ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്

ഫിറ്റ്നസ് ആശങ്ക: ഹാർദിക് സ്ഥിരം ക്യാപ്റ്റനായേക്കില്ല, സൂര്യകുമാറിന് സാധ്യത

മുംബൈ: ട്വന്‍റി20 ലോകകപ്പോടെ രോഹിത് ശർമ വിരമിച്ചതിനു ശേഷം പുതിയ ക്യാപ്റ്റനെ ബി.സി.സി.ഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഐ.പി.എൽ ടീമായ മുംബൈ ഇന്ത്യൻസിൽ രോഹിത്തിന്‍റെ പിൻഗാമിയായെത്തിയ ഹാർദിക് പാണ്ഡ്യ തന്നെയാവും കുട്ടിക്രിക്കറ്റിൽ ഇനി ഇന്ത്യയെ നയിക്കുകയെന്ന അഭ്യൂഹം ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

അതിനിടെ ഹാർദിക്കിന്‍റെ ഫിറ്റ്നസിനെ ചൊല്ലിയുള്ള ആശങ്ക ബി.സി.സി.ഐക്ക് തലവേദന സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഹാർദിക്കിനെ സ്ഥിരം ക്യാപ്റ്റനാക്കാനുള്ള സാധ്യത കുറവാണെന്നാണ് വിവരം. മുംബൈ ഇന്ത്യൻസിലെ തന്നെ ഹാർദിക്കിന്‍റെ സഹതാരമായ സൂര്യകുമാർ യാദവിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള ചർച്ച നടക്കുന്നുണ്ടെന്നും സൂചനയുണ്ട്.

ട്വന്‍റി20യിൽ 16 തവണയാണ് ഹാർദിക്കിനു കീഴിൽ ഇന്ത്യ കളിച്ചത്. ഇതിൽ പത്ത് മത്സരങ്ങളിൽ വിജയിച്ചപ്പോൾ അഞ്ചെണ്ണത്തിൽ പരാജയപ്പെട്ടു. കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിൽ പരിക്കേറ്റതാരം ഐ.പി.എല്ലിലൂടെയാണ് തിരിച്ചുവന്നത്. മുംബൈ ഇന്ത്യൻസിന്‍റെ നായകനായെങ്കിലും ടീമിനെ തുടർ പരാജയങ്ങളിൽനിന്ന് തിരിച്ചെത്തിക്കാൻ ഹാർദിക്കിന് കഴിഞ്ഞില്ല. വൻവിമർശനമേറ്റ് ട്വന്‍റി20 ലോകകപ്പിനെത്തിയ താരം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.

ലോകകപ്പിൽ എട്ട് മത്സരങ്ങളിൽനിന്ന് 144 റൺസ് നേടിയ ഹാർദിക് 11 വിക്കറ്റുകളും നേടി. ഫൈനൽ മത്സരത്തിൽ അവസാന ഓവർ എറിഞ്ഞ താരം 16 റൺസ് വിജയകരമായി പ്രതിരോധിക്കുകയും ചെയ്തു. ശ്രീലങ്കക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിൽ ഹാർദിക് കളിക്കില്ലെന്നാണ് വിവരം. എന്നാൽ ഇതിനു മുന്നോടിയായി ഈ മാസം 27ന് ആരംഭിക്കുന്ന മൂന്ന് മത്സര ട്വന്‍റി20 പരമ്പരയിൽ ഇന്ത്യയെ നയിച്ചേക്കും. യുവതാരം ശുഭ്മൻ ഗില്ലാണ് സിംബാബ്വെക്കെതിരെ ഇന്ത്യയെ നയിച്ചത്.

Tags:    
News Summary - Hardik Pandya Unlikely To Captain India In T20Is Permanently Due To Fitness Concerns, Suryakumar Yadav Emerges Top Contender

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.