ആലപ്പുഴ: ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാൻ ആലപ്പുഴയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഇക്കുറി കൂടുതലായെത്തുന്നത് ആഭ്യന്തര സഞ്ചാരികളാണ്. കോവിഡിനു മുമ്പുവരെ യൂറോപ്യൻ സഞ്ചാരികളായിരുന്നു ഏറെ. ക്രിസ്മസ് തലേന്നായ 24 മുതൽ പുതുവത്സരദിനം വരെ ഭൂരിഭാഗം റിസോർട്ടുകളിലും ഹോം സ്റ്റേകളിലും ബുക്കിങ് പൂർത്തിയായി.
ബീച്ചിനോട് ചേർന്ന് ആഘോഷം നടത്താൻ ആലപ്പുഴ, മാരാരി, അന്ധകാരനഴി ഭാഗത്തെ റിസോർട്ടുകളിലാണ് കൂടുതൽ ബുക്കിങ്. കൂടാതെ ഹൗസ്ബോട്ട് മേഖലയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആലപ്പുഴയിലെത്തിയാൽ ഹൗസ്ബോട്ട് യാത്രയും ബീച്ചും ഒരുമിച്ച് ആസ്വദിക്കാമെന്നതാണ് ആകർഷക ഘടകം.
ആഘോഷദിനങ്ങളിൽ ലഹരി കച്ചവടവും ഉപയോഗവും തടയാൻ കർശന നടപടികൾ എക്സൈസും പൊലീസും സ്വീകരിച്ചിട്ടുണ്ട്. ലഹരി കച്ചവടം കൂടുതൽ നടക്കുന്ന ഫോർട്ട്കൊച്ചിയിൽ പരിശോധനകൾ അതീവ കർശനമാക്കുന്നതിനാൽ സമീപ ജില്ലയായ ആലപ്പുഴയിലേക്ക് വ്യാപാരം മാറാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
അതിനാൽ, ഓരോ ബുക്കിങ്ങുകളിലും ശ്രദ്ധവേണമെന്ന് ഹോം സ്റ്റേകളിലടക്കം അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. പരമാവധി ശ്രദ്ധയോടെയും ആവശ്യമായ മുഴുവൻ രേഖകൾ വാങ്ങിയും മാത്രമാണ് ബുക്കിങ് സ്വീകരിക്കുന്നതെന്ന് റിസോർട്ട് നടത്തിപ്പുകാർ പറയുന്നു. വിദേശികൾ പൊതുവെ ശാന്തമായ അന്തരീക്ഷം ആഗ്രഹിച്ചാണ് ഹോംസ്റ്റേകളിലെത്തുന്നത്.
അതേസമയം, ആഭ്യന്തര സഞ്ചാരികളുടെ മനോഭാവം നേർവിപരീതമാണ്. ഇത് പലപ്പോഴും റിസോർട്ട് നടത്തിപ്പുകാർക്ക് തലവേദന സൃഷ്ടിക്കാറുമുണ്ട്. റോഡുകളുടെ ഗുണനിലവാരം വർധിച്ചതും അടിസ്ഥാന സൗകര്യ വികസനവും ആഭ്യന്തര സഞ്ചാരികളുടെ എണ്ണം വർധിക്കാൻ സഹായകരമായിട്ടുണ്ടെന്നാണ് ടൂറിസം സംരംഭകരുടെ വിലയിരുത്തൽ.കോയമ്പത്തൂരിൽനിന്ന് കേവലം ആറു മണിക്കൂർകൊണ്ട് ആലപ്പുഴയിലെത്താമെന്നത് ടൂറിസ്റ്റുകളുടെ വരവിന് ആക്കം കൂട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.