ബംഗളൂരു: മുസ്ലിങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചതിന് കർണാടകയിലെ ഉഡുപ്പിയിൽ ഡോക്ടർക്കെതിരെ കേസ്. ബ്രഹ്മാവാരയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. ഉപാധ്യായ്ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ലോകത്തിൽ നിന്നും തുടച്ചുനീക്കണമെന്ന് ആഗ്രഹിക്കുന്ന ഒന്ന് എന്താണെന്ന ചോദ്യത്തിന്
മുസ്ലിം വിഭാഗം എന്നായിരുന്നു സമൂഹമാധ്യമമായ എക്സിൽ ഉപാധ്യായുടെ പ്രതികരണം. പ്രതികരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് ഡോകടർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. പിന്നാലെ ഉപാധ്യായ് തന്റെ എക്സ് അക്കൗണ്ടിന്റെ പേര് മാറ്റുകയും ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നായിരുന്നു വിമർശനങ്ങൾക്ക് ഡോക്ടറുടെ മറുപടി. താൻ എക്സ് ഉപയോഗിക്കുന്നത് ഏറെ മാസങ്ങളായി നിർത്തിയിരുന്നു. അനാവശ്യമായ ചില പരാമർശങ്ങൾ അക്കൗണ്ടിൽ നടന്നതായി ശ്രദ്ധയിൽപ്പെട്ടു. അക്കൗണ്ട് ഇത്ര കാലവും മറ്റാരോ ഉപയോഗിക്കുകയായിരുന്നുവെന്ന് ആരോപിച്ച ഡോക്ടർ ക്ഷമാപണവും നടത്തിയിരുന്നു.
കുറിപ്പിന് പിന്നാലെ ഉപാധ്യായ് മുൻപ് പങ്കുവെച്ച ഇസ്ലാം വിരുദ്ധ പരാമർശങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഡോക്ടറായ വ്യക്തി മുന്നോട്ടുവെക്കുന്ന ഇസ്ലാം വിരുദ്ധത ഭയാനകമാണെന്നും ഇത്തരത്തിൽ ചിന്തിക്കുന്ന ഒരു വ്യക്തിക്ക് എങ്ങനെയാണ് തന്റെ മുമ്പിലെത്തുന്ന രോഗികൾക്ക് കൃത്യമായ ചികിത്സ നൽകാനാവുകയെന്നും എക്സിൽ ചിലർ ചോദിച്ചു.
സംഭവത്തിൽ ഉഡുപ്പി ജില്ലാ പൊലീസ് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.