മസ്കത്ത്: ഉയരം കൂടുംതോറും സാഹസികതക്ക് വീര്യം കൂടുമെന്ന് കേട്ടിട്ടില്ലേ. അങ്ങനെ സാഹസികതയും യാത്രകളും ഇഷ്ടപ്പെടുന്നവർക്കും ഹൈക്കിങ് ചെയ്യാനാഗ്രഹിക്കുന്ന തുടക്കക്കാർക്കുമൊക്കെ അനുയോജ്യമായ സ്ഥലമാണ് സിദാബ്. നഗരജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ഒരു മാറ്റം ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടം.
മസ്കത്തിൽ നിന്നും വളരെ അടുത്തായി ശാന്തത നിറഞ്ഞ, വിനോദസമ്പന്നമായൊരിടം. മസ്കത്ത് നഗരത്തിലെ അൽ ആലം പാലസിനടുത്ത് ഏതാനും കിലോമീറ്റർ അകലെയുള്ള സിദാബ് നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മലനിരകളാണ്. മല കയറി സൂര്യോദയം കണ്ട്, കടൽത്തീരത്തേക്കുള്ള മലയിറങ്ങി കടലിലൂടെയുള്ള മടക്കയാത്ര ഏതൊരു ആളെയും മനം കുളിർപ്പിക്കുന്നതാണ്. യാത്രകൾ ഓരോന്നും തരുന്നത് ഓരോ അനുഭവങ്ങളാണെന്നാണല്ലോ, ഈ മലയിറങ്ങിക്കഴിയുമ്പോൾ നിങ്ങൾക്ക് ലോകം കീഴടക്കിയ അനുഭൂതി തോന്നും.
തലസ്ഥാന നഗരിയായ മസ്കത്തിൽനിന്ന് ഏകദേശം 26 കിലോമീറ്റർ ദൂരെ നിന്നാണ് ഹൈക്കിങ് ആരംഭിക്കുന്നത്. പഴയ മസ്കത്ത്, മത്ര എന്നിവിടങ്ങളിൽനിന്ന് വരുന്നവരാണെങ്കിൽ സിദാബ് ഗ്രാമത്തിലേക്കുള്ള പ്രവേശനകവാടത്തിൽ പ്രധാന റോഡിന് ഇടതുവശത്ത് ഹൈക്കിങ്ങിന്റെ ആരംഭസ്ഥലം കാണാം. ഇവിടെ കാർ പാർക്കിങ്ങിന് സൗകര്യമുണ്ട്.
സമീപത്തൊരു സ്പോർട്സ് ഗ്രൗണ്ടും കാണാം. ഇവിടെയാണ് ഹൈക്കിങ് സംഘത്തിലെ അംഗങ്ങൾ എത്തിച്ചേരുന്നത്. അതിലൂടെ മലമുകളിലേക്ക് പ്രവേശനം ലഭിക്കും. യാത്ര തുടങ്ങി രണ്ടാം മലമുകളിൽ എത്തുമ്പോൾ സൂര്യോദയം തുടങ്ങുന്നുണ്ടാവും.
അന്നത്തെ സിദാബിലേക്കുള്ള യാത്രയിലെ ഏറെക്കുറെ എല്ലാ ആളുകളും കൂടിച്ചേരുന്ന സ്ഥലമാണത്. ഇവിടെ അൽപ്പനേരം ഇരുന്നാണ് പിന്നീടുള്ള യാത്ര. ഈ മലനിരകൾക്കപ്പുറം ഏകദേശം മൂന്ന് കിലോമീറ്റർ നീളത്തിൽ പാറകളാൽ നിറഞ്ഞ തീരപ്രദേശത്തേക്കാണ് പിന്നീടെത്തുന്നത്.
പാറകളോടുകൂടിയ പർവത വഴികളിലൂടെയാണ് ഇങ്ങോട്ടുള്ള യാത്രയും. അതിനാൽ, എല്ലാവർക്കും അനുയോജ്യമായ സ്ഥലമല്ല സിദാബ് മലനിരകൾ. ഹൈക്കിങ് ഇഷ്ടപ്പെടുന്നവർക്കും ചെറിയ കയറ്റിറക്കങ്ങൾ പരിചയമുള്ളവർക്കും ധൈര്യമായി നടന്നുതുടങ്ങാം.
