വിതുര: കുന്നുകളുടെ ഹരിതകാന്തിയും കോടമഞ്ഞിന്റെ തണുപ്പും കാട്ടാറിന്റെ കുളിരും... മഞ്ഞ് തലപ്പാവാക്കിയ മലനിരകളും പച്ചപ്പട്ടുപുതച്ച താഴ്വാരങ്ങളും കളകളം പാടിയൊഴുകുന്ന കല്ലാറും മഴക്കാടുകളും ചോലവനങ്ങളും തേയിലത്തോട്ടങ്ങളും മലമ്പാമ്പിനെപോലെ വലഞ്ഞുപുളഞ്ഞ 22 ഹെയർപിൻ വളവുകളും പിന്നിട്ടുവേണം സഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊന്മുടിയിലെത്താൻ.
ഉയരത്തിലെത്തുമ്പോള്‍ അവിടെ നമുക്കായി കാത്തുവെച്ചിരിക്കുന്നത് പ്രകൃതിയുടെ വശ്യമനോഹാരിതയാണ്. നിമിഷനേരം കൊണ്ട് അടുത്തുനില്ക്കുന്ന കാഴ്ചപോലും മറച്ച് പൊതിയുന്ന മൂടല്‍മഞ്ഞും നോക്കെത്താദൂരത്തോളം പടര്‍ന്നുകിടക്കുന്ന സഹ്യസൗന്ദര്യവും സമ്മാനിക്കുന്നത് പശ്ചിമഘട്ട മലനിരകൾ ഒരുക്കിയ ദൃശ്യവിസ്മയമാണ്.
വർഷം മുഴുവൻ മഞ്ഞും മഴയുമായൊരിടം. നിമിഷനേരംകൊണ്ട് മുഖഭാവങ്ങൾ മാറിമറിയുന്ന മലയോരം. തിരുവനന്തപുരം ടൗണിൽനിന്ന് പൊന്മുടിയിലേക്ക് അറുപത് കിലോമീറ്ററോളം ദൂരമുണ്ട്. മീൻമുട്ടിയിലെ ചെക്പോസ്റ്റ് കടന്നുവേണം കാനനയാത്രയിലെ കാൽപനികാനുഭവത്തിലേക്ക് കടക്കാൻ.
ഒരു കടലോരത്തുനിന്ന് ഏറ്റവും കുറഞ്ഞ സമയംകൊണ്ട് മലമുകളിലെത്താവുന്ന ലോകത്തിലെ അപൂർവം ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പൊന്മുടി. സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്.
വ്യൂ പോയന്റിലെ വാച്ച് ടവറിൽ കയറിയാൽ കാണാം താഴെ മഞ്ഞുമറച്ച താഴ്വാരം. ട്രെക്കിങ്ങിനായുള്ള അവസരവും ഇവിടെയുണ്ട്. പൊന്മുടിയിലേക്കുള്ള യാത്രക്കിടയിലെ പ്രധാന കാഴ്ചയാണ് സുവർണ താഴ്വരം (ഗോൾഡൻ വാലി). ഇത് പൊന്മുടിയിലേക്കുള്ള പ്രവേശന കവാടവുമാണ്. കല്ലാറിലെ ഉരുളൻ കല്ലുകളിൽ നിന്നാണ് ഗോൾഡൻ വാലിയുടെ സൗന്ദര്യം തുടങ്ങുന്നത്. പശ്ചിമഘട്ട മലനിരകളിലെ നിബിഡ വന സൗന്ദര്യം ആസ്വദിക്കാവുന്ന വള്ളിപ്പടർപ്പുകൾ ഗോൾഡൻ വാലിക്ക് ചാരുതയേകുന്നു.
രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് പൊന്മുടിയിലേക്ക് പ്രവേശനം. മദ്യം, പ്ലാസ്റ്റിക് എന്നിവ കൊണ്ടുപോകാന്‍ അനുവാദമില്ല.
കല്ലാര്‍, പൊന്മുടി, ചെക്പോസ്റ്റുകളില്‍ കര്‍ശന പരിശോധനയുണ്ട്. ഇതുകൂടാതെ കല്ലാര്‍ മുതല്‍ അപ്പര്‍ സാനിറ്റോറിയം വരെ പൊന്മുടി പൊലീസിന്റെ കര്‍ശന നിരീക്ഷണമുണ്ടാകും. സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കാനായി പൊന്മുടിയില് നിരീക്ഷണ കാമറകളും സദാ മിഴിതുറന്നുനില്ക്കുന്നുമുണ്ട്. സ്വകാര്യ ഹോട്ടലുകളും റിസോര്‍ട്ടുകളും പൊന്മുടിയിലില്ല. പിന്നെ താമസിക്കാൻ കഴിയുന്ന ഏകസ്ഥലം കെ.ടി.ഡി.സി.യുടെ ഗോൾഡൻ പീക്ക് എന്ന ഹിൽ റിസോർട്ട് മാത്രമാണ്. പൊന്മുടി പൊലീസ് സ്റ്റേഷന് സമീപത്തായി ഇവിടുത്തെ ഏക റസ്റ്റോറന്റായ ഓർക്കിഡുമുണ്ട്.
പ്രത്യേക രീതിയിൽ പണികഴിപ്പിച്ച ഗോൾഡൻ പീക്കിൽ മൂന്നുതരത്തിലുള്ള പതിനാലു കോട്ടേജുകളാണുള്ളത്. ഡീലക്സ്, പ്രീമിയം, സ്യൂട്ട്. എട്ട് ഡീലക്സ് കോട്ടേജുകളും, മൂന്നുവീതം പ്രീമിയം, സ്യൂട്ട് കോട്ടേജുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.