറിലെ വിദേശകാര്യ മന്ത്രി തൗഹീദ് ഹുസൈന്‍ മാധ്യമങ്ങളെ അറിയിച്ചു. നിയമനടപടികളുടെ ഭാഗമായി ഹസീനയെ ബംഗ്ലാദേശിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് നയതന്ത്ര തലത്തിൽ കത്ത് നൽകിയതായി തൗഹീദ് ഹുസൈൻ വ്യക്തമാക്കി.
ഹസീനയെ ഇന്ത്യയില്‍നിന്ന് വിട്ടുകിട്ടാന്‍ സൗകര്യമൊരുക്കാന്‍ തന്‍റെ ഓഫിസ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചതായി ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീര്‍ ആലമും വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കുറ്റവാളികളെ കൈമാറല്‍ കരാറുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹസീനയെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ആലം പറഞ്ഞു.
കഴിഞ്ഞയാഴ്ച ഇന്ത്യൻ വിദേശ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശ് സന്ദർശിക്കുകയും രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്ക ഇടക്കാല സര്‍ക്കാറിനെ അറിയിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.