ആർ. അശ്വിൻ, ചെന്നൈയിലെത്തിയ അശ്വിനെ സ്വീകരിക്കുന്ന പിതാവ് രവിചന്ദ്രൻ

‘അശ്വിൻ അപമാനിക്കപ്പെട്ടു, എത്രനാൾ സഹിക്കാനാകും’; വിരമിക്കൽ പ്രഖ്യാപനത്തിൽ പ്രതികരിച്ച് പിതാവ്

ചെന്നൈ: അപ്രതീക്ഷിതമായാണ് ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ താരം വ്യാഴാഴ്ച ആസ്ട്രേലിയയിൽനിന്ന് ചെന്നൈയിൽ എത്തുകയും ചെയ്തു. ആരാധകർക്കു പുറമെ ബന്ധുക്കളും എത്തിയാണ് താരത്തെ വരവേറ്റത്. വിരമിക്കൽ തീരുമാനം ആരാധകരെ മാത്രമല്ല, തങ്ങളെയും ഞെട്ടിച്ചുവെന്നാണ് അശ്വിന്‍റെ മാതാപിതാക്കൾ പ്രതികരിച്ചത്.

അശ്വിന്‍റെ പെട്ടെന്നുള്ള വിരമിക്കലിനു കാരണം നിരന്തരമായി അപമാനിതനാകേണ്ടിവന്നതാണെന്ന് പിതാവ് രവിചന്ദ്രന പറയുന്നു. “അവസാന നിമിഷമാണ് അശ്വിന്‍ തീരുമാനമറിയിച്ചത്. എന്താണ് അവന്‍റെ മനസ്സിലെന്ന് എനിക്കറിയില്ല. പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. സന്തോഷത്തോടെ ആ തീരുമാനത്തെ ഞാൻ അംഗീകരിക്കുകയും ചെയ്തു. പ്രത്യേകിച്ച് ഒരു വികാരവും തോന്നിയില്ല. പക്ഷേ ക്രിക്കറ്റിൽ ഇനിയും അവന് തുടരാമായിരുന്നു എന്ന് തോന്നി.

വിരമിക്കണോ വേണ്ടയോ എന്നതെല്ലാം അശ്വിന്‍റെ തീരുമാനമാണ്. എന്നാൽ അത് പ്രഖ്യാപിച്ച രീതി... അതിനു പിന്നിലെ കാരണങ്ങൾ അശ്വിന് മാത്രമേ വ്യക്തമായി പറയാനാകൂ. കുടുംബത്തിന് ഇത് വൈകാരിക നിമിഷമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ക്രിക്കറ്റിൽ, പ്രത്യേകിച്ച് ടെസ്റ്റിൽ ഒരു മുൻനിര താരമാണ് അവൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ രാജ്യത്തിനു വേണ്ടി ഏറ്റവുമധികം വിക്കറ്റുകൾ നേടിയ രണ്ടാമത്തെ താരമെന്ന നേട്ടത്തിലെത്തി നിൽക്കുമ്പോഴാണ് കരിയർ അവസാനിപ്പിക്കുന്നത്.

ക്യാപ്റ്റൻ രോഹിത്തിനൊപ്പമെത്തി വിരമിക്കൽ പ്രഖ്യാപിക്കുന്ന അശ്വിൻ

14-15 വർഷത്തോളമായി ക്രിക്കറ്റ് മൈതാനത്ത് നിറഞ്ഞുനിൽക്കുന്ന താരമാണ് അശ്വിൻ. പെട്ടെന്നുള്ള വിരമിക്കൽ പ്രഖ്യാപനം ഞങ്ങളെ ഞെട്ടിച്ചു. എന്നാൽ, തുടർച്ചയായി ടീമിൽ അപമാനിതനാകുന്നതിനാൽ ഏത് സമയത്തും ഞങ്ങളിത് പ്രതീക്ഷിച്ചിരുന്നു. എത്ര നാൾ ഇതെല്ലാം സഹിക്കാനാകും? മിക്കവാറും വിരമിക്കൽ തീരുമാനം സ്വയം സ്വീകരിച്ചതാകും” -രവിചന്ദ്രൻ പറഞ്ഞു.

അതേസമയം, ബോർഡർ -ഗവാസ്കർ ട്രോഫി പരമ്പരക്കായി ആസ്ട്രേലിയയിലെത്തിയ അശ്വിൻ പിങ്ക് ബാൾ ടെസ്റ്റിൽ മാത്രമാണ് കളത്തിലിറങ്ങിയത്. പെർത്തിലെ ആദ്യ മത്സരത്തിനിറങ്ങിയ വാഷിങ്ടൺ സുന്ദറിനെ മാറ്റിയാണ് അശ്വിന് അവസരം നൽകിയത്. ബ്രിസ്ബേനിൽ നടന്ന മൂന്നാം ടെസ്റ്റിൽ രവീന്ദ്ര ജദേജ അന്തിമ ഇലവനിൽ വന്നതോടെ അശ്വിൻ വീണ്ടും സൈഡ് ബെഞ്ചിലായി. ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം നമ്പർ സ്പിന്നറല്ല അശ്വിനെന്ന സന്ദേശം ഇതിലൂടെ ടീം മാനേജ്മെന്‍റ് നൽകിയതായും വിലയിരുത്തലുണ്ട്.

Tags:    
News Summary - R Ashwin was being humiliated, father drops bomb on sudden retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.