ചാനൽ ചർച്ചയുടെ ദൃശ്യം

അമിത് മാളവ്യയുടെ ‘നിന്ദ്യമായ പരാമർശം’ ചോദ്യം ചെയ്തില്ല; ചാനൽ ചർച്ച ബഹിഷ്കരിക്കുമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ബി.ജെ.പി നേതാവ് അമിത് മാളവ്യയുടെ ‘നിന്ദ്യമായ പരാമർശം’ ചോദ്യം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യ ടുഡേ അവതാരകൻ രാഹുൽ കൻവാൾ നിയന്ത്രിക്കുന്ന ചാനൽ ചർച്ച ‘ന്യൂസ് ട്രാക്ക്’ ബഹിഷ്കരിക്കുന്നതായി കോൺഗ്രസ്. ചർച്ചക്കിടെ ബി.ജെ.പി ഐ.ടി സെൽ നേതാവ് ഉയർത്തിയ പരാമർശം ചോദ്യം ചെയ്യാതിരുന്ന അവതാരകൻ ഇത് പിന്നീട് എക്സിൽ പങ്കുവെച്ചെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.

യു.എസിലെ പ്രസിഡന്‍റ് സ്ഥാനാർഥി ഡോണൾഡ് ട്രംപിനുനേരെ വെടിവെപ്പുണ്ടായതും, സമാന രീതിയിൽ ഇന്ത്യയിൽ രാഷ്ട്രീയ നേതാക്കൾക്കു നേരെ നടന്ന ആക്രമണങ്ങളും സംബന്ധിച്ച് തിങ്കളാഴ്ച നടന്ന ചർച്ചക്കിടെ ആയിരുന്നു വിവാദ പരാമർശം. കോൺഗ്രസ് നേതാക്കൾ അവരുടെ രാഷ്ട്രീയ തീരുമാനത്തിന്‍റെ ഫലമായാണ് കൊല്ലപ്പെട്ടത് എന്നായിരുന്നു അമിത് മാളവ്യയുടെ വിവാദ പരാമർശം. ഇതിനെ ചോദ്യം ചെയ്യാതിരുന്ന അവതാരകൻ, കോൺഗ്രസ് വക്താവ് മഹിമ സിങ്ങിന്‍റെ മറുപടി മുഴുവനാക്കാൻ അനുവദിച്ചുമില്ല.

അമിത് മാളവ്യയുടെ പരാമർശം എക്സിൽ പങ്കുവെക്കുക കൂടി ചെയ്തതോടെ ഇനിമുതൽ കൻവാളിന്‍റെ ചാനൽ ചർച്ചയിൽ കോൺഗ്രസ് പങ്കെടുക്കുന്നില്ലെന്ന് മുതിർന്ന നേതാവ് പവൻ ഖേര വ്യക്തമാക്കി. മുൻ പ്രധാനമന്ത്രിമാരുടെയും നേതാക്കളുടെയും രക്തസാക്ഷിത്വത്തെ കുറിച്ച് നടത്തിയ നിന്ദ്യമായ പരാമർശത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ശരിയല്ലെന്നും പവൻ ഖേര വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിൽ പക്ഷപാദപരമായ നിലപാടും, വിദ്വേഷമുയർത്തുന്ന ചർച്ചകളും നടത്തുന്നുവെന്ന് കാണിച്ച് 14 ചാനൽ അവതാരകരെ ഇൻഡ്യ സഖ്യം ബഹിഷ്കരിച്ചിരുന്നു. ഇന്ത്യ ടുഡേയുടെ ഗൗരവ് സാവന്ത്, ശിവ് അരൂർ എന്നിവരെയുൾപ്പെടെയാണ് ബഹിഷ്കരിച്ചത്. 

Tags:    
News Summary - ‘Obnoxious remarks unchallenged’: Congress to ‘not participate’ in Rahul Kanwal’s show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.