കൈയകലെനിന്ന് മണ്ണിനടിയിലായത്​ ശരത്തി​െൻറ പ്രിയപ്പെട്ടവർ; കോട്ടക്കുന്നിലെ സങ്കടപ്പെയ്ത്തിന് ഒരാണ്ട്

മലപ്പുറം: 2019 ആഗസ്​ത്​ ഒമ്പത്, അതൊരു വെള്ളിയാഴ്ച ദിവസമായിരുന്നു. ടൂറിസം പാർക്ക് സ്ഥിതി ചെയ്യുന്ന കോട്ടക്കുന്നിൽ നിന്ന് റോഡ് മുറിച്ച്​ വീട്ടുമുറ്റത്തേക്ക് കുത്തിയൊഴുകിയ വെള്ളം വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണ് ശരത്തും അമ്മ സരസ്വതിയും. വീടിനകത്ത് കുഞ്ഞിനെ പാലൂട്ടുന്നുണ്ട് ഭാര്യ ഗീതു. സമയം ഉച്ചക്ക് 1.20 ആയിക്കാണും. പെട്ടെന്ന് വലിയ ശബ്ദത്തിൽ കുന്നിടിഞ്ഞ് താഴേക്ക്. അമ്മയെ പിടിച്ചുവലിച്ച് ശരത് ഓടിമാറാൻ ശ്രമിച്ചെങ്കിലും ഇടക്ക് കൈവിട്ടു. ചോല റോഡിൻറെ താഴ്ചയിലുണ്ടായിരുന്ന ഓടിട്ട വീടിനൊപ്പം മൂന്നു ജീവനുകൾ മണ്ണിനടിയിൽ.

ശരത്തി​െൻറ ഭാര്യ ഗീതു, മകൻ ധ്രുവൻ, അമ്മ സരസ്വതി  

കുത്തനെയുള്ള താഴ്ചയിൽ മീറ്ററുകളോളം ആഴത്തിലേക്ക് അവശിഷ്ടങ്ങൾ തെറിച്ചുപോയി. ഭാഗ്യം കൊണ്ടാണ് ശരത് രക്ഷപ്പെട്ടത്. എന്താണ് സംഭവിച്ചതെന്നറിയാതെ പരിസര വാസികൾ കുറേ നേരത്തേക്ക് അന്ധാളിച്ചുനിന്നു. 'എൻറെ അമ്മയും ഗീതുവും ഉണ്ണിക്കുട്ടനും അതിനകത്തുണ്ട് അവരെ പുറത്തെടുക്കൂ' എന്ന് യുവാവ് നിലവിളിച്ചെങ്കിലും കുന്ന് ഇളകി നിൽക്കുന്നതിനാൽ അൽപ്പനേരത്തേക്ക് ആർക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥ.

ഉരുൾപൊട്ടലുണ്ടായ കോട്ടക്കുന്ന് ​ (ഫയൽചിത്രം -മുസ്​തഫ അബൂബക്കർ)

അച്ഛൻ സത്യൻ സാധനങ്ങൾ വാങ്ങാൻ കടയിൽ പോയതായിരുന്നു. തിരിച്ചുവന്നപ്പോൾ കാണുന്നത് വീട്​ നിന്നിടത്ത് മൺകൂനകൾ. 'എല്ലാം പോയച്ഛാ' എന്ന് പറഞ്ഞ് മുറിവേറ്റ കൈകളുമായി യുവാവ് അരികിലേക്ക് ഓടിച്ചെന്നു. മണ്ണുമാന്തി യന്ത്രങ്ങളും രക്ഷാപ്രവർത്തകരും കുതിച്ചെത്തി. മഴക്ക് നേരിയ ശമനമുണ്ടായപ്പോൾ രണ്ടും കൽപ്പിച്ച് ഇറങ്ങി. രാവും പകലുമില്ലാതെ തിരച്ചിൽ. ജീവനോളം സ്നേഹിച്ച മൂന്നു പേരെ തിരിച്ചുകിട്ടാൻ രണ്ട് രാത്രികൾ ഒരുപോള കണ്ണടക്കാതെ കരഞ്ഞു പ്രാർഥിച്ചു ശരത്. ഒരു നിമിഷം കൊണ്ട് കൈയകലെ നിന്ന് മണ്ണിനടിയിലായിപ്പോയ ജീവിതത്തിലെ ഏറ്റവും വേണ്ടവർ, അമ്മയും ഭാര്യയും കുഞ്ഞും.