സിദാബ് മലനിരകൾക്കും കടലിനും ഇടയിലായി നിരവധി കല്ലറകൾ കാണാം. ഒമാനിലെ മതസഹിഷ്ണുതയുടെ ഉത്തമോദാഹരണം കൂടിയാണ് നൂറ്റാണ്ടുകൾക്ക് മുമ്പുണ്ടായ യുദ്ധത്തിൽ പോരാടിയ സൈനികരുടെ ശവക്കല്ലറകൾ ഇന്നും യാത്രക്കാർക്ക് വേണ്ടി ഒരുകോട്ടവും സംഭവിക്കാതെ സൂക്ഷിച്ചിരിക്കുന്നു എന്നത്. പ്രകൃതിയും ചരിത്രവും ഒന്നിച്ചുള്ള അപൂർവമായ അനുഭവം യാത്രക്കാരന് ലഭിക്കുന്നിടംകൂടിയാണിവിടം.
സിദാബ് ഹൈക്കിങ്ങിന്റെ ദൈർഘ്യം നമ്മുടെ യാത്ര എത്രത്തോളം വിപുലമാക്കാൻ ആഗ്രഹിക്കുന്നുവെന്നതിന് ആശ്രയിച്ചിരിക്കും. മുഴുവൻ പ്രദേശവും കണ്ടു തീർക്കാൻ സാധാരണ രണ്ട് മണിക്കൂർ വേണ്ടി വരും.
സാഹസിക യാത്രക്ക് മുമ്പ് യാത്രക്ക് പോകുന്നവർ ‘നിദ’ ആപ് വഴി പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. അതുവഴി അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തക സംഘങ്ങൾ വേഗത്തിൽ എത്തിച്ചേരുന്നത് ഉറപ്പാക്കാൻ കഴിയും. സിദാബ് ചെറിയ രീതിയിൽ പ്രയാസമേറിയ ട്രക്കിങ് പാതയാണ്. വളരെ ചെരിവുള്ള മലകളും ഇളകിയതും മൂർച്ചയേറിയതുമായ പാറകളെയും മറികടന്നുവേണം യാത്ര ചെയ്യാൻ. അതിനാൽ അപകടം ഏത് സമയത്തും സംഭവിക്കാമെന്ന മുൻകരുതലുകളെടുക്കണം.
കുട്ടികൾക്കും പ്രായമായവർക്കും ശാരീരിക ക്ഷമതയില്ലാത്തവർക്കും ഈ ട്രക്കിങ് പാത അനുയോജ്യമല്ല. കടൽ തീരത്തോടു ചേർന്ന പാറകൾ വളരെ മൃദുവും നനവുള്ളതും ആയതിനാൽ ഈ ഭാഗങ്ങളിൽ അധിക മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ഹൈക്കിങ്ങിന് ഉപയോഗിക്കുന്ന ഷൂ, വസ്ത്രം ഇവയൊക്കെ കരുതേണ്ടതാണ്.
കാലാവസ്ഥക്കനുസരിച്ച് വസ്ത്രം, മികച്ച ഗ്രിപ്പുള്ള ഹൈക്കിങ് ഷൂസ് മുതലായവ തിരഞ്ഞെടുക്കുക. ആവശ്യമെങ്കിൽ ക്യാപ്, കണ്ണട, സൺസ്ക്രീൻ കരുതുക. യാത്രയിൽ അടിസ്ഥാന ആവശ്യങ്ങൾക്ക് മാത്രമുള്ള ലഘു ബാഗ് എടുക്കുക. വെള്ളം ആവശ്യത്തിന് കരുതുക. എനർജി ഫുഡ്സ് സൂക്ഷിക്കാം. നദികൾ, വാദികൾ അല്ലെങ്കിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള ഇടങ്ങളിൽ ജാഗ്രത പുലർത്തണം. ഒരുമിച്ചുള്ള യാത്രയാണ് കൂടുതൽ സുരക്ഷിതം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.