കാഞ്ഞാർ: ഇലവീഴാപ്പൂഞ്ചിറയിലേക്കുള്ള പൊട്ടിത്തകർന്ന റോഡ് ടാറ് ചെയ്യാൻ നടപടി. വർഷങ്ങളായി തകർന്നുകിടന്ന കാഞ്ഞാർ - ചക്കിക്കാവ് റോഡിലെ 1.8 കിലോമീറ്റർ ഭാഗമാണ് ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുന്നത്.50 ലക്ഷം രൂപ ഇതിന് അനുവദിക്കുകയും ടെൻഡർ നടപടി പൂർത്തിയാക്കുകയും ചെയ്തു.
കാലാവസ്ഥ അനുകൂലമായാൽ ഉടൻ ടാറിങ് നടത്തുമെന്ന് പി.ഡബ്ല്യു.ഡി അധികൃതർ പറഞ്ഞു. കോട്ടയം- ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപ്പൂഞ്ചിറയിലേക്ക് രണ്ട് പ്രധാന പാതയാണുള്ളത്. ഒന്ന് മേലുകാവ് വഴിയും മറ്റൊന്ന് കാഞ്ഞാർ ചക്കിക്കാവ് വഴിയും.
ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികൾ വന്നുപോകുന്ന ഈ വിനോദ കേന്ദ്രത്തിലേക്കുള്ള ഇരു പാതയും കാലങ്ങളായി തകർന്നു കിടക്കുകയായിരുന്നു.എന്നാൽ, മാസങ്ങൾക്ക് മുന്നേ കോട്ടയം ജില്ലയുടെ ഭാഗമായ മേലുകാവ് വഴിയുള്ള റോഡ് വീതികൂട്ടി, കലുങ്കുകൾ നിർമിച്ച് ബി.എം ബി.സി നിലവാരത്തിൽ ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കി.
കോട്ടയം ജില്ലയിൽ റോഡ് മനോഹരവും സഞ്ചാരയോഗ്യവും ആക്കിയിട്ടും ഇടുക്കിയുടെ ഭാഗം ടാറിങ് നടത്താൻ കഴിയാതെ വന്നത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇടുക്കി ജില്ലയുടെ ഭാഗമായ ഇലവീഴാപ്പൂഞ്ചിറയിലേക്കുള്ള 1.8 കിലോമീറ്റർ റോഡാണ് ഇനി ടാറിങ് നടത്തുക. 50 ലക്ഷം അനുവദിച്ചതോടെ ഈ റോഡും ഉടൻ യാഥാർഥ്യമാകും. എന്നാൽ, കോട്ടയം ജില്ലയിലേതുപോലെ ബി.എം ബി.സി ടാറിങ്ങല്ല ഇടുക്കിയിൽ ചെയ്യുന്നത്.
തൊടുപുഴയിൽനിന്ന് മുട്ടത്ത് എത്തി മേലുകാവ് വഴി ഇലവീഴാപ്പൂഞ്ചിറയിൽ എത്താൻ ഇപ്പോൾ ഒരുമണിക്കൂറിൽ താഴെയേ ആവശ്യമുള്ളൂ.1.8 കിലോമീറ്റർ റോഡ് പൂർത്തിയാക്കിയാൽ വാഗമൺ യാത്രക്കാർക്ക് നാല് കിലോമീറ്റർ യാത്രചെയ്താൽ ഇലവീഴാപ്പൂഞ്ചിറയിലെത്താം. കൂടാതെ റോഡ് പൂർത്തിയാക്കിയാൽ കാഞ്ഞാറിൽനിന്നും ഇലവീഴാപ്പൂഞ്ചിറ വഴി കാഞ്ഞിരംകവലയിൽ എത്താൻ സാധിക്കും. ഇതുവഴി ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലേക്കുള്ള യാത്രക്കാർക്ക് പത്ത് കിലോമീറ്ററിലേറെ ലാഭിക്കാൻ കഴിയും.
ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽ ടൂറിസം പദ്ധതിക്ക് ഈ റോഡ് ഏറെ ഗുണകരമാകും.കൂടാതെ രണ്ടു ജില്ലകളെ കൂട്ടിയോജിപ്പിക്കുന്ന ഹൃസ്വദൂര റോഡായി ഇത് മാറും. പ്രകൃതിസൗന്ദര്യംകൊണ്ട് കേരളത്തിലെ ഏത് ടൂറിസ്റ്റ് കേന്ദ്രത്തോടും കിടപിടിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ് കോട്ടയം, ഇടുക്കി ജില്ലകളിലായി സ്ഥിതിചെയ്യുന്ന ഇലവീഴാപ്പൂഞ്ചിറ. സമുദ്ര നിരപ്പില്‍നിന്ന് 3200 അടി ഉയരത്തിലാണ് ഇലവീഴാപ്പൂഞ്ചിറ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും നോക്കിയാൽ കേരളത്തിലെ ആറ് ജില്ലകള്‍ കാണമെന്നതാണ് ഏറ്റവും വലിയ സവിശേഷത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.