ഉരുൾപൊട്ടലുണ്ടായ കോട്ടക്കുന്ന്​ (ഫയൽചിത്രം -മുസ്​തഫ അബൂബക്കർ)

'എെൻറ ഉണ്ണിക്കുട്ടനും ഗീതുവിനും അമ്മക്കും വല്ലതും സംഭവിച്ചോ' എന്ന് അരികിൽ നിന്നവരോടെല്ലാം ചോദിച്ചു. മൂന്നാം നാൾ ഗീതുവിൻറെയും മകൻ ധ്രുവൻറെയും മൃതദേഹങ്ങൾ അടുത്തടുത്ത്നിന്ന് കണ്ടെടുത്തു. പിറ്റേന്ന് സരസ്വതിയുടെ മൃതദേഹവും കിട്ടി. പ്രണയിച്ച് സ്വന്തമാക്കിയതാ‍യിരുന്നു ശരത് ഗീതുവിനെ. കോട്ടക്കുന്നിൻറെ ചെരിവിലെ വാടക വീട്ടിൽ കഴിഞ്ഞുവന്ന കുടുംബം സ്വന്തമായൊരു കൂരക്ക് വേണ്ടി ശ്രമം നടത്തവെയായിരുന്നു ദുരന്തം.

ഉരുൾപൊട്ടലുണ്ടായ കോട്ടക്കുന്ന്​ (ഫയൽചിത്രം -മുസ്​തഫ അബൂബക്കർ)

തുടർന്ന് കുറേനാൾ സരസ്വതിയുടെ വീട്ടിലായിരുന്നു ശരത്തും സഹോദരൻ സിജിനും അച്ഛൻ സത്യനും. പട്ടർക്കടവിൽ വ്യവസായിയായ ആരിഫ് കളപ്പാടൻ സൗജന്യമായി കൈമാറിയ അഞ്ച് സെൻറ് സ്ഥലത്ത് 900 ചതുരശ്ര അടിയിൽ പാണക്കാട് തങ്ങൾ കുടുംബം നിർമിച്ച് നൽകിയ വീട്ടിലേക്ക് ഇവർ ജൂണിൽ താമസം മാറി. സംഭവം നടക്കുമ്പോൾ സിജിനും സ്ഥലത്തില്ലായിരുന്നു. ഒരു വർഷമായിട്ടും ദുരന്തത്തിൻറെ ഞെട്ടലിൽനിന്ന് ശരത് ഇനിയും മോചിതനായിട്ടില്ല.


ശരത്തി​െൻറ ഗൃഹപ്രവേശന ചടങ്ങ്​ (ഫയൽചിത്രം -മുസ്​തഫ അബൂബക്കർ)

 വീടെന്ന സ്വപ്നം യാഥാർഥ്യാമയത് ഏറ്റവും പ്രിയ്യപ്പെട്ടവരെ തനിക്ക് നഷ്ടപ്പെട്ട ശേഷമാണെന്ന് യുവാവ് സങ്കടപ്പെടുന്നു. വീണ്ടും മഴക്കാലമെത്തിയതോടെ കോട്ടക്കുന്ന് ചെരിവിൽ കഴിയുന്നവരുടെ മുഖത്ത് ആധിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടി.


ശരത്തി​െൻറ ഗൃഹപ്രവേശന ചടങ്ങിൽ പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങൾ പാലുകാച്ചുന്നു

29 കുടുംബങ്ങൾ വീടൊഴിഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങിയിട്ടുണ്ട്. മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞ ശേഷമാണ് കഴിഞ്ഞ വർഷം ഇവർ തിരിച്ചെത്തിയത്. മറ്റൊരിടത്തേക്ക് പുനരധിവസിപ്പിച്ച് ആശങ്കക്ക് ശാശ്വതപരിഹാരം കാണണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം. ദുരന്തത്തിൽ മണ്ണിനിടയിലായ വീടിന് സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാട് സംഭവിച്ചിരുന്നു.  




Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.