ലോകകപ്പിന് പോയ 12 താരങ്ങ​ളെയും പുറത്തിരുത്താൻ ​​ടോട്ടൻഹാം; ​‘ഫിറ്റ്നസി’ൽ വലഞ്ഞ് ടീമുകൾ

പ്രിമിയർ ലീഗ് വമ്പന്മാർക്ക് ഗ്ലാമർ കൂട്ടി വിവിധ ടീമുകൾക്കായി ഖത്തർ ലോകകപ്പ് മൈതാനങ്ങളിൽ നിരവധി താരങ്ങളാണ് ഇറങ്ങിയിരുന്നത്. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുനൈറ്റഡ്, ലിവർപൂൾ ഉൾപ്പെടെ ടീമുകളിലെ മുൻനിര ഏറെയും ഖത്തറിലെത്തി.

എന്നാൽ, ഖത്തറിൽ കൊട്ടിക്കലാശം കഴിഞ്ഞ് ക്ലബ് ഫുട്ബാളിന് വീണ്ടും ജീവൻ വെക്കു​മ്പോൾ താരങ്ങളുടെ ഫിറ്റ്നസ് ​വെല്ലുവിളിയാകുന്നതാണ് പരിശീലകരെ കുഴക്കുന്നത്. നേരത്തെ മടങ്ങിയ ടീമുകൾക്കൊപ്പം ദേശീയ ജഴ്സിയിലെത്തിയ താരങ്ങൾക്ക് സ്വന്തം ടീം തോൽക്കുന്നതോ​ടെ അവധിക്കാലമാണ്. പലരും സ്വന്തം നാട്ടിൽ പരിശീലനത്തിന് വൈകിയാണ് എത്തിയതും. ഇതുമൂലം ലോകകപ്പ് കളിക്കാൻ പോയ താരങ്ങളെ ഇറക്കാനാവാത്ത പ്രതിസന്ധി ടീമുകളെ വേട്ടയാടുകയാണ്.

തന്റെ ടീമിൽനിന്ന് ലോകകപ്പിന് പോയ 12 താരങ്ങളെയുമില്ലാതെയാണ് അടുത്ത മത്സരത്തിനിറങ്ങുകയെന്ന് ടോട്ടൻഹാം കോച്ച് അന്റോണിയോ കോണ്ടെ പ്രഖ്യാപിച്ചുകഴിഞ്ഞു. തിങ്കളാഴ്ച ബ്രെന്റ്ഫോഡിനെതിരെയാണ് ടീമിന് മത്സരം. ഫ്രാൻസ് നായകൻ ഹ്യൂഗോ ലോറിസ്, അർജന്റീനയുടെ ക്രിസ്റ്റ്യൻ റൊമേരോ തുടങ്ങിയവരൊന്നും ഇന്ന് ടീമിനൊപ്പമുണ്ടാകില്ല.

‘‘ലോകകപ്പിൽ തന്റെ ടീമിൽനിന്ന് 12 പേർ ഉണ്ടെന്നത് സന്തോഷമാണെങ്കിലും ഇതു​പോലുള്ള ടൂർണമെന്റിൽ മുൻനിര പരിശീലനമില്ലാതിരിക്കുന്നത് ശാരീരികക്ഷമത പൂർണമായി പാലിക്കുന്നതിന് തടസ്സമാകു’മെന്ന് പറയുന്നു കോച്ച് കോണ്ടെ. ഉറുഗ്വായ് താരം റോഡ്രിഗോ ബെന്റൻകർ, ബ്രസീൽ മുന്നേറ്റത്തിലെ റിച്ചാർലിസൺ, ലുകാസ് മൂറ തുടങ്ങിയവരെ പരിക്കും വലക്കുന്നുണ്ട്. റിച്ചാർലിസൺ മൂന്നോ നാലോ ആഴ്ചയെങ്കിലും പുറത്തിരിക്കുമെന്നാണ് സൂചന.

ലോകകപ്പ് ടീമുകളിലില്ലാതിരുന്ന താരങ്ങളെ വെച്ച് പരിശീലനം തകൃതിയാക്കിയതിനാൽ മറ്റുള്ളവരെ ഇറക്കി തുടക്കത്തിലേ മത്സരങ്ങൾ പിടിക്കാനാണ് പരിശീലകന്റെ ​ശ്രമം.

മാഞ്ചസ്റ്റർ സിറ്റി താരം കാൽവിൻ ഫിലിപ്സ് ലോകകപ്പ് കാലത്ത് തടികൂടിയെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കോച്ച് ഗാർഡിയോള മാറ്റിനിർത്തിയിരുന്നു. പകരക്കാരുടെ ബെഞ്ചിൽ പോലും താരത്തെ പരിഗണിക്കാതെയായിരുന്നു സ്ക്വാഡ് പ്രഖ്യാപനം. 

Tags:    
News Summary - Brentford v Tottenham: Spurs boss Conte may rest all his World Cup stars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.